Tuesday, October 3, 2023

Latest Posts

സാങ്കൽപിക രാജ്യമായ ‘കൈലാസ’യുമായി മുപ്പതോളം യുഎസ് നഗരങ്ങൾ കരാറിൽ ഒപ്പിട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്

വാഷിങ്ടൻ: പീഡനക്കേസ് പ്രതിയും ഇൻഡ്യയിലെ സ്വയംപ്രഖ്യാപിത ആൾദൈവങ്ങളിൽ ഒരാളുമായ നിത്യാനന്ദയുടെ സാങ്കൽപിക ഹിന്ദുരാജ്യമായ ‘കൈലാസ’യുമായി മുപ്പതോളം യുഎസ് നഗരങ്ങൾ കരാറിൽ ഒപ്പിട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. ഫ്ലോറിഡ മുതൽ റിച്ച്‌മോണ്ട്, വിർജീനിയ, ഒഹിയോ ഉൾപ്പെടെയുള്ള നഗരങ്ങൾ കരാർ ഒപ്പിട്ടവരുടെ കൂട്ടത്തിലുണ്ട്. ദ്വീപ് രാജ്യമാണെന്ന് അവകാശപ്പെട്ട് കബളിപ്പിച്ചാണ് ഈ നഗരങ്ങളിൽനിന്ന് നിത്യാനന്ദ കരാർ വാങ്ങിയതെന്നാണ് റിപ്പോർട്ട്. യുഎസ് മാധ്യമമായ ‘ഫോക്‌സ് ന്യൂസ്’ ആണ് വാര്‍ത്ത പുറത്തുവിട്ടത്.

ന്യൂജഴ്‌സിയിലെ നെവാർക്ക് നഗരം കഴിഞ്ഞ ദിവസം കൈലാസയുമായുള്ള ‘സഹോദരി– നഗര’ കരാർ (sister-city agreement) ഈ മാസമാദ്യം റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സാങ്കൽപിക രാജ്യവുമായി കരാർബന്ധമുള്ള മറ്റു നഗരങ്ങളുടെയും പട്ടിക പുറത്തുവന്നത്. ജനുവരി 12ന് നെവാർക്കിലെ സിറ്റി ഹാളിൽ നടന്ന പ്രത്യേക ചടങ്ങിലാണ് കൈലാസയുമായി നഗര ഭരണകൂടം കരാറിൽ ഒപ്പുവച്ചിരുന്നത്.


കരാറിൽ ഒപ്പുവച്ച ശേഷമാണ് കൈലാസയെക്കുറിച്ചുള്ള ദുരൂഹമായ വിവരങ്ങൾ അറിയുന്നതെന്ന് നെവാർക്ക് വാർത്താ വിനിമയ വിഭാഗത്തിലെ പ്രസ് സെക്രട്ടറി സൂസൻ ഗരോഫാലോ പ്രതികരിച്ചു. ഉടൻ തന്നെ നടപടി സ്വീകരിക്കുകയും കരാർ റദ്ദാക്കുകയും ചെയ്തിട്ടുണ്ടെന്ന് അവർ പറഞ്ഞു. വഞ്ചനയുടെ അടിസ്ഥാനത്തിലുള്ള ആ കരാർ അസാധുവാണ്. എന്നാൽ വിവിധ സാംസ്‌കാരിക പരിസരങ്ങളിലുള്ളവരുമായി പരസ്പര സഹകരണം തുടരുമെന്നും ഗരോഫാലോ കൂട്ടിച്ചേർത്തു.

ഇക്വഡോറിനടുത്തുള്ള ദ്വീപുകളിലൊന്നിൽ സാങ്കൽപ്പിക രാജ്യമായ കൈലാസ സ്ഥാപിച്ചെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. ജനീവയിൽ നടന്ന സാമ്പത്തിക, സാമൂഹിക, സാംസ്കാരിക വിഷയങ്ങൾക്കുള്ള യുഎൻ സമിതി യോഗത്തിലെ ചർച്ചയിൽ നിത്യാനന്ദയുടെ അനുയായി വിജയപ്രിയ പങ്കെടുത്തതിന്റെ ചിത്രങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു.

