Sun. Apr 14th, 2024

കാസർകോട്: ഡി സി സി പ്രസിഡന്റിന്റെ റിപ്പബ്ളിക്ക് ദിനാശംസയിൽ സവർക്കറുടെ ചിത്രവും. ഫേസ്ബുക്കിൽ പോസ്റ്റുചെയ്ത ചിത്രത്തിൽ അംബേദ്കർ, സുഭാഷ് ചന്ദ്രബോസ്, ബാലഗംഗാധര തിലക്, ഭഗത് സിംഗ് തുടങ്ങിയവരുടെ ചിത്രങ്ങൾക്കൊപ്പമാണ് സവർക്കറുടെ ഫോട്ടോയും ചേർത്തത്. മൃദു ഹിന്ദുത്വ ആരോപണങ്ങളില്‍ തലക്കുമീതെ തൂങ്ങി നില്‍ക്കുന്ന കോണ്‍ഗ്രസ്സില്‍ നിന്നു വീണ്ടും സവര്‍ക്കര്‍ സ്തുതി ഉയർന്നത് വിവാദമായതോടെ പിന്‍വലിച്ച പോസ്റ്റിനു പകരം ഡിസിസി പ്രസിഡന്റിന്റെ ഫോട്ടോ മാത്രം ഉള്‍പ്പെടുത്തി രണ്ടാമത് പോസ്റ്റ് ചെയ്തു. 

സംഭവം വിവാദമായതോടെ വിശദീകരണവുമായി ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ രംഗത്തെത്തി. പോസ്റ്റർ ഡിസൈൻ ചെയ്ത ആൾക്ക് സംഭവിച്ച പിഴവാണ് ഇതെന്നായിരുന്ന അദ്ദേഹത്തിന്റെ വിശദീകരണം. തെറ്റ് മനസിലാക്കിയ ഉടൻ പോസ്റ്റ് നീക്കം ചെയ്തുവെന്നും തന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഓഫീസിലെ സ്റ്റാഫാണെന്നും അദ്ദേഹം പറഞ്ഞു.


രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയെ വരവേല്‍ക്കാന്‍ ആലുവ മണ്ഡലത്തില്‍ നെടുമ്പാശേരി എയര്‍പോര്‍ട്ട് ജങ്ഷനുസമീപം കോട്ടായിയില്‍ ദേശീയപാതയില്‍ ചെങ്ങമനാട് മണ്ഡലം കമ്മിറ്റി സ്ഥാപിച്ച ബാനറില്‍ സവര്‍ക്കറിന്റെ ചിത്രം ഉള്‍പ്പെടുത്തിയത് അടുത്തയിടെ വിവാദമായിരുന്നു. ഈ സംഭവത്തില്‍ ഐ എന്‍ ടി യു സി നെടുമ്പാശേരി മണ്ഡലം പ്രസിഡന്റ് സുരേഷ് അത്താണിയെ സസ്പെന്‍ഡ് ചെയ്താണ് അന്നു കോണ്‍ഗ്രസ് മുഖം രക്ഷിച്ചത്.

അന്നു ബാനറില്‍ സ്വാതന്ത്ര്യസമരസേനാനികള്‍ക്കൊപ്പം ചന്ദ്രശേഖര്‍ ആസാദിനും ഗോവിന്ദ് വല്ലഭ് പന്തിനുമിടയിലാണ് സവര്‍ക്കറും സ്ഥാനംപിടിച്ചത്. പ്രതിഷേധം ശക്തമായതോടെ മഹാത്മാഗാന്ധിയുടെ ചിത്രംതൂക്കി സവര്‍ക്കറുടെ ചിത്രം മറച്ചയ്ക്കുയാണ് അന്നു ചെയ്തത്. പിന്നീട് ബാനര്‍ പൂര്‍ണമായും നീക്കി.

വീര്‍ സവര്‍ക്കര്‍ എന്ന് വാഴ്ത്തി മഹാത്മാഗാന്ധിയെക്കാളും നെഹ്‌റുവിനെക്കാളും വലിയ സ്വാതന്ത്ര്യ സമര സേനാനിയും ദേശസ്‌നേഹിയും ആയാണ് ഹിന്ദുത്വവാദികള്‍ സവര്‍ക്കാറെ ആദരിക്കുന്നത്. എന്നാല്‍, സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്ത് സ്വാതന്ത്രസമരത്തെ ഒറ്റുകൊടുത്തയാളെന്ന് ആവര്‍ത്തിച്ച് സ്ഥാപിക്കാനാണ് മതേതര ജനാധിപത്യ ശക്തികള്‍ ശ്രമിക്കുന്നത്. ഇതിനിടെയാണ് ഇടക്കിടെ സവര്‍ക്കര്‍ സ്തുതിയുമായി കോണ്‍ഗ്രസ് പ്രത്യക്ഷപ്പെടുന്നത്.