തിരുവനന്തപുരം: എം ഡി എം എയുമായി നഴ്സിംഗ് വിദ്യാർത്ഥി പിടിയിൽ. 47 ഗ്രാം എം ഡി എം എയുമായി കൊല്ലം ചന്ദനത്തോപ്പ് സ്വദേശി സൂരത്താണ് അമരവിള ചെക്ക് പോസ്റ്റിൽ പിടിയിലായത്. ടൂറിസ്റ്റ് ബസിൽ ബംഗളൂരുവിൽ നിന്ന് എം ഡി എ എയുമായി വരുന്നതിനിടെയാണ് എക്സൈസ് സംഘം ഇയാളെ പിടികൂടുന്നത്. ബംഗളൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥിയാണ് സൂരത്ത്.
ബസിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെ സംശയം തോന്നി സൂരത്തിന്റെ ബാഗ് പരിശോധിക്കുകയായിരുന്നു. മയക്കുമരുന്ന് കണ്ടെത്തിയതിനെത്തുടർന്ന് സൂരത്തിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് എക്സൈസ് വ്യക്തമാക്കി.
അതേസമയം, ആലപ്പുഴയിലും എം ഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിലായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കമ്പിവളപ്പ് കണ്ടംകുളങ്ങര വീട്ടിൽ മാഹിൻ (20), അമ്പലപ്പുഴ നോർത്ത് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കാക്കാഴം വെളിംപറമ്പ് വീട്ടിൽ ഇർഫാൻ (19) എന്നിവരാണ് പുന്നപ്ര പൊലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. വിൽപ്പനയ്ക്കായി എം ഡി എം എ സൂക്ഷിക്കുകയായിരുന്നു ഇവർ. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


