നെയ്യാറ്റിൻകര: വടകര ജോസ് വധക്കേസിലെ പ്രതി രഞ്ജിത് ആർ രാജ് (35) ടിപ്പറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ. മണ്ണ് ലോബിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചിലർക്ക് മകനോട് ശത്രുത ഉണ്ടായിരുന്നതായി രഞ്ജിത്തിന്റെ പിതാവ് ധർമരാജ് പറഞ്ഞു. അപകടത്തിന്റെ തലേദിവസം വാക്കേറ്റമുണ്ടാവുകയും മകനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ജോസ് വധക്കേസിലെ രണ്ട് പ്രതികൾ നേരത്തേ കൊല്ലപ്പെട്ടിരുന്നു.
ഇന്നലെ രാവിലെ പത്തരയോടെ പെരുങ്കടവിളയ്ക്ക് സമീപം പുനയറക്കോണത്താണ് അപകടമുണ്ടായത്. കീഴാറൂർ ഭാഗത്ത് നിന്നും പെരുങ്കടവിളയിലേയ്ക്ക് ബൈക്കിൽ വരികയായിരുന്ന രഞ്ജിത്തിനെ എതിർ ദിശയിൽ നിന്ന് വന്ന ടിപ്പർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയോട്ടി ഏതാണ്ട് പൂർണമായും തകരുകയും മുഖം വികൃതമാകുകയും ചെയ്തു. വലതു കാൽ ഒടിഞ്ഞു തൂങ്ങി. ഉടൻ തന്നെ 108 ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപകട സ്ഥലത്തു തന്നെ രഞ്ജിത് മരിച്ചുവെന്നാണു ദൃക്സാക്ഷികൾ പറയുന്നത്.
രഞ്ജിത്തിന്റെ ബൈക്കിൽ ഇടിച്ച ടിപ്പർ തുടർന്നു റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലും വാനിലും ഇടിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗവും വാനിന്റെ ഒരു വശവും ഭാഗികമായി തകർന്നു. അപകടത്തിനു പിന്നാലെ ഡ്രൈവർ രക്ഷപ്പെട്ടെങ്കിലും ടിപ്പറിൽ ഉണ്ടായിരുന്ന മറ്റു രണ്ടു പേരും ചേർന്നാണ് രഞ്ജിത്തിനെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് ഇവരും ഒളിവിൽ പോയി. അപകടം നടന്നതിന്റെ ഏതാണ്ട് 300 മീറ്റർ മാറി രഞ്ജിത്തിന്റെ വരവും കാത്തു ടിപ്പർ പാർക്ക് ചെയ്തിരുന്നതായി നാട്ടുകാർ സംശയം പറയുന്നുണ്ട്. ഇക്കാര്യം ഇവർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
ഇന്നലെ പെരുമ്പഴുതൂർ ഭാഗത്ത്, രഞ്ജിത്തും കൂട്ടരും ചേർന്ന് രണ്ട് ലോറികളിൽ ആക്രമണം നടത്തിയതായും വിവരമുണ്ട്. ചില്ലുകൾ പൊട്ടിക്കുകയും സ്പീക്കറുകൾ കേടുവരുത്തുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്. ഈസ്റ്റർ സന്ദേശം പങ്കുവയ്ക്കാൻ പുറപ്പെട്ട ലോറികളായിരുന്നു അവ. ഇതിന്റെ പേരിൽ എതിർപക്ഷത്തുള്ളവർ ഭീഷണി മുഴക്കിയതായും രഞ്ജിത്തിന്റെ ബന്ധുക്കൾ ആരോപിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വടകര ജോസിനെ 2015ൽ മാരായമുട്ടം ബിവറേജസ് മദ്യവില്പനശാലയ്ക്ക് മുന്നില്‍വച്ച് ആറുപേര്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിലെ രണ്ടാം പ്രതിയാണ് രഞ്ജിത്. ജോസ് കൊലക്കേസിലെ വിചാരണ നെയ്യാറ്റിന്‍കര കോടതിയില്‍ നടക്കുകയാണ്. ഈ കേസില്‍ വിധി വരുന്നതിനു മുന്‍പായി പ്രതിചേര്‍ക്കപ്പെട്ട ആറുപേരില്‍ മൂന്നാമത്തെയാളാണ് മരിക്കുന്നത്.


