Friday, January 28, 2022

Latest Posts

മനുഷ്യക്കടത്തിന്റെ ഇരകൾ ഇന്ത്യയോട് ആവശ്യപ്പെടുന്നത്

✍️ റെൻസൺ വി എം

“നമ്മുടെ ദശലക്ഷക്കണക്കിനു സോദരർ സമകാലീന അടിമകളായി തുടരുന്നു, മനുഷ്യക്കടത്ത്, നിർബന്ധിത തൊഴിൽ, ലൈംഗികചൂഷണം തുടങ്ങിയ മ്ലേച്ഛമായ പ്രവർത്തനങ്ങളുടെ ഇരകളാണവർ. എണ്ണമറ്റ കുട്ടികൾ പട്ടാളക്കാരാകാൻ നിർബന്ധിതരാകുന്നു, തൊഴിൽശാലകളിൽ കഠിനജോലികൾ ചെയ്യുന്നു അല്ലെങ്കിൽ ഗതികെട്ടെ കുടുംബങ്ങളാൽ വില്ക്കപ്പെടുന്നു. സ്ത്രീകളെ ക്രൂരമായി പീഡിപ്പിക്കുകയും ചരക്കുകൾപോലെ കച്ചവടം നടത്തുകയും ചെയ്യുന്നു. എത്രയോ കുടുംബങ്ങളും ഗ്രാമങ്ങളും മുഴുവനായി കടബാധ്യതയിൽ പണിയെടുക്കുന്നു.” ഐക്യരാഷ്ട്രസഭ മുൻ സെക്രട്ടറി ജനറൽ ബാൻ കി മൂണിന്റെ വാക്കുകൾ മനുഷ്യക്കടത്തടക്കമുള്ള വിവിധ മനുഷ്യാവകാശ ധ്വംസനങ്ങൾ തമ്മിലുള്ള ‘പരസ്പരാശ്രിതത്വത്തിലേക്കു’ വെളിച്ചംവീശുന്നു. ഇതു വ്യക്തമാക്കുന്നത് ഏതെങ്കിലുമൊരു അവകാശലംഘനംമാത്രമായി അവസാനിപ്പിക്കാൻ സാധ്യമല്ലെന്നാണ്. മനുഷ്യക്കടത്തു സംബന്ധിച്ച് ഇതു സവിശേഷ പ്രാധാന്യമർഹിക്കുന്നു. ലൈംഗികചൂഷണം, ബാലവേല, നിർബന്ധിത തൊഴിൽ, ഗാർഹികാടിമത്തം തുടങ്ങിയ നിരവധി മനുഷ്യാവകാശധ്വംസനങ്ങൾ അരങ്ങേറുന്നതു മനുഷ്യക്കടത്തിലൂടെ ശേഖരിച്ചു വിതരണം ചെയ്യുന്ന ദുർബ്ബല മാനവരുടെ ദുരിതത്തിന്റെ ചുമലിലാണ്. ഇതുതന്നെയായിരിക്കണം ആഗോളസമൂഹം ഈ ക്രൂരത അവസാനിപ്പിക്കാൻ മുൻകൈയെടുക്കാനുള്ള ഒരു കാരണം.

യുഎൻ പൊതുസഭ 2013 ഡിസംബർ 18 ന് അംഗീകരിച്ച A / RES / 68/192 എന്ന പ്രമേയത്തിലൂടെ ജൂലൈ 30 മനുഷ്യക്കടത്തിനെതിരായ ലോകദിനമായി പ്രഖ്യാപിച്ചു. 2014 ജൂലൈ 30 ന് ആദ്യമായി ലോകം ഈ ദിനം ആചരിച്ചു. ‘മനുഷ്യക്കടത്തിന്റെ ഇരകൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ സംബന്ധിച്ച് അവബോധം വളർത്തുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയുമാണ്’ ഈ ദിനത്തിന്റെ ലക്ഷ്യമെന്നാണു യുഎൻ പ്രമേയം പറയുന്നത് (1).

