Sat. Nov 21st, 2026

ന്യൂഡൽഹി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലെ ജാമ്യവ്യവസ്ഥയിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് ഭാ​ഗിക ആശ്വാസം. സമൂഹമാധ്യമങ്ങളിൽ പ്രതികരണത്തിനുള്ള വിലക്ക് സുപ്രീംകോടതി നീക്കി. അതേസമയം കേസുമായി ബന്ധപ്പെട്ടും മതവികാരം വ്രണപ്പെടുത്തിയും പ്രതികരിക്കരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി രഹ്ന ഫാത്തിമ നൽകിയ ​ഹർജി കോടതി തീർപ്പാക്കി.

രഹ്ന ഫാത്തിമയ്ക്കെതിരായ കേസുകളിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ രഹ്ന ഫാത്തിമ വീണ്ടും പ്രചരിപ്പിച്ചു. പലതവണ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും അതിനാൽ രഹ്ന ഫാത്തിമയ്ക്ക് ഇളവ് നൽകരുതെന്നുമാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്.

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി വന്ന ശേഷം തത്വമസി എന്ന കുറിപ്പോടെ കറുത്ത വസ്ത്രം ധരിച്ച ചിത്രം രഹ്ന ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഈ പോസ്റ്റ് മതവികാരം വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ച് ബി ജെ പി നേതാവ് രാധാകൃഷ്ണമേനോൻ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്ത രഹ്നയ്ക്ക് ഹെെക്കോടതി ജാമ്യം നൽകിയിരുന്നു.

അൻപതിനായിരം രൂപയുടെ ആൾ ജാമ്യം, അന്വേഷണ ഉദ്ദ്യോഗസ്ഥർ വിളിപ്പിക്കുമ്പോൾ ഹാജരാകണം, കേസിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ മുഖേന അഭിപ്രായ പ്രകടനം നടത്തരുത് തുടങ്ങിയ അഞ്ച് നിബന്ധനയോടെയാണ് ജാമ്യം നൽകിയത്.

എന്നാൽ ഈ വ്യവസ്ഥകൾ പല തവണ രഹ്ന ഫാത്തിമ ലംഘിച്ചെന്നും കേസിന്റെ അന്വേഷണത്തിനിടെ സമാനമായ രണ്ട് പരാതികളിൽ കേസ് എടുത്തെന്നും സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി. പത്തനംതിട്ടയിൽ എടുത്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ ലഭിക്കാനുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിയെ അറിയിച്ചു. മറ്റു രണ്ടു കേസുകളിൽ അന്വേഷണം പൂർത്തിയായി വിചാരണ നടപടികളിൽ ആണെന്നും സർക്കാർ വ്യക്തമാക്കിയിരുന്നെങ്കിലും രഹ്നയ്ക്ക് സമൂഹമാധ്യമങ്ങളിൽ പ്രതികരണത്തിനുള്ള വിലക്ക് സുപ്രീംകോടതി നീക്കി. അതേസമയം കേസുമായി ബന്ധപ്പെട്ടും മതവികാരം വ്രണപ്പെടുത്തിയും പ്രതികരിക്കരുതെന്ന് നിർദേശിച്ചുകൊണ്ട് രഹ്ന ഫാത്തിമ നൽകിയ ​ഹർജി കോടതി തീർപ്പാക്കുകയായിരുന്നു.