കണ്ണൂർ: കുപ്രസിദ്ധ ഗുണ്ടയും ക്വട്ടേഷൻ, സ്വർണക്കടത്ത് നേതാവുമായ ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിൽ അടക്കം പ്രതിയായ ആകാശിനെ മുഴക്കുന്ന് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരായുള്ള ക്രിമിനൽക്കേസുകൾ പരിശോധിച്ചതിന് ശേഷമായിരുന്നു നടപടി. ഷുഹൈബ് വധക്കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാൽ ആകാശിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നേരത്തെ കോടതിയെ സമീപിച്ചിരുന്നു.
കണ്ണൂരിലെ സിപിഎം നേതാക്കളുടെ നിർദേശപ്രകാരം താനാണ് ഷുഹൈബിനെ വധിച്ചത് എന്ന ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്കിലൂടെയുള്ള വെളിപ്പെടുത്തലിന് പിന്നാലെ ജില്ലയിലെ പാർട്ടി നേതൃത്വം പ്രതിരോധത്തിലായിരുന്നു. വിവാദത്തിന് മൂർച്ച കൂട്ടുന്ന തരത്തിൽ ഇതിന് പിന്നാലെ ആകാശിന്റെയും കൂട്ടാളികളുടെയും നിരവധി കുറിപ്പുകൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ആരോപണങ്ങൾക്ക് മറുപടിയായി പി ജയരാജൻ അനുകൂലിയായ ആകാശിനെതിരെ പി ജയരാജനെ തന്നെ സിപിഎം നേതൃത്വം രംഗത്തിറക്കിയിരുന്നു. തില്ലങ്കേരി ടൗണിൽ വെച്ചുനടന്ന പി ജയരാജൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്ത രാഷ്ട്രീയ വിശദീകരണ യോഗം ആകാശ് ക്വട്ടേഷൻ നേതാവാണെന്ന് ആവർത്തിച്ച്, തള്ളിപ്പറഞ്ഞിരുന്നു.


