കാസർകോട്: കുടിവെള്ള പ്രശ്നത്തിൽ പരാതിയുമായെത്തിയ വിദ്യാർത്ഥികളെ പൂട്ടിയിട്ട സംഭവത്തിൽ ചുമതലയിൽ നിന്ന് നീക്കപ്പെട്ടതിന് പിന്നാലെ കാസർകോട് സർക്കാർ കോളേജിലെ മുൻ പ്രിൻസിപ്പൽ നടത്തിയ പരാമർശങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങി വിദ്യാർത്ഥികൾ. ക്യാമ്പസിനുള്ളിൽ മയക്കുമരുന്ന് വിൽപ്പന സജീവമാണെന്നും എസ് എഫ് ഐക്കാരുടെ നേൃതത്വത്തിൽ ക്യാംപസിൽ അനാശാസ്യം നടക്കുന്നുവെന്നും ഇത് ചോദ്യം ചെയ്തതാണ് തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് കാരണമെന്നും രമ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് വിദ്യാർത്ഥികൾ നിയമനടപടിയ്ക്ക് ഒരുങ്ങുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. ക്യാംപസിലെ വാട്ടർ പ്യൂരിഫയറിലെ വെള്ളത്തിൽ അഴുക്ക് കണ്ടതിനെത്തുടർന്ന് പരാതിപ്പെടാൻ എത്തിയ വിദ്യാർത്ഥികൾ തനിക്കുമുന്നിൽ ഇരിക്കാൻ പാടില്ലെന്ന നിലപാടെടുത്ത പ്രിൻസിപ്പൽ ഈ വെള്ളം തന്നെ കുടിച്ചാൽ മതി, തനിക്കിപ്പോൾ സമയമില്ലെന്ന് പ്രതികരിച്ചുവെന്നാണ് പരാതി ഉയർന്നത്. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാതെ പിരിഞ്ഞുപോകില്ലെന്ന് വിദ്യാർത്ഥികൾ നിലപാടെടുത്തതോടെ പ്രിൻസിപ്പൽ എം രമ പുറത്തിറങ്ങി ചേംബറിനുള്ളിൽ പതിനഞ്ചോളം വിദ്യാർത്ഥികളെ പൂട്ടിയിടുകയായിരുന്നു. സഭ്യമല്ലാത്ത വാക്കുകളാണ് എം രമ ഉപയോഗിച്ചതെന്നും പരാതി ഉയർന്നിരുന്നു. വിദ്യാർത്ഥികളെകൊണ്ട് കാലുപിടിപ്പിച്ച വിവാദത്തിൽ ഇടംനേടിയയാളാണ് എം രമ.
എസ് എഫ് ഐ ഉപരോധത്തെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച രമയെ പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥാനത്തുനിന്നും സർക്കാർ നീക്കിയിരുന്നു. പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് നീക്കം ചെയ്തത് തന്റെ ഭാഗം കേൾക്കാതെയാണെന്ന് രമ ആരോപിച്ചിരുന്നു. വിദ്യാർത്ഥികൾക്കെതിരായ കേസിൽ ഉറച്ചുനിൽക്കുന്നുവെന്നും എം രമ വ്യക്തമാക്കി. രമയുടെ പരാതിയിൽ 60 വിദ്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.


