തിരുവനന്തപുരം: വീട്ടമ്മയെ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ എത്തിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണവും സ്വർണം തട്ടിയെടുക്കുകയും ചെയ്ത പ്രതി പിടിയിൽ. ടെക്നോപാർക്കിലെ ഡ്രൈവറായ അൻസറിനെയാണ് വട്ടപ്പാറ പൊലീസ് പിടികൂടിയത്. 45 കാരിയെ ഭീഷണിപ്പെടുത്തി ഇവരിൽ നിന്ന് പ്രതി 12 ലക്ഷം രൂപയും 19 പവൻ സ്വർണവും കാറും തട്ടിയെടുത്തെന്നാണ് പരാതി.
തിരുവനന്തപുരം നഗരത്തിൽ സ്വകാര്യസ്ഥാപനം നടത്തുകയാണ് 45കാരി. മൂന്നുവർഷം മുമ്പാണ് തേക്കട കന്യാകുളങ്ങരയിൽ വാടകയ്ക്ക് താമസിക്കുന്ന അൻസർ വീട്ടമ്മയെ പരിചയപ്പെടുന്നത്. സോഷ്യൽ മീഡിയ വഴിയായിരുന്നു സൗഹൃദം സ്ഥാപിച്ചത്. പിന്നീട് പതിയെ ഇവരുമായി കൂടുതൽ അടുക്കുകയായിരുന്നു. ഇവരുടെ സ്ഥാപനത്തിൽ എത്തി സൗഹൃദം കൂടുതൽ ഉറപ്പാക്കിയ ശേഷമായിരുന്നു പ്രതി പീഡനവും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്തത്. നഗരത്തിലെ വിവിധ ഹോട്ടലുകളിൽ എത്തിച്ച് അൻസർ പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു.
ഇവരുടെ നഗ്നഫോട്ടോ പ്രചരിപ്പിക്കുമെന്നും ഭർത്താവിനെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു പണവും സ്വർണവും കാറും തട്ടിയെടുത്തത്. നഗ്നഫോട്ടോ വച്ച് ഭീഷണിപ്പെടുത്തി 12 ലക്ഷം രൂപയും 19 പവൻ സ്വർണാഭരണങ്ങളും ഇവരുടെ പേരിൽ വായ്പയെടുത്ത 12 ലക്ഷം രൂപയുടെ കാറും പ്രതി തട്ടിയെടുത്തു. ലോൺ അടയ്ക്കാതെ മുങ്ങിയ അൻസറിനെ കന്യാകുളങ്ങരയിൽ നിന്നാണ് വട്ടപ്പാറ പൊലീസ് പിടികൂടിയത്.


