Tue. Nov 24th, 2026

ചേർത്തല: ദമ്പതികളായി ചമഞ്ഞ് വീട്ടുജോലിയ്ക്ക് നിന്ന കമിതാക്കളെ മോഷണ കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല അർത്തുങ്കൽ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശി ഷിജി ജിനേഷിന്റെ ആലപ്പുഴ ചെത്തി, തോട്ടപ്പിള്ളി വീട്ടിൽ ജോലിയ്ക്ക് നിന്നിരുന്ന കോട്ടയം പാറത്തോട് പോത്തല വീട്ടിൽ ജിജോ(38), കോട്ടയം മുണ്ടക്കയം കാര്യാട്ട് വീട്ടിൽ സുജ ബിനോയ് (43) എന്നിവരാണ് പിടിയിലായത്.

സ്വർണമാല, ഗ്യാസ് കുറ്റികൾ, ഇരുമ്പ് ഗേറ്റ്, വാഹനത്തിന്റെ സ്റ്റെപ്പിനി ടയർ, മൂന്ന് ലാപ്പ് ടോപ്പ്, പാത്രങ്ങൾ, തുണിത്തരങ്ങൾ, കാർപ്പറ്റുകൾ തുടങ്ങി 5,32,500 രൂപ വിലവരുന്ന സാധനങ്ങളാണ് ഇവർ മോഷ്ടിച്ച് വിൽപ്പന നടത്തിയത്.


ഷിജിയുടെ ഭർതൃമാതാവിനെ സംരക്ഷിക്കുന്നതിനും വീട്ടുജോലിയ്ക്കുമായി പത്രത്തിൽ പരസ്യം കൊടുത്തിരുന്നു. ഇത് കണ്ട് വിവാഹിതരും കുട്ടികളും കുടുംബവുമുള്ള ജിജോയും സുജയും ദമ്പതികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് ജോലിയിൽ പ്രവേശിക്കുകയായിരുന്നു. 2021 നവംബർ മുതലാണ് ഇവർ വീട്ടിൽ താമസിച്ച് തുടങ്ങിയത്. വിദേശത്ത് ജോലി ചെയ്തിരുന്ന ഷിജിയുടെ ഭർത്താവ് മകളുടെ വിവാഹത്തിനും മറ്റുമായി നാട്ടിൽ എത്തിയപ്പോഴാണ് സ്വർണവും സാധനങ്ങളും നഷ്ടമായത് അറിഞ്ഞത്.

പ്രതികൾ മോഷണമുതൽ വിറ്റുകിട്ടിയ തുക കുടുംബാവശ്യങ്ങൾക്കും സ്കൂട്ടർ വാങ്ങുന്നതിനും ചെലവഴിച്ചതായാണ് സൂചന. മാരാരിക്കുളത്തുള്ള സ്വകാര്യ ഫെെനാൻസിൽ നിന്നും മോഷണ മുതലായ സ്വർണം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.