Mon. Nov 23rd, 2026

ആലപ്പുഴ: ഇസ്രായേലിൽ നിലവിലുള്ള ആധുനിക കൃഷി രീതികളെ കുറിച്ച് പഠിക്കാൻ സംസ്ഥാന കൃഷി വകുപ്പ് അയച്ച 27 കർഷകരിൽ ഒരാളെ കാണാതായ സംഭവത്തിൽ പ്രതികരിച്ച് കൃഷിമന്ത്രി പി പ്രസാദ്. വളരെ ആസൂത്രിതമായാണ് കണ്ണൂർ സ്വദേശിയായ കർഷകൻ മുങ്ങിയതെന്നാണ് മനസിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

നല്ല ഉദ്ദേശത്തോടെയാണ് ക‌ർഷക സംഘത്തെ ഇസ്രായേലിലേയ്ക്ക് അയച്ചത്. വിശദമായ പരിശോധനയ്ക്ക് ശേഷമായിരുന്നു സംഘത്തിലേയ്ക്ക് കർഷകരെ തിരഞ്ഞെടുത്തത്. ഇന്നലെയാണ് ബിജു കുര്യനെ കാണാതായത്. ഇന്ന് രാവിലെയെങ്കിലും ഇയാൾ സംഘത്തോടൊപ്പം ചേരുമെന്നായിരുന്നു പ്രതീക്ഷ. രണ്ട് പെൺകുട്ടികളുടെ പിതാവ് കൂടിയാണ് ഇയാൾ.


വളരെ ആസൂത്രിതമായാണ് ഇയാൾ മുങ്ങിയതെന്നാണ് മനസിലാക്കുന്നത്. ഇയാൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചതായി അറിവില്ല. ബിജു കുര്യനെ കാണാതായതുമായി ബന്ധപ്പെട്ട് ഇസ്രായേലിലുള്ള ബി അശോക് കുമാർ ഐ എ എസിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെ പരാതി നൽകിയിട്ടുണ്ട്. ഇസ്രായേലിലെ ഇന്ത്യൻ എംബസിയിലും വിവരം നൽകിയിട്ടുണ്ട്. ഇവർ കേരളത്തിൽ തിരിച്ചെത്തിയതിനുശേഷം കേരളത്തിൽ സ്വീകരിക്കേണ്ട നിയമനടപടികളെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഫെബ്രുവരി 17ന് സംഘം താമസിച്ച ഹെർസ്ലിയയിലെ ഹോട്ടലിൽനിന്നുമാണ് ബിജു അപ്രത്യക്ഷനായത്. ഭക്ഷണം കഴിക്കുന്നതിനായി മറ്റൊരു ഇടത്തേക്ക് ബസിൽ പോകുന്നതിനായി സംഘം ഹോട്ടലിൽനിന്നും പുറത്തിറങ്ങുന്നതിനിടെ ബിജു മുങ്ങുകയായിരുന്നു. ഇവിടെ നിന്നും ബസിൽ കയറവേയാണ് ബിജുവിനെ കാണാനില്ലെന്ന് മറ്റുള്ളവർ മനസിലാക്കിയത്. ഹോട്ടലിൽ നിന്നും ബിജു പാസ്‌പോർട്ട് അടങ്ങിയ ബാഗുമായാണ് ഇറങ്ങിയതെന്ന് സംഘാംഗങ്ങൾ പറഞ്ഞിരുന്നു.


സംഭവത്തിൽ ഇസ്രയേൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേയ് എട്ടുവരെയാണ് ബിജുവടക്കമുള്ള കർഷക സംഘത്തിന് ഇസ്രയേലിൽ തുടരാൻ അനുമതിയുള്ളത്. സർക്കാരിന്റെ അഭ്യർത്ഥനയിലാണ് വിസ അനുവദിച്ചത്. വിമാന ചെലവ് ബിജുവാണ് വഹിച്ചത്.

അതേസമയം, കാണാതായ കർഷകൻ നാട്ടിലെ ഭാര്യയെ വിളിച്ചതായി ബന്ധു വെളിപ്പെടുത്തിയിരുന്നു. സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നുമാണ് ബിജു ഭാര്യയോട് പറഞ്ഞത്. സഹോദരൻ ബെന്നിയാണ് ബിജു ഭാര്യയെ വിളിച്ച കാര്യം വെളിപ്പെടുത്തിയത്.