Sun. Nov 22nd, 2026

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ച എം കെ രാഘവന്‍ എം പിയോട് കെ പി സി സി വിശദീകരണം തേടും. കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍കുമാറിനോട് വിവാദ പ്രസംഗം സംബന്ധിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. വിമര്‍ശനവും വിയോജിപ്പും ഇല്ലാതെ പാര്‍ട്ടി വെറും പുകഴ്ത്തലിന്റെ വേദിയായി മാറിയെന്നും സ്ഥാനവും മാനവും വേണമെങ്കില്‍ പാര്‍ട്ടിയില്‍ മിണ്ടാതിരിക്കണം. പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്നും രാജാവ് നഗ്‌നനാണെന്ന് പറയാന്‍ ആരുമില്ലെന്നും എം കെ രാഘവന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.


പ്രസംഗം വാര്‍ത്തയായതോടെ രാത്രി തന്നെ കെ സുധാകരന്‍ ഡി സി സിപ്രസിഡന്റിനെ വിളിച്ചു വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. ശശി തരൂര്‍ എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷന്‍ കൊടുത്തത് മുതല്‍ അദ്ദേഹത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചയാളാണ് എം കെ രാഘവന്‍. പാര്‍ട്ടി സംവിധാനം കൈപ്പിടിയില്‍ ഒതുക്കിയ കെ സുധാകരന്‍-വിഡി സതീശന്‍ നീക്കത്തോട് കടുത്ത വിയോജിപ്പുമായാണ് എം കെ രാഘവന്‍ മുന്നോട്ടു പോകുന്നത്. ലോകസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ കോഴിക്കോട്ടെ സിറ്റിങ്ങ് എം പിയായ എം കെ രാഘവന്റെ നീക്കത്തിനു പിന്നില്‍ എന്താണെന്ന ചോദ്യവും ഉയരുന്നു.