കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗത ഗാന വിവാദത്തില്‍ മാതാ പേരാമ്പ്ര കേന്ദ്ര ഡയറക്ടര്‍ കനകദാസിനും കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കുമെതിരെ കേസ്. നടക്കാവ് പോലീസാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 4 ന്റെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍ (ഐപിസി 153) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സംഭവത്തില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ ഡയറക്ടര്‍ അനൂപ് വി ആര്‍ നടക്കാവ് പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയെടുത്തിരുന്നില്ല. തുടര്‍ന്ന് വി ആര്‍ അനൂപ് കോടതിയെ സമീപിക്കുകയായിരുന്നു. സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിലാണ് വിവാദമായ ദൃശ്യവിഷ്‌കാരം അവതരിപ്പിച്ചത്. തീവ്രവാദിയായി മുസ്ലിം വേഷധാരിയെ അവതരിപ്പിച്ചതാണ് വിവാദമായത്. മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലിരിക്കെയായിരുന്നു ദൃശ്യാവിഷ്‌കാരം. ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ച പേരാമ്പ്ര മാതാ കേന്ദ്രത്തിന് കലോത്സവ വേദികളിൽ ഇനി അവസരം നല്‍കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു.


