Wednesday, November 29, 2023

Latest Posts

“നായിലും നാണം കെട്ടു വാലാട്ടി, ചവിട്ടുന്ന ബ്രാഹ്മണപാദം നക്കുന്നാഹന്ത ദയനീയം!”

 ✍️ ലിബി സി എസ്

വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത സത്യഗ്രഹികളുടെ ത്യാഗത്തെയും ലക്ഷ്യത്തെയും എല്ലാം മാനിക്കുമ്പോഴും വാസ്തവത്തിൽ അത് ഒരു പരാജയപ്പെട്ട സമരവും ദളിത് പിന്നോക്ക ജനത വഞ്ചിക്കപ്പെട്ട സമരവും ആയിരുന്നു എന്ന സത്യം മറച്ചുവെച്ചുകൊണ്ടുള്ള ശതാബ്ദി ആഘോഷ മാമാങ്കങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

1924 മാര്‍ച്ച് 30ന് ആരംഭിച്ച വൈക്കം സത്യാഗ്രഹം 1925 നവംബര്‍ 21ന് പിന്‍വലിച്ചത് പ്രധാനവഴി തുറന്നുകൊടുത്തുകൊണ്ടല്ല. മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഉള്ള വഴിയിൽക്കൂടി ഈഴവനും പുലയനുമൊക്കെ നടക്കാം എന്ന ഉപാധിയിലാണ്. പ്രധാനവഴി തുറന്നുകൊടുത്തത് സൈമൺ കമ്മീഷൻറെ വരവിന് ശേഷമാണെന്ന് എല്ലാവർക്കും അറിയാം. 1927ൽ ​നി​യ​മി​ച്ച സൈമൺ ക​മ്മീ​ഷ​ൻ 1928 ഫെ​ബ്രു​വ​രി മൂ​ന്നി​നാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത് തന്നെ. ചിലർ വഴിനടക്കാൻ വേണ്ടി നടന്ന സമരത്തിനെ ക്ഷേത്രപ്രവേശന സമരമായും വ്യാഖ്യാനിക്കുന്നുണ്ട്. പിന്നെയും 11 വർഷം കഴിഞ്ഞാണ് ക്ഷേത്രപ്രവേശന വിളംബരം ഉണ്ടാകരുന്നത്.

സത്യഗ്രഹസമരത്തിൽ ഗാന്ധിജി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ നടത്തിയ ഇരട്ടത്താപ്പും കുത്തിത്തിരിപ്പുമൊക്കെ കുപ്രസിദ്ധവുമാണല്ലോ?
“നായിലും നാണം കെട്ടു വാലാട്ടി, ചവിട്ടുന്ന
ബ്രാഹ്മണപാദം നക്കുന്നാഹന്ത ദയനീയം!” എന്നാണ് സാക്ഷാൽ ഗാന്ധിജിയെത്തന്നെ സഹോദരൻ വിശേഷിപ്പിച്ചത്.


വൈക്കം സത്യാഗ്രഹമവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയ ഈ വി ആര്‍ നാട്ടില്‍ ചെന്നശേഷം ആദ്യം ചെയ്ത പ്രവൃത്തി കോണ്‍ഗ്രസിന്റെ പ്രാധമികാംഗത്വം രാജിവെക്കുക എന്നതാണ്. അങ്ങനെ 1924 ഫെബ്രുവരി 29 ആം തിയതി ദലിതരെ വഞ്ചിച്ചു കോണ്‍ഗ്രസിന് ആളെക്കൂട്ടാന്‍വേണ്ടി കെ പി കേശവമേനോന്‍ നടത്തിയ ശ്രമം 1925 നവംബര്‍ 25 ആം തിയതി മുതല്‍ തമിഴ്‌നാട്ടിലെ നല്ലൊരു വിഭാഗം ജനങ്ങളെ കോണ്‍ഗ്രസില്‍ നിന്നും അകറ്റാന്‍ മാത്രം ഉപകരിച്ചു. ബ്രാഹ്മണ കോണ്‍ഗ്രസിന് വിരുദ്ധമായി ശക്തമായ ഒരു ദ്രാവിഡ ചിന്താഗതി തമിഴ്‌നാട്ടില്‍ ഉരുത്തിരിയാന്‍ ഇ വി രാമസ്വാമി നായ്ക്കരുടെ രാജി കാരണമായിത്തീര്‍ന്നു.

കോണ്‍ഗ്രസിന്റെ തമിഴ്‌നാട് പ്രവിശ്യാഘടകത്തിന്റെ പ്രസിഡന്റായിരിക്കുമ്പോൾ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെടുകയും സത്യാഗ്രഹത്തിനുശേഷം കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കുകയും ആ നിലപാട് മരണംവരെ തുടരുകയും ചെയ്ത നേതാവാണ് ഈ വി രാമസ്വാമി നായ്ക്കര്‍.

