കൊച്ചി: 5ജി സംവിധാനം സംസ്ഥാനത്താകെ വ്യാപിപ്പിക്കാനൊരുങ്ങി ജിയോ. ഇന്നുമുതല്‍ കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും സേവനം ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഡിസംബര്‍ 22 മുതല്‍ തിരുവനന്തപുരത്തും ലഭിക്കും. ജനുവരിയില്‍ തൃശൂര്‍, മലപ്പുറം, ആലപ്പുഴ എന്നിവിടങ്ങളിലും സേവനം ലഭ്യമാകും. 2023ല്‍ കേരളത്തിലെ മുഴുവന്‍ സ്ഥലത്തും 5ജി എത്തിക്കുമെന്നും ജിയോ അധികൃതര്‍ അറിയിച്ചു.
തിരഞ്ഞെടുത്ത മേഖലയിലെ തിരഞ്ഞെടുത്ത വ്യക്തികൾക്ക് വരുന്ന ഏതാനും ദിവസം ട്രയൽ റണ്ണായി ആണ് 5ജി കിട്ടുക. അതിന് ശേഷം കൂടുതൽ സ്ഥലങ്ങളിൽ കൂടുതൽ വ്യക്തികളിലേക്ക് 5ജി എത്തും. 4ജിയേക്കാൾ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് 5ജിയിൽ പ്രതീക്ഷിക്കുന്നത്. നിലവിൽ 5ജി ഫോണുള്ളവർക്ക് കാര്യങ്ങൾ എളുപ്പമാണ്. ഫോണിലെ സെറ്റിങ്സിൽ മാറ്റം വരുത്തിയാൽ മതി. സിം കാർഡിൽ ഒരു മാറ്റവും വരുത്തേണ്ടതില്ല.
ഒക്ടോബർ മുതലാണ് റിലയൻസ് ജിയോ 5 ജി സേവനങ്ങൾ രാജ്യത്ത് ലഭ്യമാക്കി തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തിൽ മുംബൈ, ഡൽഹി,കൊൽക്കത്ത നഗരങ്ങളിലാണ് സേവനങ്ങൾ ലഭ്യമാക്കിയത്. ശേഷം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഡിസംബർ അവസാനത്തോടെ, രാജ്യത്തെ എല്ലാ താലൂക്കുകളിലും 5 ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് റിലയൻസ് പ്രഖ്യാപിച്ചിരുന്നു.


