Mon. Nov 23rd, 2026

ഇടുക്കി: തൊടുപുഴയിൽ ബ്യൂട്ടി പാർലറിന്റെ മറവിൽ അനാശാസ്യം. മലയാളി യുവതികൾ ഉൾപ്പെടെ 5 പേർ പിടിയിൽ. തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള ലാവ ബ്യൂട്ടി പാർലറിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. ലാവ ബ്യൂട്ടി പാർലറെന്ന പേരിൽ മസാജ് സെന്‍ററും അതുവഴി അനാശാസ്യ പ്രവർത്തനങ്ങളുമായിരുന്നു ഇവിടെ നടന്ന് വന്നിരുന്നത്. ബ്യൂട്ടി പാര്‍ലറിനുള്ള ലൈസന്‍സ് മാത്രമുള്ള സ്ഥാപനം മസാജിംഗ് സെന്‍ററായാണ് പ്രവര്‍ത്തിച്ചിരുന്നത്.


ഇവിടേക്ക് ധാരാളം ഇടപാടുകാർ സ്ഥിരമായി എത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ഡി വൈ എസ്‌പി മധു ബാബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പൊലീസ് എത്തുമ്പോള്‍ ഇടപാടിനെത്തിയ മുട്ടം സ്വദേശികളായ രണ്ട് യുവാക്കളും, വയനാട്, തിരുവനന്തപുരം സ്വദേശിനികളായ യുവതികളുമാണ് പാര്‍ലറിലുണ്ടായിരുന്നത്. ഇവര്‍ പൊലീസിന്‍റെ പിടിയിലായി. സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

വയനാട് സ്വദേശി ലീന, തിരുവനന്തപുരം സ്വദേശി വിനോഫ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നടത്തിപ്പുകാരൻ കോട്ടയം കാണക്കാരി തേക്കിലക്കാട്ടിൽ സന്തോഷിന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.