ന്യൂഡല്‍ഹി: ക്രൈസ്തവ സമൂഹത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ 79 ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ പ്രതിഷേധം. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷവും ആക്രമണങ്ങളും വര്‍ധിച്ചു വരികയാണെന്ന് കാട്ടിയാണ് പ്രതിഷേധം. യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറത്തിന്റെ കണക്കുകള്‍ അനുസരിച്ച് 2022ല്‍ മാത്രം ക്രൈസ്തവര്‍ക്കെതിരെ 21 സംസ്ഥാനങ്ങളിലായി 597 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നടന്നത് 1,198 അക്രമങ്ങളാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഈ സാഹചര്യം സര്‍ക്കാരിന്റെയും സുപ്രീം കോടതിയുടെയും പൊതു സമൂഹത്തിന്റെയും ശ്രദ്ധയില്‍ പെടുത്താനാണ് തലസ്ഥാനത്ത് വലിയ പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം ദേശീയ പ്രസിഡന്റ് ഡോ. മൈക്കിള്‍ വില്യംസ് പറഞ്ഞു. വിഷയത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ക്ക് നിവേദനം നല്‍കും.
രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുകയാണെന്നും ക്രൈസ്തവര്‍ക്കെതിരെ പലയിടത്തും അക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. ഭരണഘടന നല്കുന്ന മത സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ഹനിക്കപ്പെടുകയാണ്. ആക്രമണങ്ങള്‍ക്കെതിരെ പരാതി നല്‍കിയിട്ടും കൃത്യമായ നടപടിയെടുക്കാത്ത സാഹചര്യം നിലവിലുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് വിമര്‍ശിച്ചു.
ക്രൈസ്തവര്‍ക്ക് എതിരെ മാത്രമല്ല മറ്റു മത വിഭാഗങ്ങള്‍ക്ക് എതിരെയും ആക്രമണം നടക്കുന്നുണ്ട്. കഴിക്കുന്ന ഭക്ഷണത്തിന്റെയോ വസ്ത്രത്തിന്റെയോ പേരില്‍ ഒരാളും പീഡിപ്പിക്കപ്പെടാന്‍ പാടില്ല. അത് വളരെ ഗുരുതരമായ കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ കഴിഞ്ഞ മാസം ക്രിസ്ത്യന്‍ പള്ളി അടിച്ചുതകര്‍ത്തതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. മധ്യപ്രദേശിലെ പലയിടങ്ങളിലും സമാനമായ ആക്രമണങ്ങള്‍ നടക്കുകയും പുരോഹിതന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയെന്ന് ആരോപിച്ചാണ് പുരോഹിതരെ അറസ്റ്റ് ചെയ്തത്. കൂടാതെ, ക്രൈസ്തവ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അക്രമം നടത്തുന്നവരെ തുടര്‍ച്ചയായി കോടതി വെറുതേവിടുന്ന സാഹചര്യമുണ്ട്.
ഇത് കണക്കിലെടുത്ത് വിഷയത്തില്‍ അടിയന്തരമായി കേന്ദ്ര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം. കേന്ദ്രസേന ക്രൈസ്തവ പുരോഹിതന്മാര്ക്ക് സംരക്ഷണം നല്‍കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു.
ക്രൈസ്തവര്‍ക്കെതിരെ രാജ്യത്ത് തീവ്രഹിന്ദുത്വ ശക്തികള്‍ നടത്തുന്ന നരനായാട്ടിനെതിരെ സംഘടിത പ്രക്ഷോഭത്തിന്റെ മുന്നോടിയാണ് ഡല്‍ഹി പ്രക്ഷോഭം. കത്തോലിക്കാ എപ്പിസ്കോപ്പല്‍ സഭകള്‍ മുതല്‍ ഇവാഞ്ചലിക്കല്‍, പെന്തക്കോസ്ത് സ്വതന്ത്രസഭകള്‍ വരെയുള്ളവര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തു.
മതനേതാക്കള്‍, ആര്‍ച്ച് ബിഷപ്പുമാര്‍, ബിഷപ്പുമാര്‍, പാസ്റ്റര്‍മാര്‍, കന്യാസ്ത്രീകള്‍, വിശ്വാസികള്‍ എന്നിവരടക്കം പ്രതിഷേധ റാലിയുടെ ഭാഗമായി. സ്വാതന്ത്ര്യലബ്ധിക്കുശേഷം അപൂര്‍വമായാമാണ് യോജിച്ച ക്രൈസ്തവ പ്രക്ഷോഭം രാജ്യത്ത് അരങ്ങേറിയത്. യുപി, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ ക്രൈസ്തവവേട്ട എല്ലാ സീമകളും ലംഘിച്ചതോടെയാണ് പ്രക്ഷോഭം അനിവാര്യമായിത്തീര്‍ന്നത്. ബി ജെ പി അധികാരത്തില്‍ വന്ന സംസ്ഥാനങ്ങളിലെല്ലാം മുസ്ലിം, ക്രൈസ്തവ സമുദായങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തിയാണു മുന്നോട്ടു പോയത്.


