തിരുവനന്തപുരം: യുവാവിന്റെ മുങ്ങിമരണത്തിൽ സുഹൃത്തുക്കൾ പിടിയിൽ. തുറവൂർ കുളത്തിൻകകര വീട്ടിൽ പ്രശാന്ത് കുമാർ (32) കരമനയാറ്റിൽ മുങ്ങിമരിച്ച സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന പ്രവീൺ, ശ്രീജിത്ത് എന്നിവരെയാണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ പെരുകാവ് തൈവിള സ്വദേശികളാണ്.
സംഭവസ്ഥലത്ത് ഉണ്ടായിരുന്നിട്ടും ഇവർ പ്രശാന്ത് മുങ്ങിത്താഴുന്നത് നോക്കി നിൽക്കുകയായിരുന്നു. മറ്റുള്ളവരെ അപകടവിവരം അറിയിക്കാനോ മുങ്ങിത്താഴുന്ന സുഹൃത്തിനെ രക്ഷിക്കാനോ ഇവർ ശ്രമിച്ചില്ല. പ്രശാന്തിന്റേത് മുങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. അന്നേ ദിവസം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. മനഃപൂർവ്വമല്ലാത്ത നരഹത്യയാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
കരമനയാറിന്റെ പെരുകാവ് ശാസ്താംകോവിലിന് സമീപത്തെ കടവിലിരുന്ന് മൂന്ന് പേരും മദ്യപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രശാന്ത് മദ്യലഹരിയിൽ കുളിക്കാനിറങ്ങിയത്. പിന്നാലെ മുങ്ങിത്താഴുകയായിരുന്നു.


