Tue. Nov 24th, 2026

തിരുവനന്തപുരം: കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തത്തില്‍ സര്‍ക്കാറിനും കോര്‍പ്പറേഷനുമെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാറും കോര്‍പ്പറേഷനും പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിന് കൂട്ടുനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. തീപ്പിടുത്തത്തില്‍ ഗൗരവതരമായ അന്വേഷണം നടക്കണം. ബന്ധപ്പെട്ട ആളുകളെ ചോദ്യം ചെയ്യണം. കോടികളുടെ അഴിമതിയാണ് ബ്രഹ്മപുരത്ത് നടന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു.


മാലിന്യസംസ്‌കരണത്തിനുള്ള കരാര്‍ എടുത്തവര്‍ സിപിഎം ബന്ധമുള്ളവരാണ്. മാലിന്യം നീക്കം ചെയ്യാനുള്ള പണം വാങ്ങിയിട്ട് അത് ചെയ്തിട്ടില്ല. ജൈവമാലിന്യങ്ങള്‍ കുഴിച്ചുമൂടുകയോ ജൈവ- അജൈവ മാലിന്യങ്ങള്‍ കൃത്യമായി തരംതിരിക്കുകയോ ചെയ്തിട്ടില്ല. മാലിന്യത്തിന് മനഃപ്പൂര്‍വ്വമായി തീകൊടുത്തിയിരിക്കുകയാണ്. ഇപ്പോള്‍ കരാര്‍ പുതുക്കേണ്ട സമയമാണ്. അവിടെ ഏറ്റവും എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന കാര്യം, തീകൊടുക്കുക എന്നതാണെന്നും വി ഡി സതീശന്‍ പറഞ്ഞു.കത്തിച്ചുകളഞ്ഞത് കോണ്‍ട്രാക്ടര്‍മാരാണ്. അതിനെ സഹായിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ സംസാരിക്കുന്നത്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഗൗരവതരമായ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.