Wed. Nov 25th, 2026

തിരുവനന്തപുരം: ആർഎംപി അഖിലേന്ത്യാ സമ്മേളനത്തിൽ അലൻ ഷുഹൈബിനും താഹയ്ക്കും ഒപ്പം പങ്കെടുത്ത് കെ കെ രമ എംഎൽഎ. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരങ്കാവ് യുഎപിഎ കേസിൽ ജയിലിൽ കഴിഞ്ഞിരുന്നവരാണ് അലനും താഹയും. ഇരുവരും പിൻതുടർന്ന രാഷ്ട്രീയ ദർശനങ്ങളുടെ പേരിൽ ഒറ്റപ്പെട്ടവരാണെന്ന് കെ കെ രമ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അലനും താഹയോടുമൊപ്പം സമ്മേളനവേദിയിൽ നിന്നുള്ള ചിത്രവും എംഎൽഎ പങ്കുവെച്ചിട്ടുണ്ട്.


അലനും താഹയും സമ്മേളന വേദിയിലെത്തിയത് മറക്കാനാകാത്ത അനുഭവമെന്നാണ് കെ കെ രമ വിശേഷിപ്പിക്കുന്നത്. വിശ്വസിച്ച പ്രസ്ഥാനവും പഠിച്ച ദർശനങ്ങളും പകർന്നുതന്ന വെളിച്ചത്തിൽ ഇടപെടാൻ ശ്രമിച്ചതിന്റെ പേരിൽ ഒറ്റപ്പെട്ടവരാണ് ഇരുവരും എന്ന് അവർ പറഞ്ഞു. ഒറ്റുകൊടുക്കപ്പെട്ടവരുടെ വേദനയെന്തെന്ന് നന്നായറിയാമെന്നും അലനും താഹയ്ക്കും അഭിവാദ്യം അർപ്പിക്കുന്ന പോസ്റ്റിൽ കെ കെ രമ പറയുന്നു.