ആലുവ: അവിശ്വാസികൾക്കെതിരായ വിദ്വേഷ പരാമർശത്തിൽ നടൻ സുരേഷ് ഗോപിക്കെതിരെ പരാതി. ജനവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പടർത്തിയതിന് കേസെടുക്കണമെന്നാണ് ആലുവ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. അവിശ്വാസികൾക്കെതിരായ കലാപത്തിനാണ് സുരേഷ് ഗോപി ആഹ്വാനം ചെയ്തതെന്നും പരാതിയിൽ പറയുന്നു. അവിശ്വാസികളായ ഡോ. നരേന്ദ്ര ദബോൽക്കർ, ഗോവിന്ദ് പൻസാരെ, കൽബുർഗി, ഗൗരി ലങ്കേഷ് എന്നിവരെ ഹിന്ദുത്വ വാദികൾതന്നെ കൊന്നുകളഞ്ഞ ഒരു സമീപകാല ചരിത്രം നിലനിൽക്കെയാണ് കേരളത്തിലും അവിശ്വാസികളുടെ സർവ്വനാശത്തിനായുള്ള സുരേഷ് ഗോപിയുടെ ആഹ്വാനം.
ആലപ്പുഴ സ്വദേശി സുഭാഷ് എം തീക്കാടനാണ് പൊലീസിൽ പരാതി നൽകിയത്. ആലുവ ശിവരാത്രിയുമായി ബന്ധപ്പെട്ട ചടങ്ങിൽ ആയിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമർശം. ‘വിശ്വാസികളുടെ അവകാശങ്ങളിലേക്ക് ധ്വംസനരൂപേണ കടന്നുവരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അവരുടെ സർവനാശത്തിന് വേണ്ടിക്കൂടി ശ്രീകോവിലിന് മുന്നിൽ നിന്ന് പ്രാർത്ഥിക്കും’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളിലും പൊതുസമൂഹത്തിലും വലിയ വിമർശനമുണ്ടായിരുന്നു.
എന്നാൽ തന്റെ പരാമർശത്തെ തെറ്റായി വ്യാഖ്യാനിച്ചു എന്നും താൻ ശബരിമലയിൽ പോയവരെയും സ്ത്രീപ്രവേശന വിധിയെ അനുകൂലിച്ച രാഷ്ട്രീയ പാർട്ടിയെയുമാണ് ഉദ്ദേശിച്ചതെന്ന് സുരേഷ് ഗോപി പിന്നീട് വിശദീകരണവുമായി വന്നിരുന്നു. ശൂദ്ര ആർത്തവ കലാപത്തിൻറെ ഹാങ് ഓവറിൽനിന്നും ഇതുവരെ പുറത്തുകടക്കാത്ത സുരേഷ്ഗോപി അയ്യപ്പ നൈഷ്ടീകത്തിൻറെ ബലത്തിൽ വീണ്ടുമൊരു സുവർണ്ണാവസരം സ്വപ്നം കണ്ടുനടത്തിയ ജല്പനങ്ങളാണ് ഇപ്പോൾ കേസിനാധാരമായിരിക്കുന്നത്. സുരേഷ്ഗോപി പണ്ടേ ശൂദ്രത്വം അംഗീകരിച്ച്, ഈ ജന്മത്തിൽ ശൂദ്രന്റേതായ സ്വധർമ്മം അനുഷ്ടിച്ചു, അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിച്ച്, ശബരിമല മേൽശാന്തിയാകാൻ സ്വപ്നം കൊണ്ടുനടക്കുന്ന ഒരു ശരാരാശരി ശൂദ്രനാണെന്ന് എല്ലാവർക്കും അറിവുള്ളകാര്യമാണെങ്കിലും ആലുവയിലെ പ്രസംഗവും അതിന് പിന്നീട് നൽകിയ വിശദീകരണവും അയാളിലെ ശൂദ്രതീവ്രവാദിയെക്കൂടി വെളിച്ചത്തുകൊണ്ടുവന്നിരിക്കുകയാണ്.


