Fri. Mar 29th, 2024

✍️  സുരേഷ്. സി ആർ

പിള്ളവാതം അഥവാ പോളിയോ മൈലൈറ്റിസ് എന്ന മഹാവിപത്തിൽനിന്ന് മനുഷ്യ ശിശുക്കളെ രക്ഷിച്ച പോളീഷ് ശാസ്ത്രജ്ഞനാണ് ആൽബർട്ട് സാബിൻ(1906 -1993). രണ്ടാം ലോകയുദ്ധസമയത്ത് അമേരിക്കൻ പട്ടാളത്തിൽ ചേർന്ന സാബിൻ ഡെങ്കിപ്പനിക്കും ജപ്പാൻ ജ്വരത്തിനും എതിരായ വാക്സിനുകൾ വികസിപ്പിച്ചെടുത്തു.

1952 ൽ ജൊനാസ് സാൾക്ക് (1914-1995) കുത്തിവയ്ക്കുന്ന പോളിയോ വാക്സിൻ കണ്ടുപിടിച്ചെങ്കിലും രോഗം വീണ്ടും വരാനുള്ള കുറഞ്ഞ സാധ്യത നിലനിന്നിരുന്നു. ഇതാണ് കൂടുതൽ ഫലപ്രദമായ കുടിക്കുന്ന വാക്സിനിലേക്ക് അദ്ദേഹം ശ്രദ്ധതിരിച്ചത്.


1952-മുതൽ ഗവേഷണം തുടങ്ങിയ അദ്ദേഹം 1955-ലാണ് ഓറൽ പോളിയോ വാക്സിൻ വികസിപ്പിച്ചെടുത്തത്. 1956-ലാണ് ഈ വാക്സിൻ കണ്ടുപിടിച്ചതായി ഔദ്യോഗിക പ്രഖ്യാപനമുണ്ടായെങ്കിലും 1955-ൽ തന്നെ സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്പിലെ കമ്യൂണിസ്റ്റ് രാജ്യങ്ങളും ഈ തുള്ളിമരുന്ന് ഉപയോഗിച്ച് തുടങ്ങിയിരുന്നു.

വിജയകരമായ ആദ്യത്തെ പോളിയോ വാക്സിൻ നിർമ്മിച്ച ജോനാസ് സാൾക്കിനെ ‘സ്വന്തം ആശയങ്ങളൊന്നുമില്ലാത്ത അടുക്കള രസതന്ത്രജ്ഞൻ’ എന്നു വിളിച്ച് കുപ്രസിദ്ധി നേടിയ ആൽബർട്ട് സാബിന്, സാൾക്കിന് ലഭിച്ച നായകപരിവേഷം ലഭിച്ചിരുന്നില്ല. എന്നാൽ, ഇന്ന് പോളിയോ തുള്ളിമരുന്നായി ലോകം മുഴുവൻ ഉപയോഗിക്കുന്നത് ആൽബർട്ട് സാബിന്റെ കണ്ടുപിടുത്തമാണ്.