കൊച്ചി: സംസ്ഥാന യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു സുനിൽ പന്തളത്തിന് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് വിഷ്ണു സുനിൽ. ചിന്ത ജെറോം, റിസോർട്ടുടമ എന്നിവരിൽ നിന്നടക്കം ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് വിഷ്ണു നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
തിങ്കളാഴ്ച ഉച്ച വരെ പൊലീസ് സംരക്ഷണം ഉറപ്പാക്കാനാണ് കൊട്ടിയം എസ്.എച്ച്.ഒയ്ക്ക് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. വിഷ്ണുവിന്റെ ഹർജിയിൽ സർക്കാരിനോട് കോടതി നിലപാട് തേടി. ചിന്ത ജെറോം അനധികൃതമായി തങ്കശേരിയിൽ പ്രവർത്തിക്കുന്ന റിസോർട്ടിൽ താമസിച്ചെന്ന് ആരോപിച്ച് വിഷ്ണു ഇ,ഡിക്കും വിജിലൻസിനും പരാതി നൽകിയിരുന്നു. ഇതിന്റെ പേരിൽ തനിക്കെതിരെ വധഭീഷണിയുണ്ടായതായി വിഷ്ണു നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു, റിസോർട്ട് ഉടമയുടെ നമ്പരിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ വന്നതായാണ് വിഷ്ണു പരാതിയിൽ പറയുന്നത്.


