Mon. Nov 23rd, 2026

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കാനിരിക്കെ സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം. സുരക്ഷാ കാരണങ്ങളാല്‍ രാഹുല്‍ ഗാന്ധി ജമ്മു കശ്മീരിലെ ചില പ്രദേശങ്ങളില്‍ കാല്‍നട യാത്ര ഒഴിവാക്കി കാറില്‍ സഞ്ചരിക്കണമെന്നാണ് കേന്ദ്രസുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശം.

യാത്ര ശ്രീനഗറില്‍ എത്തുമ്പോള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ലെന്നും അന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. യാത്ര കടന്നു പോകുന്ന പ്രദേശങ്ങളില്‍ സുരക്ഷാ പരിശോധന തുടരുകയാണ്. വ്യാഴാഴ്ചയാണ് ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കുക. ഇപ്പോള്‍ പഞ്ചാബിലാണ് യാത്ര തുടരുന്നത്. നാളെ ഹിമാചല്‍ പ്രദേശില്‍ പ്രവേശിക്കും. വീണ്ടും പഞ്ചാബിലൂടെ സഞ്ചരിച്ച് വ്യാഴാഴ്ച കശ്മീരിലെ കാഠ്വയില്‍ പ്രവേശിക്കാനാണ് ഒരുങ്ങുന്നത്.

ജനുവരി 25ന് ബനിഹാലില്‍ ദേശീയ പതാക ഉയര്‍ത്തും. ജനുവരി 27ന് അനന്ത്‌നാഗ് വഴി ശ്രീനഗറില്‍ പ്രവേശിക്കും. ജനുവരി 30ന് ശ്രീനഗറിലാണ് സമാപന സമ്മേളനം.രാഹുല്‍ ഗാന്ധിക്ക് നിലവില്‍ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുണ്ട്. രാഹുല്‍ ഗാന്ധിയുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കഴിഞ്ഞ മാസം കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, 2020 മുതല്‍ നിരവധി തവണ സുരക്ഷാ പ്രോട്ടോക്കോള്‍ രാഹുല്‍ ഗാന്ധി ലംഘിച്ചതായി കോണ്‍ഗ്രസിന് മറുപടിയായി കേന്ദ്രം അറിയിച്ചു.ഇതിന് പിന്നാലെയാണ് കശ്മീരില്‍ മുന്നറിയിപ്പുമായി കേന്ദ്രം എത്തിയിരിക്കുന്നത്.