Wed. Nov 25th, 2026

പത്തനംതിട്ട: കാപ്പ ചുമത്തിയ പ്രതിയുടെ വീടിന് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ മാതാവ് കൊല്ലപ്പെട്ടു. പത്തനംതിട്ട ഏനാദിമംഗലത്താണ് സംഭവം. ഒഴുവൻപാറ സ്വദേശി സൂര്യലാലിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മാതാവ് സുജാത(55) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഇന്നലെ അർദ്ധരാത്രിയിലാണ് 15 അംഗസംഘം സൂര്യലാലിന്റെ വീടുകയറി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സുജാതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ സുജാത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സൂര്യലാലും സഹോദരൻ ചന്ദ്രലാലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇവരോടുള്ള പ്രതികാരത്തിന്റെ ഭാഗമായിട്ടായിരുന്നു സുജാതയെ ആക്രമിച്ചത്.


മുഖം തോര്‍ത്ത് കൊണ്ട് മറച്ചെത്തിയ അക്രമികള്‍ സുജാതയുടെ മുഖത്തും തലയിലും കമ്പി വടി കൊണ്ട് അടിച്ചു. കല്ലുകൊണ്ടുള്ള ആക്രമണത്തില്‍ വാരിയെല്ലുകളും തകര്‍ത്തു. വീട്ടുപകരണങ്ങളും സംഘം അടിച്ചുതകർത്തു. കട്ടിൽ ഉൾപ്പെടെയുള്ള സാധനങ്ങൾ കിണറ്റിൽ ഉപേക്ഷിച്ച ശേഷമാണ് അക്രമികൾ മടങ്ങിയത്.

ശനിയാഴ്ച ഏനാത്തുണ്ടായ വഴിത്തര്‍ക്കമാണ് വീടുകയറിയുള്ള ആക്രമണത്തിലും വീട്ടമ്മയുടെ കൊലപാതകത്തിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഏനാത്ത് സ്വദേശികളും സമീപവാസികളുമായ ശരൺ, സന്ധ്യ എന്നിവര്‍ തമ്മില്‍ വഴിത്തര്‍ക്കം നിലവിലുണ്ടായിരുന്നു. ശനിയാഴ്ച തര്‍ക്കമുണ്ടായപ്പോള്‍ സന്ധ്യയെ അനുകൂലിച്ച് ചന്ദ്രലാലും സൂര്യലാലും സ്ഥലത്തെത്തി. വളര്‍ത്തുനായയുമായാണ് സഹോദരങ്ങള്‍ സംഭവസ്ഥലത്തെത്തിയത്. ഇതിനിടെ നായ സ്ഥലത്തുണ്ടായിരുന്ന ചിലരെ കടിച്ചുപരിക്കേല്‍പ്പിച്ചു. ഇതിന്റെ പ്രതികാരമായാണ് വീടുകയറിയുള്ള ആക്രമണമുണ്ടായത്. അതേസമയം, ആക്രമണമുണ്ടായ സമയം ചന്ദ്രലാലും സൂര്യലാലും വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ നേരത്തെ വീട്ടില്‍ നിന്നും മാറിനിന്നിരുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.