Fri. Oct 30th, 2026

തിരുവനന്തപുരം: കോവളത്ത് അമ്മക്കൊപ്പം റോഡ് മുറിച്ചുകടക്കവെ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് നാലുവയസുകാരന് ദാരുണാന്ത്യം. ആഴാകുളം പെരുമനം എം എ വിഹാറില്‍ ഷണ്‍മുഖ സുന്ദരത്തിന്റെയും അഞ്ചുവിന്റെയും ഇളയ മകന്‍ യുവാന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.


അമ്മക്കൊപ്പം കടയില്‍ പോയി മടങ്ങിവരുന്നതിനിടയില്‍ മുക്കോല ബൈപാസില്‍ പോറോഡ് പാലത്തിനു സമീപത്തുവെച്ച് റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുകയായിരുന്നു യുവാനും അമ്മയും. ആ സമയം അമിത വേഗത്തിലെത്തിയ ബൈക്ക് കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയി. സംഭവസ്ഥലത്ത് പോലീസെത്തി പരിശോധന നടത്തിയപ്പോള്‍ കുട്ടിയെ ഇടിച്ചുതെറിപ്പിച്ച വാഹനത്തിന്റെ ചില ഭാഗങ്ങള്‍ ലഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അപകടമുണ്ടായ വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്‌.