Wed. Feb 28th, 2024

✍️ ലിബി.സി. എസ്

‘മിതവാദി’ പത്രത്തിൻറെ പേര് തന്റെ പേരിനൊപ്പം ചേർത്ത പത്രാധിപരാണ് സി. കൃഷ്ണൻ. കേരള നവോത്ഥാനചരിത്രത്തിൽ നിസ്തുല സംഭാവനകൾ നൽകിയ ‘യുക്തിവാദി’ മാസികയുടെ പത്രാധിപ സമിതിയിലും കോഴിക്കോട്ടെ തളി ക്ഷേത്രപരിസരത്തെ നിരത്തിലൂടെ അവർണർ സഞ്ചരിക്കുന്നത് നിരോധിച്ച നടപടിയെ പരസ്യമായി ലംഘിച്ച സി. കൃഷ്ണൻ എന്ന മിതവാദി കൃഷ്ണൻ ഉണ്ടായിരുന്നു. കേരളത്തിലെ യുക്തിവാദികളുടെ ആദ്യസമ്മേളനം സി.കൃഷ്ണന്റെ വീട്ടിലാണ് സമ്മേളിച്ചത്. യുക്തിവാദ സംബന്ധമായ ലേഖനങ്ങൾ മിതവാദി പത്രികയിലും സഹോദരനിലും പ്രസിദ്ധപ്പെടുത്തിയിരുന്നു.

പിന്നീട് 1929-ആഗസ്റ്റിൽ ഏറണാകുളത്തുനിന്നും മലയാളഭാഷയിലെ ആദ്യ യുക്തിവാദ/നിരീശ്വരവാദ ആനുകാലികമായിരുന്ന ‘യുക്തിവാദി’ മാസിക ആരംഭിച്ചു. സി. കൃഷ്ണൻ, രാമവർമ്മ തമ്പാൻ, സി.വി. കുഞ്ഞുരാമൻ, സഹോദരൻ അയ്യപ്പൻ, എം.സി. ജോസഫ്, എന്നീ അഞ്ചു പേരായിരുന്നു ‘യുക്തിവാദി’ മാസികയുടെ പത്രാധിപ സമിതി അംഗങ്ങൾ. നാൽപ്പതിയഞ്ചുവർഷം,1974 ജൂൺ വരെ ‘യുക്തിവാദി’ മാസിക പ്രസിദ്ധീകരിച്ചിരുന്നു.


യുക്തിവാദിയുടെ ആദ്യ ലക്കത്തിലെ പ്രസ്താവനയിൽ സഹോദരൻ അയ്യപ്പൻ ഇങ്ങനെ എഴുതി:

“യുക്തിവാദം ഒരു മതമല്ല. അത് യുക്തിയെ അടിസ്ഥാനപ്പെടുത്തിയുള്ള അറിവ് മാത്രം സ്വീകരിക്കുക എന്ന ഒരു മനോഭാവമാണ്. ഈ മനോഭാവം ജനങ്ങളിൽ സൃഷ്ടിക്കാനായിരിക്കും ‘യുക്തിവാദി’ യുടെ ശ്രമം. അതിനു യുക്തിവിരുദ്ധമായ വിശ്വാസങ്ങളെ ഖണ്ഡിക്കുകയും യുക്തിയുക്തമായ അറിവിനെ പരത്തുകയും വേണം. പരിപൂർണ ജ്ഞാനത്തിലും അഭേദ്യ ജ്ഞാനത്തിലും യുക്തിവാദിക്ക് വിശ്വാസമില്ല. അതുകൊണ്ട് യുക്തിക്കനുസരിച്ച് ശരിയെന്നു കണ്ട്‌ ഒരിക്കൽ പറയുന്നത് പിന്നെ പുതിയ അന്വേഷണങ്ങളുടെ ഫലമായി തെറ്റെന്നു കണ്ടാൽ തെറ്റെന്നും മുൻപ് തെറ്റെന്നു കണ്ടത് അപ്രകാരം പിന്നെ ശരിയെന്നു കണ്ടാൽ ശരിയെന്നും സമ്മതിക്കുവാൻ യുക്തിവാദിക്ക് വിരോധമില്ല. അങ്ങനെ സമ്മതിക്കേണ്ടത് യുക്തിവാദിയുടെ മുറയുമാണ്. അറിവ് യുക്തിയുക്തമായിരിക്കണമെന്നതിൽ മാത്രമാണ് യുക്തിവാദി സ്ഥിരത എടുക്കുന്നത്.”

അയ്യൻകാളിയുടെ നേതൃത്വത്തിൽ നടന്ന പുല്ലാട് കലാപത്തിൻറെ അവശേഷിക്കുന്ന ചരിത്ര രേഖ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മിതവാദി പത്രികയിൽ സി. കൃഷ്ണൻ എഴുതിയ എഡിറ്റോറിയലും വിവേകോദയം മാസികയിൽ കുമാരനാശാൻ എഴുതിയ ലേഖനവുമാണ്.

