Tue. Nov 24th, 2026

കോട്ടയം: സര്‍ക്കാര്‍ സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ ശതാബ്ദി പരിപാടി വന്‍ വിജയമായിരുന്നുവെന്നും പരിപാടിക്കെതിരെ സി പി ഐക്ക് ഒരു പരാതിയുമില്ലെന്നും ജില്ലാ സെക്രട്ടറി വി ബി ബിനു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇണ്ടം തിരുത്തി മനയെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി എന്‍ വാസവനും വിശദമായി പറഞ്ഞിരുന്നു. സി പി ഐക്ക് പരാതിയുണ്ട് എന്ന നിലയില്‍ വാര്‍ത്തകള്‍ വരുന്നതില്‍ പാര്‍ട്ടിക്ക് പങ്കില്ല.

എന്നാല്‍ ഈ പരിപാടിക്കായി തയ്യാറാക്കിയ പരസ്യത്തില്‍ സ്ഥലം എം എല്‍ എ സി കെ ആശയുടെ പേര് ഉള്‍പ്പെടുത്താതിരുന്നത് ശരിയായില്ല. പി ആര്‍ ഡി ആണു പരസ്യം തയ്യാറാക്കിയത്. തെറ്റു ചൂണ്ടിക്കാണിച്ചാല്‍ തിരുത്തുക എന്നതാണ് എല്‍ ഡി എഫ് നയം. പരിപാടിയെക്കുറിച്ച് ഒരു തര്‍ക്കവും സി പി ഐക്കോ എം എല്‍ എക്കോ ഇല്ല.

പരിപാടിയുടെ വിജയം സര്‍ക്കാറിന്റെയും ഇടതുമുന്നണിയുടേയും പ്രവര്‍ത്തനങ്ങളുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. വീഴ്ചയുണ്ടായത് പി ആര്‍ ഡിയുടെ ഭാഗത്തുനിന്നാണ്. അക്കാര്യത്തില്‍ വീഴ്ച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ശ്രദ്ധിച്ച് പരിഹരിക്കും. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്‌ഘാടന സമ്മേളനത്തില്‍ നിന്നും മനഃപൂര്‍വ്വം തന്നെ അകറ്റി നിര്‍ത്തിയെന്ന പ്രചാരണം അവാസ്തവമാണെന്ന് കാണിച്ച് സികെ ആശ എംഎല്‍എയും ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് ഇട്ടിട്ടുണ്ട്.