താമരശ്ശേരി: ഗുണ്ടാസംഘം വീട്ടിൽ നിന്നും ബലമായി പിടിച്ചുകൊണ്ടുപോയ ദമ്പതികളിൽ പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ മുഹമ്മദ് ഷാഫിയെ ഇനിയും കണ്ടെത്താനായില്ല. ഇയാളെ കൊണ്ടുപോയത് ഒരു വെള്ള കാറിലാണെന്ന് സൂചനകളുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. വയനാട്ടിലേക്കാണ് കാറിൽ കൊണ്ടുപോയത് എന്നാണ് സൂചനകൾ. കാറിന്റെ നിറം വ്യക്തമായെങ്കിലും നമ്പർ ലഭിച്ചിട്ടില്ല. ഷാഫി(38) ശനിയാഴ്ച വരെ വയനാട്ടിലുണ്ടായിരുന്നു പിന്നീട് കരിപ്പൂരിലെത്തി, ശേഷം എവിടെയെന്ന് വിവരമില്ല.
കൊടുവള്ളി സ്വദേശിയായ പ്രവാസിയുമായി ദുബായിൽ നടന്ന ഒരു കോടിയിൽപ്പരം രൂപയുടെ സാമ്പത്തിക ഇടപാടിന്റെ മദ്ധ്യസ്ഥ ചർച്ചയുമായി ബന്ധപ്പെട്ട് ഷാഫിയും ഇടപാടുകാരും തമ്മിൽ തർക്കങ്ങൾ നടന്നിരുന്നു. തുടർന്ന് കൊടുവള്ളി സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘം ഭീഷണിപ്പെടുത്തുകയും, ഒരു മാസം മുൻപ് ചിലർ ഷാഫിയുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ട് പ്രശ്നം ഉണ്ടാക്കുകയും ചെയ്തിരുന്നു.
അതേസമയം, സ്വർണക്കടത്തുമായി ബന്ധപ്പെട്ട പണമിടപാടിന്റെ പേരിലാണ് ഷാഫിയെ തട്ടിക്കൊണ്ട് പോയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സ്വർണക്കടത്ത്, ഹവാല ഇടപാടുമായി ബന്ധമുള്ളവരെ പൊലീസ് ചോദ്യം ചെയ്തു. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഏപ്രിൽ ഏഴിന് രാത്രി ഒൻപത് മണിയോടെയാണ് കാറിലെത്തിയ അജ്ഞാത സംഘം ഷാഫിയെ തട്ടിക്കൊണ്ടുപോയത്.
അന്വേഷണ സംഘത്തിന്റെ പിടിയിലായ രണ്ടുപേരെ വടകര റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ ചോദ്യംചെയ്തപ്പോഴാണ് സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ ഉണ്ടെന്ന് പ്രതികൾ അറിയിച്ചത്. മുൻപ് ഷാഫിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ സംഘത്തിൽ പെട്ടവരെയാണ് ചോദ്യം ചെയ്തത്. ഷാഫിയ്ക്ക് സൗദിയിൽ സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നും ഹവാല പണമിടപാടിൽ പണം നൽകാതെ പറ്റിച്ചെന്നുമാണ് ഇവർ മൊഴി നൽകിയത്. മുൻപ് കൊടുവള്ളിയിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ സംഘങ്ങൾക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നത് അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഐ.ജിയും എസ്.പിയുമടക്കം നേരിട്ട് എത്തിയിട്ടും ഇതുവരെ ഷാഫിയെ കണ്ടുകിട്ടിയിട്ടില്ല.


