Sun. Nov 22nd, 2026

ആറ്റിങ്ങൽ: ആലംകോട് – തൊപ്പിച്ചന്ത റോഡിൽ ബൈക്ക് യാത്രികനെ കല്ലെറിഞ്ഞു വീഴ്‌ത്തി ആക്രമിക്കാൻ ശ്രമം. തിങ്കളാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ പെരുംകുളം സ്വദേശിയും ആലംകോട് ഫിഷ് മാർക്കറ്റിലെ എ ഐ ടി യു സി തൊഴിലാളിയുമായ ഷൈജുവിനു പരിക്കേറ്റു. ആലംകോട് മത്സ്യ മൊത്ത വ്യാപാര കേന്ദ്രത്തിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം.

പാലാംകോണത്തിനും തൊപ്പിച്ചന്തയ്ക്കും ഇടയിൽ ഇന്ദിര റോഡിനു സമീപമെത്തിയപ്പോൾ രണ്ടുപേർ പാറക്കല്ലിന് എറിഞ്ഞു. ഏറു കൊണ്ട ഷൈജു ബൈക്കിൽ നിന്നു റോഡിൽ വീണു. ഇതിനിടെ വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി ഷൈജുവിന്റെ അടുത്തേക്ക് പാഞ്ഞെത്തിയ അക്രമികൾ പിന്നിൽ നിന്ന് മറ്റു വാഹനങ്ങൾ വന്നതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ഷൈജുവിനെ നാട്ടുകാരും മറ്റു യാത്രക്കാരും ചേർന്നു ചാത്തൻപാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഷൈജു കടയ്ക്കാവൂർ പൊലീസിൽ പരാതി നൽകി. മാർക്കറ്റിലേക്ക് പോകുന്നത് മനസിലാക്കി ആക്രമിച്ചു പണം കൈക്കലാക്കാനുള്ള ശ്രമമെന്നാണ് സംശയം. പ്രദേശത്തെ തെരുവുവിളക്കുകൾ തകർത്ത നിലയിലാണ്. ഉടൻ അക്രമികളെ പിടികൂടണമെന്നും നൈറ്റ്‌ പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.