Fri. Mar 29th, 2024

ന്യൂഡൽഹി: മോദിക്കെതിരായ പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെട്ട സംഭവത്തിന് പിന്നാലെ നടിയും ബി ജെ പി നേതാവുമായ ഖുശ്ബുവിന്റെ പഴയ ട്വീറ്റ് കോൺഗ്രസ് കുത്തിപ്പൊക്കിയതിൽ പ്രതികരിച്ച് നടി. താൻ കോൺഗ്രസിൽ ആയിരുന്നപ്പോൾ പോസ്റ്റ് ചെയ്ത മോദി ട്വീറ്റിന്റെ പേരിൽ ലജ്ജിക്കുന്നില്ലെന്നാണ് താരം വ്യക്തമാക്കിയത്. കോൺഗ്രസ് പ്രവർത്തകർ എത്രമാത്രം നിരാശരാണെന്ന് തന്റെ പഴയ ട്വീറ്റ് ഉയർത്തിക്കാട്ടുന്നതിലൂടെ വ്യക്തമാണെന്നും ഖുശ്‌ബു പ്രതികരിച്ചു.

താൻ കോൺഗ്രസ് നേതാവിനെ പിന്തുടരുകയും ആ പാർട്ടിയുടെ ഭാഷ സംസാരിക്കുകയുമാണ് ചെയ്തത്. കോൺഗ്രസ് വക്താവ് എന്ന നിലയിലുള്ള ഉത്തരവാദിത്തമാണ് ചെയ്തതെന്നും ഖുഷ്‌ബു വാർത്താ ഏജൻസിയായ പി ടി ഐയോട് വ്യക്തമാക്കി.


മോദി എന്നതിന്റെ അർത്ഥം അഴിമതി എന്നാക്കി മാറ്റണമെന്നുള്ള’ ഖുശ്ബുവിന്റെ 2018 ലെ ട്വീറ്റാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ബി ജെ പിയുടെ സൂറത്ത് വെസ്റ്റ് എം എൽ എ പൂർണേഷ് മോദി ഖുശ്ബു സുന്ദറിനെതിരെ കേസ് നൽകുമോ എന്ന് ചോദിച്ചുകൊണ്ട് നിരവധി കോൺഗ്രസ് നേതാക്കൾ ഖുഷ്‌ബുവിന്റെ ട്വീറ്റ് പങ്കുവച്ചിരുന്നു.

2020ലാണ് കോൺഗ്രസ് വിട്ട് ഖുഷ്‌ബു ബി ജെ പിയിൽ ചേർന്നത്. നിലവിൽ ദേശീയ വനിതാ കമ്മിഷൻ അംഗമാണ്. നിഷേധാത്മകത എവിടെയും എത്തിക്കില്ലെന്നായിരുന്നു രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധിയിൽ ഖുശ്‌ബു പ്രതികരിച്ചത്.


2019ൽ ക‌ർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിനെതിരായ പരാതിയിലാണ് ഗുജറാത്ത് സി ജെ എം കോടതി രാഹുൽ ഗാന്ധിക്കെതിരെ രണ്ട് വർഷം തടവ് വിധിച്ചത്. എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് എങ്ങനെയാണ് വരുന്നതെന്നായിരുന്നു രാഹുലിന്റെ ചോദ്യം. ലളിത് മോദി, നീരവ് മോദി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം. രാഹുല്‍ മോദി സമുദാ​യത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിലാണ് കോടതി വിധി വന്നത്. സൂററ്റ് കോടതിയുടെ ശിക്ഷാ വിധി വന്ന് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ രാഹുലിനെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. അതോടെ രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദായി. രാഹുലിന് രണ്ടു വർഷം ശിക്ഷ അടക്കം എട്ടു വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാനും കഴിയില്ല.