തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയുടെ മരണത്തിലെ ദുരൂഹത കണ്ടെത്താനായി മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് ക്രൈംബ്രാഞ്ച്. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സർക്കാരിന് കത്തു നൽകും. ദേശീയതലത്തിലെ വിദഗ്ധരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെടും.
കേസന്വേഷണം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കേസിന്റെ ഫയലുകളെല്ലാം അന്വേഷണ സംഘം ഏറ്റുവാങ്ങി. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മരണത്തിൽ ദുരൂഹത സൂചിപ്പിക്കുന്ന സാഹചര്യത്തിൽ, മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിശദ പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ ആദ്യ തീരുമാനം.
മൃതദേഹം സംസ്കരിച്ചതിനാൽ റീ പോസ്റ്റുമോർട്ടം നടത്തുക സാധ്യമല്ല. അതിനാൽ ലഭ്യമായ പോസ്റ്റ്മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകളും തെളിവുകളും, ശാസ്ത്രീയപരിശോധനാഫലങ്ങളുമെല്ലാം പരിശോധിച്ച് മരണകാരണം കണ്ടെത്താനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്.
കഴുത്ത് ഞെരിഞ്ഞാണ് നയനയുടെ മരണം സംഭവിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ അടിവയറ്റിൽ ക്ഷതമേറ്റതും, ആന്തരികാവയങ്ങൾക്ക് ഗുരുതരമായ കേടുപാടുകളുണ്ടായതും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങളൊന്നും ആദ്യം അന്വേഷിച്ച മ്യൂസിയം പൊലീസ് ഗൗരവമായി എടുത്തില്ലെന്നാണ് ആക്ഷേപം.


