ആലുപ്പഴ: ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർത്ഥിനിക്ക് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിച്ചെന്ന കേസിൽ സൈനികനായ പത്തനംതിട്ട തിരുവല്ല നിരണം പ്രതീഷ് ഭവനിൽ പ്രതീഷ് കുമാറിനെ (31) റെയിൽവേ പൊലീസ് അറസ്‌റ്റ് ചെയ്‌തു. രാജധാനി എക്‌സ്‌പ്രസിൽ കഴിഞ്ഞ 16 നാണ് വൈകിട്ടായിരുന്നു സംഭവം.
ഡൽഹിയിൽ നിന്ന് ആലപ്പുഴയിലേക്കുള്ള യാത്രക്കാരനായിരുന്നു പ്രതീഷ്. മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയായ പെൺകുട്ടി തിരുവനന്തപുരം സ്വദേശിയാണ്. ഇവർ ഉഡുപ്പിയിൽ നിന്നാണ് ട്രെയിനിൽ കയറിയത്. ഒരേ കോച്ചിൽ യാത്ര ചെയ്യുന്നതിനിടെ നിർബന്ധിപ്പിച്ച് പ്രതീഷ് മദ്യം കഴിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. അബോധവസ്ഥയിലായപ്പോൾ ലൈംഗികമായി പീഡിപ്പിച്ചു. പ്രതീഷ് ആലപ്പുഴയിൽ ഇറങ്ങി തിരുവല്ലയിലേക്ക് പോയി. തിരുവനന്തപുരത്ത് എത്തിയപ്പോൾ മദ്യത്തിന്റെ ലഹരി മാറിയതോടെയാണ് പെൺകുട്ടി പരാതിയുമായി അവിടത്തെ റെയിൽവേ പൊലീസിനെ സമീപിച്ചത്.
സംഭവം നടന്നത് എറണാകുളത്തിനും ആലപ്പുഴയ്‌ക്കും ഇടയ്‌ക്കായതിനാൽ കേസ് ആലപ്പുഴ റെയിൽവേ പൊലീസിന് കൈമാറി. ബലാത്സംഗ കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌ത് ആലപ്പുഴ സബ്‌ജയിലേക്കയച്ചു. റെയിൽവേ പൊലീസ് എറണാകുളം ഡിവൈ.എസ്.പി മനോജ് കബീർ, എറണാകുളം ഇൻസ്‌പെക്‌ടർ ക്രിസ്പിൻ സാം, ആലപ്പുഴ സ്‌റ്റേഷൻ സബ് ഇൻസ്‌പെക്‌ടർ എച്ച്.എസ്. ഷാനിഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.