ഈ ദിനാചരണത്തോട് അനുബന്ധിച്ചു 2021 ലെ വിചിന്തനവിഷയം ‘ഇരകളുടെ ശബ്ദം വഴിതെളിക്കട്ടെ’ (Victims’ Voices Lead the Way) എന്നതാണ്. മനുഷ്യക്കടത്തിന്റെ ക്രൂരതകൾ അതിജീവിച്ചവരെ ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യമാണ് ഈ പ്രമേയം എടുത്തുകാണിക്കുന്നത്. ഈ അവകാശധ്വംസനത്തിന് എതിരായ പോരാട്ടത്തിലെ പ്രധാന കണ്ണികളാണു രക്ഷപ്പെട്ട ഇരകൾ. ഈ കുറ്റകൃത്യം തടയുന്നതിനും ഫലപ്രദമായ നടപടികൾ കൈക്കൊള്ളുന്നതിലും ഇരകളെ തിരിച്ചറിഞ്ഞു രക്ഷപ്പെടുത്തുന്നതിലും പുനരധിവാസിപ്പിയ്ക്കുന്നതിലും ഈ വ്യക്തികളുടെ പങ്കു നിർണ്ണായകമാണ്. ഇവരെ ഉൾപ്പെടുത്തുന്നതിലൂടെ ഈ അവകാശധ്വംസനത്തിന് എതിരായ പ്രവർത്തനങ്ങൾ ഇരകളെ കേന്ദ്രീകരിക്കുന്ന, കൂടുതൽ ഫലപ്രദവുമായ സമീപനത്തിലേക്കു മാറ്റാം.

മനുഷ്യക്കടത്തിന്റെ ഇരകളിൽ പലരും സഹായത്തിനുള്ള സാധ്യതകളെക്കുറിച്ച് അജ്ഞരാണ്. കുറ്റവാളികളെ തിരിച്ചറിയുമ്പോഴും മറ്റു നിയമനടപടികളിലും അവർക്കു വേദനാജനകമായ അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. തങ്ങളെ തട്ടിക്കൊണ്ടുപോയവരുടെ നിർബന്ധത്തിൽ ചെയ്ത കുറ്റകൃത്യങ്ങളുടെ ശിക്ഷവരെ പലർക്കും ഏറ്റുവാങ്ങേണ്ടിവരുന്നു. പലപ്പോഴും, മറ്റുള്ളവരുടെ അധിക്ഷേപം, അപര്യാപ്തമായ സാമൂഹികപിന്തുണ തുടങ്ങിയവയും അവരനുഭവിക്കും (2).

മനുഷ്യക്കടത്തിനെതിരായ അന്താരാഷ്ട്ര ചിഹ്നമാണു ‘നീല ഹൃദയം’ (Blue Heart). ഈ ക്രൂരതക്കു വിധേയരായവരുടെ ദുഃഖത്തെയതു പ്രതിനിധീകരിക്കുന്നു. അതിനൊപ്പം, സഹജീവികളെ വാങ്ങുകയും വില്ക്കുകയും ചെയ്യുന്നവരുടെ തണുത്തുറഞ്ഞ മനസ്സിനെയും അതടയാളപ്പെടുത്തുന്നു. മനുഷ്യക്കടത്തിനും സമൂഹത്തിൽ അതു ചെലുത്തുന്ന സ്വാധീനത്തിനും എതിരേ പോരാടുന്നതിനുള്ള അവബോധം വളർത്തുന്ന സംരംഭമാണ് ബ്ലൂ ഹാർട്ട് കാമ്പെയ്ൻ. ഗവൺമെന്റുകൾ, സിവിൽ സൊസൈറ്റി, കോർപ്പറേറ്റ് മേഖല, വ്യക്തികൾ തുടങ്ങിയവരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, പ്രതിരോധ നടപടികൾക്കു പ്രചോദനം നല്കുക, ഈ ഘോര കുറ്റകൃത്യം തടയുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. മനുഷ്യക്കടത്തിന്റെ ഇരകളോട് ഐക്യദാർഢ്യം പ്രകടപ്പിക്കാനും ‘നീല ഹൃദയം’ ധരിച്ച് അവരുടെ ദൃശ്യപരത വർദ്ധിപ്പിക്കാനും ഈ കാമ്പെയ്ൻ സമൂഹത്തോട് ആവശ്യപ്പെടുന്നു. ലോകമെമ്പാടും മനുഷ്യക്കടത്ത് ഇരകൾക്കു സഹായവും സംരക്ഷണവും നല്കുന്ന സംഘടനകളിലൂടെ പ്രവർത്തനങ്ങളെ പിന്തുണക്കാൻ രുപവത്ക്കരിച്ച യുഎന്നിന്റെ മനുഷ്യക്കടത്തിന്റെ ഇരകൾക്കായുള്ള സ്വമേധയാലുള്ള ട്രസ്റ്റ് ഫണ്ടിലേക്കാണ് (United Nations Voluntary Trust Fund for Victims of Trafficking in Persons) ബ്ലൂ ഹാർട്ട് കാമ്പെയ്‌നിന്റെ ഭാഗമായി ലഭിക്കുന്ന സംഭാവനകൾ എത്തുന്നത്.

