Tue. Nov 24th, 2026

കൊച്ചി: നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ അനുമതി തേടി സർക്കാർ നൽകിയ അപേക്ഷ പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ഏപ്രിൽ 25നു പരിഗണിക്കും. ഇതേയാവശ്യം ഉന്നയിച്ചു സർക്കാർ നേരത്തെ നൽകിയ അപേക്ഷ കോടതി തള്ളിയിരുന്നു.

ഇതിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അപേക്ഷ വീണ്ടും പരിഗണിക്കാൻ പെരുമ്പാവൂർ കോടതിക്ക് സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകിയിരുന്നു. അപേക്ഷയിൽ ആറു മാസത്തിനകം തീർപ്പുണ്ടാക്കാനാണ് ഹൈക്കോടതി നിർദ്ദേശം.


എറണാകുളം തേവരയിലെ മോഹൻലാലിന്റെ വസതിയിൽ 2011 ഡിസംബർ 21 ന് ഇൻകംടാക്സ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെത്തിയത്. ചെരിഞ്ഞ നാട്ടാനകളുടെ കൊമ്പുകളാണിതെന്നാണ് കേസവസാനിപ്പിക്കാന്‍ കാരണമായി സര്‍ക്കാരും മോഹന്‍ലാലും കോടതിയില്‍ വാദിച്ചത്. 

വ്യവസ്ഥാപിത നിയമ തത്വങ്ങൾ അനുസരിച്ച് കേസ് പിൻവലിക്കാൻ സാധ്യമായ സാഹചര്യം ഈ കേസിലുണ്ടോ എന്നു വിലയിരുത്തണമെന്നു പറഞ്ഞാണ് അപേക്ഷ വീണ്ടും പരിഗണിക്കാൻ നിർദേശിച്ചിട്ടുള്ളത്.അതേസമയം, മോഹൻലാലിനു സർട്ടിഫിക്കറ്റ് നൽകിയതു ചോദ്യംചെയ്തുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുണ്ട്.