Thu. Nov 19th, 2026

കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാ പ്രവർത്തനം നടക്കുമ്പോൾ പരിസര പ്രദേശത്തുപോലും ഇല്ലാതിരുന്നവർക്കും അന്നേദിവസം അവധിയിലായിരുന്നവർക്കും പോലീസ് ഡിപ്പാർട്ട്മെന്റ് പുരസ്‌കാരങ്ങൾ നൽകിയതായി ആരോപണം.

2020 ആഗസ്റ്റ് 7 ന് ഉണ്ടായ കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥർക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ സ്‌പെഷ്യൽ ഓപ്പറേഷൻ പുരസ്‌കാരങ്ങൾ നൽകുന്നവരുടെ ലിസ്റ്റിൽ അനർഹർ കയറിക്കൂടിയതിനെത്തുടർന്ന് മുൻപ് വിവാദമായിരുന്നു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഇതുസംബന്ധിച്ച് പരാതി ലഭിക്കുകയും സംഭവം വാർത്തയാകുകയും ചെയ്തതിനെത്തുടർന്ന് പുരസ്‌കാര വിതരണം തത്കാലികമായി മരവിപ്പിച്ചിരിക്കുകയായിരുന്നു. രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത പലരെയും പട്ടികയിൽനിന്നും ഒഴിവാക്കുകയും അനർഹരെ തിരുകി കയറ്റുകയുമായിരുന്നു.

ഇന്നലെ വീണ്ടും ഈ പുരസ്‌കാരങ്ങൾ മറ്റ് ഇൻവെസ്‌റ്റിഗേഷനുള്ള മെഡലുകൾക്കിടയിൽ ഇവരെയും തിരുകികയറ്റി വിതരണം ചെയ്യുകയായിരുന്നു. രക്ഷാ പ്രവർത്തനം നടക്കുമ്പോൾ പരിസര പ്രദേശത്തുപോലും ഇല്ലാതിരുന്ന നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വ്യക്തിയായി വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ള സിഐ സി. അലവിയ്ക്കും അന്നേ ദിവസം അവധിയിലായിരുന്ന സിവിൽ പോലീസ് ഓഫീസർ കെ ശ്രീജയ്ക്കും ഇന്നലെ ഡിജിപി പുരസ്‌കാരങ്ങൾ നൽകി. പോലീസ് ഓഫീസർമാർ തന്നെ നൽകിയ പരാതിയെ തുടർന്ന് മുൻപ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് മരവിപ്പിച്ച ലിസ്റ്റിലുള്ളവരാണ് ഇവർ രണ്ടുപേരും.