ഹിന്ദുമതത്തിന്റെ ആദ്യ പരമാധികാര രാഷ്ട്രമാണ് ‘ കൈലാസ ” എന്നാണ് മാ വിജയപ്രിയ യോഗത്തിൽ അവകാശപ്പെട്ടത്. രാഷ്ട്രത്തിന്റെ സ്ഥാപകനായ നിത്യാനന്ദ ഹിന്ദുമതത്തിലെ ആത്മീയ ആചര്യനാണെന്നും പരമോന്നത നേതാവുമാണെന്നും അദ്ദേഹത്തെ ഇന്ത്യ വേട്ടയാടുന്നെന്നും അദ്ദേഹത്തിന് സംരക്ഷണം നൽകണമെന്നും വിജയപ്രിയ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 150 ഓളം രാജ്യങ്ങളിൽ കൈലാസയുടെ എംബസികളും എൻ.ജി.ഒകളും ഉണ്ടെന്നാണ് വിജയപ്രിയയുടെ അവകാശവാദം. കൈലാസയുടെ സ്ഥിരം യു.എൻ അംബാസഡറായാണ് വിജയപ്രിയ സ്വയം വിശേഷിപ്പിച്ചത്.


അതേസമയം കൈലാസയുടെ പ്രതിനിധിയായി പങ്കെടുത്ത മാ വിജയപ്രിയ നിത്യാനന്ദ യോഗത്തിൽ നടത്തിയ പരാമർശങ്ങൾ അപ്രസക്തമാണെന്നും ഇവ ഔദ്യോഗിക രേഖയിൽ നിന്ന് നീക്കിയെന്നും യു.എൻ മനുഷ്യാവകാശ കമ്മിഷണർ അറിയിച്ചു. രജിസ്​റ്റർ ചെയ്യുന്ന ആർക്കും യോഗത്തിൽ പങ്കെടുക്കാമായിരുന്നു. തങ്ങളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടതായി അംഗരാജ്യങ്ങൾക്കോ ഏതെങ്കിലും സംഘടനകൾക്കോ അല്ലെങ്കിൽ വ്യക്തികൾക്കോ തോന്നിയാൽ അവർക്ക് തങ്ങളെ സമീപിക്കാമെന്നാണ് സി.ഇ.എസ്.സി.ആറിലെ ചട്ടം. ഇവരുടെ പ്രസ്താവനകളോട് യോഗത്തിൽ പങ്കെടുത്ത ആരും പ്രതികരിച്ചില്ലെന്നാണ് വിവരം.

2010ൽ പീഡനക്കേസിൽ കർണ്ണാടകയിൽ അറസ്റ്റിലായ നിത്യാനന്ദ ജാമ്യത്തിലിറങ്ങിയിരുന്നു. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് അനുയായികൾ ഗുജറാത്ത് പൊലീസിന്റെ പിടിയിലായതിനെ തുടർന്ന് 2018ൽ ഇന്ത്യവിട്ട നിത്യാനന്ദ കൈലാസ എന്ന പേരിൽ സ്വന്തമായി രാജ്യം സ്ഥാപിച്ചതിന് പിന്നാലെ വാർത്തകളിൽ ഇടംനേടിയിരുന്നു. ഇക്വഡോർ തീരത്താണ് കൈലാസയെന്ന ദ്വീപുള്ളതെന്ന് പറയപ്പെടുന്നു.കൈലാസയെ ലോകത്ത് ഒരു രാജ്യവും ഇതേവരെ അംഗീകരിച്ചിട്ടില്ല. നിത്യാനന്ദയുടെ പേരിൽ ഇന്റർപോളിന്റെ തെരച്ചിൽ നോട്ടീസുണ്ട്.





 

Latest Posts

spot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.