മനുഷ്യക്കടത്തു ക്രൂരമായ കുറ്റകൃത്യവും മനുഷ്യാവകാശ ലംഘനവുമാണ്. ഓരോ വർഷവും ആയിരക്കണക്കിനു പുരുഷന്മാരും സ്ത്രീകളും കുട്ടികളും സ്വദേശത്തും വിദേശത്തും കടത്തുകാരുടെ കൈകളിൽ അകപ്പെടുന്നു. മിക്കവാറും എല്ലാ രാജ്യങ്ങളിലും ഈ ക്രൂരത അരങ്ങേറുന്നുണ്ട്, ഉത്ഭവരാജ്യം, കടത്തുവഴി, ഇരകളുടെ ലക്ഷ്യസ്ഥാനം എന്നിങ്ങനെ പലവിധം ഇതു സർവ്വപ്രദേശങ്ങളെയും ബാധിക്കുന്നു. രാഷ്ട്രാതിർത്തികളെ അതിലംഘിക്കുന്ന സംഘടിത കുറ്റകൃത്യങ്ങൾക്കെതിരായ യുഎൻ കൺവെൻഷന്റെയും (United Nations Convention against Transnational Organized Crime- UNTOC) പ്രോട്ടോക്കോളുകളുടെയും നടപ്പാക്കൽ നിരീക്ഷിക്കുന്നവരെന്ന നിലയിൽ യു‌എൻ‌ഒഡി‌സി, മനുഷ്യക്കടത്തു തടയുന്നതിനും അടിച്ചമർത്തുന്നതിനും കുറ്റവാളികളെ ശിക്ഷിക്കുന്നതിനുമുള്ള പ്രോട്ടോക്കോൾ (Protocol to Prevent, Suppress and Punish Trafficking in Persons -Trafficking in Persons Protocol) നടപ്പാക്കാനുള്ള രാജ്യങ്ങളുടെ പരിശ്രമങ്ങളെ സഹായിക്കുന്നു.
മനുഷ്യക്കടത്തു തടയുന്നതിനും അടിച്ചമർത്തുന്നതിനും കുറ്റവാളികളെ ശിക്ഷിക്കുന്നതിനുമുള്ള പ്രോട്ടോക്കോൾ മനുഷ്യക്കടത്തിനെ നിർവ്വചിക്കുന്നുണ്ട്. ‘ഭീഷണി, ബലപ്രയോഗം, മറ്റു തരത്തിലുള്ള ഭയപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ, വഞ്ചന, ചതി, അധികാരദുർവ്വിനിയോഗം, ദുർബ്ബലത, മറ്റൊരാളുടെമേൽ നിയന്ത്രണമുള്ള ഒരു വ്യക്തിയുടെ സമ്മതം നേടുന്നതിനു പണമോ ആനുകൂല്യങ്ങളോ നല്കുകയോ സ്വീകരിക്കുകയോ ചെയ്യുക എന്നിവ ഉപയോഗപ്പെടുത്തി ചൂഷണത്തിനായി മനുഷ്യരെ റിക്രൂട്ടുചെയ്യുക, കൊണ്ടുപോകുക, കൈമാറുക, പാർപ്പിക്കുക, സ്വീകരിക്കുക’ എന്നീ കാര്യങ്ങൾ മനുഷ്യക്കടത്തായി പരിഗണിക്കണമെന്നാണു പ്രസ്തുത നിർവ്വചനം വ്യക്തമാക്കുന്നത്. മനുഷ്യചൂഷണത്തിൽ ‘വേശ്യാവൃത്തി, മറ്റുവിധം ലൈംഗികചൂഷണങ്ങൾ, നിർബന്ധിത തൊഴിൽ/സേവനങ്ങൾ, അടിമത്തം/മറ്റു തതുല്യ സമ്പ്രദായങ്ങൾ, അടിയാളത്തം, അവയവങ്ങൾ നീക്കംചെയ്യൽ’ എന്നിവ ഉൾപ്പെടുമെന്നും ഈ നിർവ്വചനം സൂചിപ്പിക്കുന്നു.

