Sun. Jul 26th, 2026

തിരുവനന്തപുരം: പ്രവാസി ക്ഷേമ നിധി ബോര്‍ഡില്‍ ഒരു മാസത്തിനുള്ളില്‍ 24 പെന്‍ഷന്‍ അക്കൗണ്ടുകള്‍ തിരുത്തി തട്ടിപ്പ് നടന്ന സംഭവത്തില്‍ താല്‍ക്കാലിക ജീവനക്കാരി ലിനയെ പിരിച്ചു വിട്ടു. ക്രമക്കേട് നടത്തിയ ജീവനക്കാരിയില്‍ നിന്നു പണം തിരിച്ചു പിടിക്കുമെന്നും ബോര്‍ഡ് വിശദീകരിച്ചു. ലിന തട്ടിപ്പ് നടത്തിയെന്ന് കുറ്റസമ്മതം നടത്തുകയും കുറച്ച് പണം തിരിച്ചടക്കുകയും ചെയ്തു. തട്ടിപ്പിലൂടെ അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവരില്‍ നിന്നും പണം തിരിച്ചു പിടിക്കുമെന്നും പെന്‍ഷന്‍ വാങ്ങിയവര്‍ക്ക് രജിസ്റ്റേഡ് കത്തയച്ചുവെന്നും ബോര്‍ഡ് വ്യക്തമാക്കി.

പ്രവാസി ക്ഷേമ നിധി ബോര്‍ഡില്‍ ഒരു മാസത്തിനുള്ളില്‍ 24 പെന്‍ഷന്‍ അക്കൗണ്ടുകള്‍ തിരുത്തിയെന്നാണു കണ്ടെത്തിയത്. സോഫ്റ്റ് വെയറില്‍ തിരുത്തല്‍ വരുത്തി ആസൂത്രിതമായാണ് തട്ടിപ്പെന്നാണ് കെല്‍ട്രോണിന്റെയും പോലീസിന്റെയും കണ്ടെത്തല്‍. ഗുരുതര ക്രമക്കേട് നടന്നതായി തെളിഞ്ഞതോടെ ഓഫീസ് അറ്റന്‍ഡര്‍ ലിനയെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു.


ആറ്റിങ്ങല്‍ സ്വദേശി സുരേഷ് ബാബുവിന്റെ അംഗത്വത്തില്‍ മാറ്റങ്ങള്‍ വരുത്തി പത്തനംതിട്ട സ്വദേശി ജോസഫിന് പെന്‍ഷന്‍ നല്‍കിയിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നു പ്രവാസി ക്ഷേമനിധി ബോര്‍ഡ് സിഇഒയുടെ ആവശ്യപ്രകാരം നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. 2022 ല്‍ 24 അംഗങ്ങളുടെ അക്കൗണ്ടുകളിലാണ് തിരുത്തല്‍ വരുത്തിയത്.