Mon. Nov 23rd, 2026

കഴക്കൂട്ടം: കണിയാപുരം ഇന്ത്യൻ ഓയിൽ പമ്പിലെ മാനേജരിൽ നിന്നും 2.5 ലക്ഷം രൂപ കവർന്ന കേസിൽ ഇൻസ്റ്റാഗ്രാം റീൽസുകളിലൂടെ പ്രശസ്തനായ ബ്രാഹ്മണ യുവാവും സുഹൃത്തും അറസ്റ്റിൽ കിളിമാനൂർ വെള്ളലൂർ കാട്ടുചന്ത ചാവരുകാവിൽ പുതിയ തടത്തിൽ വീട്ടിൽ ജിത്തു (22), വെള്ളലൂർ കീഴ്പേരൂർ കിട്ടുവയലിൽ വീട്ടിൽ മീശ വിനീത് എന്ന് വിളിക്കു വിനീത് (26) എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

പീഡന കേസിൽ ജയിലിലായിരുന്ന വിനീത് അടുത്തിടെയാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ മാസം 24നായിരുന്നു സംഭവം. കണിയാപുരത്തെ ഇന്ത്യൻ ഓയിൽ കമ്പനിയുടെ ഫ്യുവൽസ് മാനേജർ ഷാ ഉച്ച വരെയുള്ള കളക്ഷനായ രണ്ടര ലക്ഷം രൂപ തൊട്ടടുത്തുള്ള ബാങ്കിൽ അടയ്‌ക്കാൻ പോകവെയാണ് പ്രതികൾ പണം പിടിച്ചുപ്പറിച്ചു സ്കൂട്ടറിൽ കടന്നു കളഞ്ഞത്. പൊലീസ് അന്വേഷണത്തിൽ പ്രതികൾ സ്കൂട്ടർ പോത്തൻകോട് പൂലൻതറയിൽ ഉപേക്ഷിച്ച് ഓട്ടോയിൽ വെഞ്ഞാറമൂട് ഭാഗത്തേക്ക് കടന്നതായി കണ്ടെത്തിയിരുന്നു.


പ്രതികൾ ഉപയോഗിച്ച ഹോണ്ട ഡിയോ സ്കൂട്ടർ നഗരൂരിൽ നിന്നും മോഷ്ടിച്ചതാണെന്ന് പൊലീസ് പറഞ്ഞു. മോഷണശേഷം തൃശൂരിലേക്കാണ് പ്രതികൾ കടന്നത്.പല ലോഡ്ജുകളിലായി താമസിച്ചുവരിയായിരുന്നു. മോഷ്ടിച്ച പണത്തിൽ വിനീത് ബുള്ളറ്റ് വാങ്ങുകയും കടം തീർക്കുകയും ചെയ്‌തു. പത്തോളം മോഷണ കേസുകളിൽ പ്രതിയായ വിനീത് ബ്രാഹ്മണൻ ഇൻസ്റ്റഗ്രാമിൽ വിഡിയോ ചെയ്യാനുള്ള ടിപ്സുകൾ പഠിപ്പിക്കാമെന്നു പറഞ്ഞു പെൺകുട്ടിയെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ച കേസിലും പ്രതിയാണ്. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ മംഗലപുരം എസ്എച്ച്.ഒ സിജു കെ.പിള്ളയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്.