1924‐25 കാലത്തെ വൈക്കം സത്യഗ്രഹത്തിൽ മുന്നണിപ്പോരാളിയായി പങ്കെടുത്ത പെരിയാറെ ചങ്ങലയ്‌ക്കിട്ടാണ്‌ ജയിലിലടച്ചത്‌. അല്ലെങ്കിൽ അരോഗദൃഢഗാത്രനായ അദ്ദേഹം ജയിൽചാടുമെന്ന്‌ അധികാരികൾക്കുറപ്പുണ്ടായിരുന്നു.

സമരത്തിനു പുതുരക്തവും ഊര്‍ജ്വസ്വലതയും നല്‍കുവാന്‍ വേണ്ടിയാണ് തമിഴ്‌നാട്ടില്‍ നിന്നും 1924 ഏപ്രില്‍ 13 ആം തിയതി അദ്ദേഹത്തെ ഇവിടെ വരുത്തിയത്. അന്ന് അദ്ദേഹം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ തമിഴ്‌നാട് പ്രവിശ്യാ പ്രസിഡന്റായിരുന്നു. തമിഴ്‌നാട് അന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പ്രവിശ്യയായിരുന്നു. ഇന്നത്തെ തമിഴ്‌നാടും ആന്ധ്രയും കര്‍ണാടകവും ചേര്‍ന്ന പ്രവിശ്യ – അവിടത്തെ പ്രസിഡന്റ് സ്ഥാനം സി രാജഗോപാലാചാരി യെ ഏല്പിച്ച ശേഷമാണ് അദ്ദേഹം ഇവിടെ എത്തിയത്. (ഈ വി ആര്‍ ഇവിടെ വന്ന് വൈക്കം സത്യാഗ്രഹത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതില്‍ ഗാന്ധി എതിരായിരുന്നു എന്ന് അദ്ദേഹത്തിന്റെ ആത്മകഥയായ ‘ഞാനും നിങ്ങളും’ എന്നഗ്രന്ഥത്തില്‍ കാണാം).


ഇവിടെ വന്നതിനുശേഷം സത്യാഗ്രഹം അവസാനിക്കുന്നതുവരെ അദ്ദേഹം ഇവിടെത്തന്നെ താമസിച്ചു. സത്യാഗ്രഹം അവസാനിച്ച് സത്യാഗ്രഹക്യാമ്പ് പിരിച്ചുവിട്ടതിനുശേഷം നടന്ന സമാപന സമ്മേളനത്തിന്റെ അധ്യക്ഷന്‍ അദ്ദേഹമായിരുന്നു. ഇടക്ക് തന്റെ ഭാര്യ നാഗമ്മയേയും സഹോദരി കണ്ണമ്മാളിനേയും കൂടി അദ്ദേഹം ഇവിടേക്ക് വരുത്തി.

സത്യാഗ്രഹരംഗത്തെ ഏറ്റവും വാശിയുള്ള നേതാവ് അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ നാട്ടുകാര്‍ അദ്ദേഹത്തിനു ‘വൈക്കം വീരന്‍’ എന്ന അപരനാമം കൊടുത്ത് ആദരിച്ചത് ആ അടിസ്ഥാനത്തിലാണ്.

വൈക്കം സത്യാഗ്രഹത്തിന്റെ പരാജയത്തിനുവേണ്ടി വൈക്കത്തെ സവര്‍ണര്‍ പലതും ചെയ്തു. പലരേയും മര്‍ദ്ദിച്ചു. എന്നാല്‍ ശത്രുനിഗ്രഹയാഗം നടത്തി വധിക്കാന്‍ ശ്രമിച്ചത് ഈ വി ആറിനെ മാത്രമാണ്. മന്നത്ത് പത്മനാഭപിള്ളയെയോ കെ കേളപ്പനേയോ കെ പി കേശവമേനോനെയോ ടി കെ മാധവനെയോ പോലും അതിലേക്ക് ലക്ഷ്യമാക്കിയില്ല. വൈക്കം സത്യാഗ്രഹത്തിലെ ഈ വി ആറിന്റെ പങ്കാളിത്തത്തിന്റെ അര്‍ഹമായ തെളിവ് അതുതന്നെയാണ്. സത്യാഗ്രഹനന്തരം ഇ വി ആർ സ്വീകരിച്ച നിലപാട് അതുകൊണ്ടുതന്നെ അതിനേക്കാൾ പ്രാധാന്യമുള്ളതാണ്.

സത്യഗ്രഹാനന്തരമുള്ള യു ടേൺ അടിച്ചുള്ള പുനരുത്ഥാന കേരളത്തിൻറെ നാളിതുവരെയുള്ള ചരിത്രം അത്ര ആത്മാഭിമാനകാരമൊന്നുമല്ല.
അയ്യപ്പൻറെ നൈഷ്‌ടീകം സംരക്ഷിക്കാൻ സുപ്രീംകോടതി വിധിക്കെതിരെ നിലയ്ക്കലിൽ ആചാരസംരക്ഷണ പന്തൽകെട്ടി സത്യഗ്രഹമിരിക്കുകയും, തന്ത്രിക്ക് ജുഡീഷ്യൽ അധികാരം നൽകിക്കൊണ്ട് ആചാരം ലംഘിക്കുന്നവർക്ക് രണ്ടുവർഷം തടവ് ശിക്ഷ വിധിക്കുന്ന ആചാരസംരക്ഷണ ബില്ലുമായി കഴിഞ്ഞ ഇലക്ഷനെ നേരിട്ട കേരളത്തിലെ കോൺഗ്രസുകാർ, കഴിഞ്ഞദിവസം വൈക്കത്ത് പന്തലുകെട്ടി മൈക്കിന് വേണ്ടി ഇടികൂടിയതും നാം കണ്ടു. ഒരുവർഷം നാം ഇനി എന്തൊക്കെ കാണാനിരിക്കു!


