Sat. Nov 21st, 2026

തൃശൂർ: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാ‌ർ പണിമുടക്കാൻ ഒരുങ്ങുന്നു. ശമ്പളവർദ്ധനവ് ആവശ്യപ്പെട്ടാണ് പണിമുടക്കുന്നത്. ദിവസവേതനം 1500 രൂപയാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഇതിന്റെ ഭാഗമായി നാളെ തൃശൂർ ജില്ലയിൽ സൂചനാപണിമുടക്ക് നടത്തുമെന്നാണ് വിവരം. ഇതിൽ പരിഹാരമായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പണിമുടക്ക് വ്യാപിപ്പിക്കുമെന്ന് യുണൈറ്റഡ് നഴ്‌‌സസ് അസോസിയേഷൻ അറിയിച്ചു.

ശമ്പളവർദ്ധനവുമായി ബന്ധപ്പെട്ട് രണ്ടുതരത്തിലെ ചർച്ചകൾ നടന്നിരുന്നു. സൂചനാപണിമുടക്കിന്റെ നോട്ടീസ് യുഎൻഎ നൽകിയതിനെത്തുടർന്ന് കൊച്ചി ലേബർ കമ്മീഷൻ ഓഫീസിൽ വിളിച്ചുചേർത്ത ചർച്ച പരാജയപ്പെട്ടിരുന്നു. തൃശൂർ ജില്ലാ ലേബർ ഓഫീസിൽ വിളിച്ചുചേർത്ത ചർച്ചയിൽ മാനേജ്‌മെന്റ് പ്രതിനിധികൾ പങ്കെടുത്തില്ലെന്ന് യു എൻ എ ആരോപിക്കുന്നു. ഇതേത്തുടർന്നാണ് നാളെ തൃശൂർ ജില്ലയിൽ സൂചനാപണിമുടക്ക് നടത്താൻ യു എൻ എ തീരുമാനിച്ചിരിക്കുന്നത്. നാളെ രാവിലെ പത്തുമണിയ്ക്ക് പടിഞ്ഞാറേകോട്ടയിൽ നിന്ന് തൃശൂർ കളക്‌ട്രേറ്റിലേയ്ക്ക് പ്രതിഷേധമാർച്ചും സംഘടിപ്പിച്ചിരിക്കുകയാണ്.

കോൺട്രാക്ട് നിയമങ്ങൾ നിർത്തലാക്കുക, ലേബർ നിയമങ്ങൾ കർശനമായി നടപ്പാക്കുക, മുഴുവൻ സ്വകാര്യ ആശുപത്രികളിലും ഇൻസ്പെക്ഷൻ നടത്തുക, നിയമലംഘനങ്ങൾ നടത്തുന്ന മാനേജ്‌മെന്റിനെതിരെ നിയമനടപടി സ്വീകരിക്കുക എന്നിവയാണ് മറ്റ് പ്രധാന ആവശ്യങ്ങൾ.