ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തിലെ വിജയം ചോദ്യംചെയ്തുള്ള സരിത എസ് നായരുടെ ഹരജി തള്ളി സുപ്രീം കോടതി. 2019ലെ രാഹുലിന്റെ വിജയം ചോദ്യം ചെയ്തുള്ള ഹരജിയാണ് തള്ളിയത്.
ജസ്റ്റിസുമാരായ എ എസ് ബൊപണ്ണ, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ചിന്റെതാണ് ഉത്തരവ്. കേരള ഹൈക്കോടതി ഹരജി തള്ളിയതിനെ തുടര്‍ന്നാണ് സരിത സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സരിത നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍, സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നതിനാല്‍ വരണാധികാരി അവരുടെ പത്രിക തള്ളുകയായിരുന്നു.


