ചെന്നൈ: ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് ആചാരങ്ങളുടെ ഭാഗമായി തീക്കനലിലൂടെ നടക്കവേ ഭക്തന് കാൽ വഴുതി തീക്കനലിന്റെ മുകളിലേക്ക് വീണ് ഗുരുതരമായി പൊള്ളലേറ്റു. തമിഴ്നാട്ടിലെ സംഗഗിരിയിലാണ് സംഭവം. ഇവിടെ അരശിരമണി കുളമ്പട്ടിയിലെ അമ്മൻ ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്. ഫെബ്രുവരി പതിനേഴിനുണ്ടായ അമ്മവിളയാട്ടത്തിൻറെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആകുകയാണ്.
ഉത്സവത്തിനോട് അനുബന്ധിച്ച് ക്ഷേത്രത്തിന് ചുറ്റുമുള്ള നിരവധി ഗ്രാമങ്ങളിൽ നിന്നും ഇവിടെ ഭക്തർ എത്താറുണ്ട്. ഇവർ ദേവീപ്രീതിക്കായി ഇത്തരത്തിൽ പലവിധത്തിലുള്ള മനോഹരമായ വഴിപാടുകൾ നടത്തും. ഇതിൽ പ്രധാനമാണ് നഗ്നപാദനായി തീക്കനലീലൂടെയുള്ള നടത്തം. ഇത്തരത്തിൽ പൂജാരിക്ക് പിന്നിലായി വരി വരിയായിട്ടാണ് ഭക്തർ നടക്കുന്നത്. ഇങ്ങനെ നടക്കുന്നതിനിടെ മറിഞ്ഞു വീണ ഭക്തനെ ചുറ്റുമുള്ളവരാണ് തീക്കനലിൽ നിന്നും പുറത്തെടുത്തത്. പിന്നാലെ ഇയാളുടെ ശരീരത്തിലേക്ക് ധാരാളം വെള്ളമൊഴിക്കുന്നതും വീഡിയോയിൽ കാണാം. ഗുരുതരമായി പരിക്കേറ്റ ഭക്തനെ തുടർന്ന് എടപ്പാടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