സർക്കാർ വക ശതാബ്ദി ആഘോഷങ്ങളിലും ഉദ്‌ഘാടന സമ്മേളനത്തിൻറെ അദ്ധ്യക്ഷസ്ഥാനത്തു നിന്നും ആഘോഷ പരസ്യചിത്രങ്ങളിൽ നിന്നും സ്ഥലം എംഎൽഎ സി.കെ.ആശയെ ഒഴിവാക്കിയത് മന:പ്പൂർവ്വവും പ്രോട്ടോകോൾ ലംഘനവുമാണെന്ന പ്രതിക്ഷേധ കുറിപ്പുകൾ സോഷ്യൽമീഡിയയിൽ ധാരാളം ഉയർന്നിരുന്നു. എന്തുകൊണ്ടും ആശയെ ഉൽപ്പെടുത്തുക എന്നതിന് സവിശേഷ പ്രാധാന്യമുണ്ട്, അവർ ജന്മം കൊണ്ട് ഒരു ദലിത് സ്ത്രീയായതാണ് ആ സവിശേഷത. എന്നാലത് ചൂണ്ടിക്കാണിച്ചവരോടായി “ഇതിൽ ആശയ്ക്ക് പരാതിയും വിഷമവും ഒട്ടും ഇല്ലല്ലോ” എന്ന് നിസരവൽക്കരിച്ച് പറയുകയും, ആശ അവാസ്തവം പ്രചരിപ്പിക്കുന്നു എന്ന് ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിടുകയും പാർട്ടി ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറി കാനം നായരും പരാതിയില്ലെന്ന് പത്രസമ്മേളനം നടത്തി പ്രസ്താവന ഇറക്കുകയും ചെയ്തു. ഈ നിസാരവൽക്കരണത്തിലാണ് ഇടിച്ച് കയറരുതെന്നും അവകാശം ചോദിക്കരുതെന്നുമുള്ള കൃത്യമായ ജാതീയത പ്രവർത്തിക്കുന്നത്.

വാൽ കഷ്‌ണം: വൈക്കം സത്യാഗ്രഹം തുടങ്ങി രണ്ടുമാസം പിന്നിട്ടപ്പോൾ 1924 മെയ് 31-ന് ടികെ മാധവൻറെ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ശ്രീനാരയണഗുരുവിൻറെ ഒരു ഒരു സംഭാഷണം (കെ എം കേശവൻ നാരായണ ഗുരു സംഭാഷണത്തിൽ നിന്ന്) “എവിടെ ഒരാൾ കടക്കാൻ പാടില്ലെന്ന് പറയുന്നുവോ അവിടെ അവൻ കടക്കണം. അതിൽ വരുന്ന സങ്കടങ്ങൾ അനുഭവിക്കണം. അടിച്ചാൽ കൊള്ളണം. അങ്ങോട്ട് അടിക്കരുത്. എന്നാൽ വേലി കെട്ടിയാൽ ഇങ്ങേ പുറത്ത് നിൽക്കരുത്. അതിൻ്റെ മീതെ കൂടെ കയറണം. റോഡിൽ മാത്രം നടന്നാൽ പോര, ക്ഷേത്രത്തിൽ തന്നെ കയറണം. അത് ഒരിടത്ത് പോരാ. എല്ലാ ക്ഷേത്രങ്ങളിലും കയറണം. എന്നും കയറണം. എല്ലാവരും കയറണം. പാൽപായസം വച്ചു വയ്ക്കുമ്പോൾ ചെന്ന് കോരി കുടിക്കണം. സദ്യയിൽ ചെന്ന് പന്തിയിൽ ഇരിക്കണം. വിവരങ്ങൾ എല്ലാം അപ്പഴപ്പോൾ ഗവണ്മെന്റിനെ അറിയിക്കണം, മരിക്കാനും മടിക്കരുത്. മനുഷ്യനെ തൊട്ടാൽ മനുഷ്യൻ അശുദ്ധിയാകുമെന്ന് വിചാരിക്കുന്നവർക്ക് യാതൊന്നും ശുദ്ധമായിരുന്നു പ്രവർത്തിക്കാൻ ഇടം കൊടുക്കരുത്. ഇങ്ങനെയാണ് നമ്മുടെ അഭിപ്രായം. ഇതെല്ലാം പത്രത്തിലും എഴുതണം. അതിനാണ് പറയുന്നത്. നമ്മുക്ക് ഇത് പൂർണ്ണ സമ്മതമാണെന്ന് ജനങ്ങൾ അറിയട്ടെ…”

 

Latest Posts

spot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.