Fri. Mar 29th, 2024

ന്യൂഡൽഹി: അപകീർത്തിക്കേസിൽ രണ്ട് വർഷം ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് രാജ്‌ഘട്ടിൽ കോൺഗ്രസിന്റെ സത്യഗ്രഹത്തിന് തുടക്കമായി. ഇന്നുവൈകിട്ട് അഞ്ചുമണിവരെയാണ് സത്യഗ്രഹം നടത്തുന്നത്.

സത്യഗ്രഹ പരിപാടിയ്ക്ക് പൊലീസ് ആദ്യം അനുമതി നിഷേധിച്ചിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പിന്നാലെ പൊലീസ് നൽകിയ കത്ത് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ട്വിറ്ററിലൂടെ പുറത്തുവിട്ടതോടെ നിരോധനാജ്ഞ പിൻവലിച്ച് പൊലീസ് അനുമതി നൽകുകയായിരുന്നു.

പൊലീസ് സത്യഗ്രഹത്തിനുള്ള അനുമതി നിഷേധിച്ചത് രാജ്യത്ത് ജനാധിപത്യമില്ലെന്നതിന്റെ തെളിവാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. പരിപാടി നടത്തിക്കൊള്ളാൻ ഇപ്പോൾ പൊലീസ് പറയുന്നു. പ്രതിഷേധത്തെ മോദി ഭരണകൂടം ഭയക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


‘പാർലമെന്റിൽ ഞങ്ങളുടെ ശബ്ദം നിശബ്ദമാക്കിയ ശേഷം ബാപ്പുവിന്റെ സമാധിയിലും സമാധാനപരമായ സത്യഗ്രഹം നടത്താൻ സർക്കാർ ഞങ്ങളെ അനുവദിച്ചില്ല. എല്ലാ പ്രതിപക്ഷ പ്രതിഷേധങ്ങളും അനുവദിക്കാതിരിക്കുക എന്നത് മോദി സർക്കാരിന്റെ ശീലമായി മാറിയിരിക്കുന്നു. സ്വേച്ഛാധിപത്യത്തിനെതിരെ സത്യത്തിനായുള്ള ഞങ്ങളുടെ പോരാട്ടം തുടരും.ഇത് ഞങ്ങളെ പിന്തിരിപ്പിക്കില്ല’- വേണുഗോപാൽ ട്വിറ്ററിൽ കുറിച്ചു.

രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്. രാജ്‌ഘട്ടിലെ സത്യഗ്രത്തിൽ എ ഐ സി സി ജനറൽ സെക്രട്ടറിമാരായ സോണിയ ഗാന്ധി, കെ സി വേണുഗോപാൽ, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തുടങ്ങിയ നേതാക്കളും പങ്കെടുക്കും. ജില്ലാ ആസ്ഥാനങ്ങളിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രാഹുലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പ്രതിഷേധിക്കും. തിങ്കളാഴ്ചയോടെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗസിന്റെ തീരുമാനം.