Fri. Mar 29th, 2024

✍️ സുരേഷ്. സി ആർ

അതിജീവനത്തിന്റെയും സമരോത്സുകതയുടെയും പ്രതീകമായിരുന്നു സൈമൺ ബ്രിട്ടോ (1954 – 2018). 1983 ഒക്‌ടോബർ 14ന്‌ കെഎസ്‌യു പ്രവർത്തകരുടെ കത്തിക്കുത്തേറ്റ്‌ അരയ്‌ക്ക്‌ താഴെ സ്വാധീനം നഷ്ടപ്പെട്ട നിലയിലായിരുന്നിട്ടും വീൽ ചെയറിൽ സഞ്ചരിച്ച് സജീവ രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തനംനടത്തിയ ബ്രിട്ടോ ഊർജ്വസ്വലത നഷ്ടപ്പെടുത്താതെ തിളങ്ങിനിന്ന രക്തനക്ഷത്രമായിരുന്നു. കേരളത്തിലെ പന്ത്രണ്ടാം നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി നാമ നിർദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു.

എറണാകുളത്തിനടുത്ത്‌ പോഞ്ഞിക്കരയിൽ ജനനം. പച്ചാളം സെന്റ്‌ ജോസഫ്‌ എച്ച്‌.എസ്‌, എറണാകുളം സെന്റ്‌ ആൽബർട്ട്‌സ്‌ കോളേജ്‌, ബീഹാറിലെ മിഥില യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളേജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

പത്തു വയസ്സുള്ളപ്പോൾ മുതൽ കഥകളെഴുതാൻ തുടങ്ങിയിരുന്നു. സത്യനാദം, അന്വേഷണം, മാതൃഭൂമി വാരികയിലെ ബാലപംക്തി തുടങ്ങി പലതിലും കഥകൾ പ്രസിദ്ധീകരിച്ചു. ബാല്യകാലം പോഞ്ഞിക്കരയിലായിരുന്നു.

ബിഹാറിലെ പഠനത്തിനു ശേഷം തിരികെയെത്തി വിദ്യാർഥി സംഘടനാ പ്രവർത്തനത്തിൽ മുഴുകുന്ന സമയത്താണ് കുത്തേൽക്കുന്നത്. തുടർന്ന് ബിഹാർ അനുഭവങ്ങൾ നോവലായി എഴുതി, ‘അഗ്രഗാമി’ എന്ന പേരിൽ. ‘മഹാരൗദ്രം’, ‘മഞ്ഞുപെയ്യുന്ന ചരിത്രാങ്കം’ എന്ന നോവലുകളും രചിച്ചു. പ്രഥമനോവൽ ‘അഗ്രഗാമി’ 2003 ൽ അബുദാബി ശക്തി അവാർഡ് നേടി.

എൽ.എൽ.ബി. പഠനം പൂർത്തിയാക്കിയിട്ടില്ല. എസ്‌.എഫ്‌.ഐ. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌, കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് കൗൺസിൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്‌.

2018 ഡിസംബർ 31-ന് തൃശ്ശൂരിലെ ദയാ ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. ആയിടെയുണ്ടായ ഒരു യാത്രയെക്കുറിച്ച് പുസ്തകം രചിയ്ക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അല്പസമയത്തിനകം അന്ത്യം സംഭവിയ്ക്കുകയായിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറി.

സീന ഭാസ്കറാണ് ഭാര്യ. 1995-ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് നിലാവ് എന്നൊരു മകളുണ്ട്.