1867 ജൂൺ 11-ന് ഗുരുവായൂരിനടുത്ത് മുല്ലശ്ശേരിയിൽ ചങ്ങരംകുമാരത്ത് പാറന്റേയും ഉണ്ണൂലിയുടെയും പുത്രനായി ജനിച്ചു. സമ്പന്ന കുടുംബമായിരുന്നെങ്കിലും ഈഴവനായതിനാൽ ജാതിവിവേചനങ്ങൾ നേരിടേണ്ടി വന്നു. മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് 1896-ൽ ബിരുദം നേടി. മദ്രാസിൽനിന്നു തന്നെ.ബി.എൽ. പാസ്സായ സി. കൃഷ്ണൻ 1903-ൽ ജില്ലാ കോടതിയിൽ വക്കീൽ ആയി പ്രാക്ടീസ് ആരംഭിച്ചു.

കേരള പത്രപ്രവർത്തനത്തിന്‍റെ അലകും പിടിയും കരുപ്പിടിപ്പിച്ച് കേരള നവോത്ഥാനത്തെ മലബാറിലേക്കു വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നാരായണഗുരുവിന്‍റെ വൽസല ശിഷ്യനായിരുന്നു മിതവാദി സി. കൃഷ്ണൻ (1867–1938).


1913 മുതൽ കോഴിക്കോട്ടു നിന്നിറങ്ങിയ മിതവാദി മാസികയുടേയും പത്രത്തിന്‍റെയും നിർഭയനായ പത്രാധിപർ, ഹൈക്കോടതി അഭിഭാഷകൻ, നിയമിഞ്​ജൻ, സാമൂഹ്യപ്രവർത്തകൻ, സമുദായ പരിഷ്കർത്താവ്, എഴുത്തുകാരൻ, നവോത്ഥാന സാംസ്​കാരിക പോരാളി എന്നിങ്ങനെ വിവിധ തലങ്ങളിൽ കേരളത്തിന്‍റെ ആധുനികതയ്ക്ക് നിർണായക സംഭാവനകൾ നൽകി.

അരുവിപ്പുറം പ്രതിഷ്ഠ, വില്ലുവണ്ടിയാത്ര, കൊച്ചി കായൽസമ്മേളനം, ചെറായിയിലെ മിശ്രഭോജനം എന്നിങ്ങനെ കേരളത്തെ മാറ്റിയ സമരപരിവർത്തനങ്ങളിലൊന്നാണ് അദ്ദേഹം മഞ്ചേരി രാമയ്യരുമായി ചേർന്നു നടത്തിയ 1917 ലെ കോഴിക്കോട് തളി അമ്പലവഴിയിലൂടെ അവർണർക്കുള്ള ജാതിവിലക്കു ലംഘിച്ച്​ സ്വന്തം കുതിരവണ്ടിയിൽ നടത്തിയ സഞ്ചാരം.

1907 ൽ നാരായണഗുരുവിനെ മലബാർ സന്ദർശിക്കാൻ ക്ഷണിക്കുന്നത് മിതവാദിയും കോഴിക്കോട് കല്ലിങ്കൽമഠത്തിൽ രാരിച്ചൻ മൂപ്പനും മൂർക്കോത്തു കുമാരനും കൂടിയാണ്. കൊച്ചിയിൽ ഗുരുവിന്‍റെ സാഹോദര്യ സന്ദേശങ്ങൾ 1917 ലെ മിശ്രഭോജനത്തിലൂടെയും മിശ്രവിവാഹ സംഘത്തിലൂടെയും സഹോദര പ്രസ്​ഥാനത്തിലൂടെയും വികസിപ്പിച്ച സഹോദരനയ്യപ്പനുമായി ചേർന്നു കൊണ്ട് 1920 കളിലും മുപ്പതുകളിലും കേരളത്തിലെ ആദ്യ നവബുദ്ധവാദത്തിനു തുടക്കം കുറിച്ചതും മിതവാദിയാണ്.

1890 കളിൽ തമിഴകത്ത് അയ്യോതിതാസർ തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ ദ്രാവിഡ നവബുദ്ധമത പ്രസ്​ഥാനത്തിനു ശേഷമായിരുന്നു മിതവാദിയുടേയും സഹോദരന്‍റെയും കേരള നവബുദ്ധവാദം. 1950 കളിലെ അംബേദ്കറുടെ നവയാനത്തിനു ദശകങ്ങൾ മുമ്പായിരുന്നു ഇത്. മിതമായ മധ്യമാർഗത്തി​ന്‍റെ തത്വചിന്തയെയാണ് അദ്ദേഹം ബുദ്ധനിൽ നിന്നും നാരാണയ ഗുരുവിൽ നിന്നും ഉൾക്കൊണ്ടത്​. ഇത്​ ബുദ്ധതത്വ പ്രദീപം എന്ന രചനയിൽ വിശദമാക്കുന്നുണ്ട്​. 

ഇന്നും കോഴിക്കോട് കടപ്പുറത്തിനടുത്തുള്ള കസ്റ്റംസ്​ റോഡിലെ ബുദ്ധവിഹാരത്തിൽ പാലിയും തമിഴും സിംഹളവും ആംഗലവും മലയാളവും സംസ്​കൃതവുമെല്ലാമടങ്ങുന്ന നൂറുകണക്കിന് പുസ്​തകങ്ങൾ മിതവാദിയുടെ പുസ്​തക ശേഖരത്തിൻറെ അവശേഷിപ്പായുണ്ട്​.