പൂത്തോട്ട: വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങൾ പൊടിപൊടിക്കുന്നതിനിടെ സമര പോരാളി ആമ ചാടി തേവന്റെ സ്മൃതികുടീരം വീണ്ടും മണ്ണിട്ട് മൂടിയ നിലയിൽ. വേമ്പനാട്ട് കായലിൽ എറണാകുളം പൂത്തോട്ടയ്ക്ക് സമീപമുള്ള ആമ ചാടി തുരുത്തിലെ സ്മൃതികുടീരമാണ് രണ്ടടി പൊക്കത്തിൽ മണ്ണിട്ടു മൂടിയത്. കെ.പി.എം.എസ്. പ്രവർത്തകരും തേവന്റെ ബന്ധുക്കളും കഴിഞ്ഞ ദിവസം സ്ഥലത്ത് എത്തിയപ്പോഴാണ് സ്മൃതികുടീരം മണ്ണിട്ടു മൂടിയതായി കണ്ടെത്തിയത്. തേവന്റെ സ്മൃതികുടീരം കഴിഞ്ഞ മേയിലും മണ്ണിട്ടു മൂടിയിരുന്നു. സംഭവമറിഞ്ഞെത്തിയ ബന്ധുക്കളും കെ.പി.എം.എസ്. പ്രവർത്തകരുമാണ് അന്ന് സ്മൃതികുടീരം വീണ്ടെടുത്തത്. അതാണ് കഴിഞ്ഞ ദിവസം പിന്നെയും മൂടിയത്.
കായലിൽനിന്ന് അനധികൃതമായി മണ്ണെടുത്താണ് പ്രദേശം നികത്തിയതും സ്മൃതിമണ്ഡപം മൂടിയതും എന്നാണ് ആരോപണം. സംഭവത്തിൽ ബന്ധുക്കൾ ഉദയംപേരൂർ പോലീസിൽ പരാതി നൽകി. ഞായറാഴ്ച വൈകീട്ടോടെ സ്മൃതികുടീരം മണ്ണുമാറ്റി വീണ്ടെടുത്തു. കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു. തേവന്റെ മരണത്തെ തുടർന്ന് ഭാര്യയും കുടുംബവും താമസിച്ചിരുന്ന സ്ഥലമാണ് സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയത് എന്നാണ് പരാതി. മുൻപ് ടി കെ മാധവന്റെ ശ്രമഫലമായി തേവന് പതിച്ചു കിട്ടിയ ഒരേക്കര്‍ സ്ഥലത്തിൽ 80 സെന്റ് സ്ഥലം തുരുത്തിലെ ഒരു ജന്മിക്ക് വിറ്റിരുന്നു. ഇതിന്റെ മറവിലാണ് തേവന്റെ ശവകുടീരമടങ്ങുന്ന 20 സെന്റ് ഭൂമിയും ഇയാൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നത് എന്നാണ് ബന്ധുക്കളുടെ ആരോപണം.