തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ മകന് അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ ഒഴിഞ്ഞു. ട്വിറ്ററിലൂടെയാണ് രാജിവിവരം അറിയിച്ചത്. പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരായ ബി ബി സി ഡോക്യുമെന്ററിയെ എതിര്‍ത്ത് ട്വിറ്ററില്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് രാജി. എ ഐ സി സി, കെ പി സി സി ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലായിരുന്നു അനില്‍ പ്രവര്‍ത്തിച്ചിരുന്നത്. പദവികള്‍ ഒഴിഞ്ഞതായി അനില്‍ വ്യക്തമാക്കി.
അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവര്‍ക്ക് ഇരട്ടത്താപ്പെന്ന് അനില്‍ ട്വീറ്റ് ചെയ്തു. കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ സ്ഥാനവും, എ.ഐ.സി.സി സോഷ്യല്‍ മീഡിയ നാഷണല്‍ കോഡിനേറ്റര്‍ സ്ഥാനവുമാണ് അനില്‍ പാര്‍ട്ടിയില്‍ വഹിച്ചിരുന്നത്.
അനിലിന്റെ രാജി സ്വാഗതം ചെയ്യുന്നുവെന്ന് വി.ടി. ബല്‍റാം പ്രതികരിച്ചു. പദവിയുണ്ടെങ്കിലും കുറച്ചുകാലമായി അദ്ദേഹം സജീവമായിരുന്നില്ല. പദവികള്‍ പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ബല്‍റാം പ്രതികരിച്ചു.
പലപ്പോഴും ഡിജിറ്റല്‍ മീഡിയാ സെല്ലിന്റെ മീറ്റിംഗുകള്‍ക്ക് പോലും അനില്‍ ആന്റെണി പങ്കെടുക്കാറില്ലന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ബി ബി സി വിവാദം ഉയരുന്നത് വരെ കോണ്‍ഗ്രസ് നേതാക്കള്‍ ആരും ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയത് പോലുമില്ലായിരുന്നു.
ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട അനിലിന്റെ പ്രതികരണങ്ങള്‍ കോണ്‍ഗ്രസിനകത്തു തന്നെ കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് ഉള്‍പ്പെടെ പ്രമുഖ നേതാക്കളാണ് അനില്‍ ആന്റണിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്. അനിലിനെ പരസ്യമായി തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവരും രംഗത്തുവന്നിരുന്നു.
I have resigned from my roles in @incindia @INCKerala.Intolerant calls to retract a tweet,by those fighting for free speech.I refused. @facebook wall of hate/abuses by ones supporting a trek to promote love! Hypocrisy thy name is! Life goes on. Redacted resignation letter below. pic.twitter.com/0i8QpNIoXW
— Anil K Antony (@anilkantony) January 25, 2023