നിർബന്ധിതതൊഴിൽ, ലൈംഗികാവശ്യങ്ങൾ തുടങ്ങിയ നിരവധി ആവശ്യങ്ങൾക്കായി സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെയും ചൂഷണംചെയ്യുന്ന കുറ്റമാണു മനുഷ്യക്കടത്ത്. 2003 മുതൽ യുഎൻ ഡ്രഗ്സ് ആന്റ് ക്രൈം ഓഫീസ് (യു‌എൻ‌ഒഡി‌സി) ലോകമെമ്പാടുമായി കണ്ടെത്തിയ 225,000 മനുഷ്യക്കടത്തിന്റെ ഇരകളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു. ആഗോള രാജ്യങ്ങൾ കൂടുതൽ ഇരകളെ കണ്ടെത്തി രക്ഷിക്കുകയും കൂടുതൽ കടത്തുകാരെ ശിക്ഷിക്കുകയും ചെയ്യുന്നു. ഒരേസമയം ഇരകളെ കണ്ടെത്തി രക്ഷിക്കാനുള്ള രാഷ്ട്രങ്ങളുടെ കഴിവും മനുഷ്യക്കടത്തുകാരുടെ ‘കാര്യക്ഷമതയും’ വർദ്ധിച്ചത് ഈ അവസ്ഥക്കു കാരണമായിട്ടുണ്ട്.
ലോകമെമ്പാടുമുള്ള കടത്തുകാർ സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യമിടുന്നതു തുടരുന്നു. ലൈംഗികചൂഷണത്തിനായുള്ള കടത്തിന് ഇരയായവരിൽ ബഹുഭൂരിപക്ഷവും നിർബന്ധിത തൊഴിലാളികൾക്കായി കടത്തപ്പെടുന്നവരിൽ 35 ശതമാനവും സ്ത്രീകളാണ്. സംഘർഷ ബാധിത മേഖലകളിൽ സായുധസംഘങ്ങൾ സിവിലിയന്മാരെയും കടത്തുകാരെയും നിർബന്ധിതമായി കുടിയിറക്കപ്പെടുന്നവരെയും കൂടുതൽ ലക്ഷ്യമിടുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. 2018 ലെ മനുഷ്യക്കടത്തു സംബന്ധിച്ച ആഗോള റിപ്പോർട്ട് വ്യക്തമാക്കുന്നതു സ്വന്തം രാജ്യത്തിനകത്തു കടത്തപ്പെടുന്നവരുടെ വിഹിതം അടുത്ത കാലത്തായി ഇരട്ടിച്ചു എന്നാണ്. കണ്ടെത്തിയ ഇരകളിൽ 58 ശതമാനവും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.

മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തിലെ സുപ്രധാന കാൽവെപ്പാണു മനുഷ്യക്കടത്തിനെതിരായ ആഗോള കർമ്മപദ്ധതി. 2010-ൽ യുഎൻ പൊതുസഭ മനുഷ്യക്കടത്തു ചെറുക്കാനുള്ള ആഗോള പദ്ധതി (Global Plan of Action to Combat Trafficking in Persons) അംഗീകരിച്ചു. ഈ മനുഷ്യാവകാശധ്വംസനം അവസാനിപ്പിക്കാൻ ഏകോപിതവും സ്ഥിരവുമായ നടപടികൾ സ്വീകരിക്കാൻ ലോകമെമ്പാടുമുള്ള സർക്കാരുകളോട് ഈ കർമ്മപദ്ധതി ആഹ്വാനംചെയ്യുന്നു. ആഗോള വികസനം ത്വരിതപ്പെടുത്തുന്നതിനും സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായുള്ള യുഎന്നിന്റെ വിശാലമായ പദ്ധതികളുമായി മനുഷ്യക്കടത്തിനെതിരായ പോരാട്ടം സമന്വയിപ്പിക്കാൻ ഈ കർമ്മപദ്ധതി ആവശ്യപ്പെടുന്നു. കള്ളക്കടത്തിന് ഇരയായവർക്കായി, പ്രത്യേകിച്ചു സ്ത്രീകൾക്കും കുട്ടികൾക്കുമായൊരു യുഎൻ വോളണ്ടറി ട്രസ്റ്റ് ഫണ്ട് സ്ഥാപിക്കുക എന്നതായിരുന്നു ഈ പദ്ധതിയിലെ നിർണ്ണായക വ്യവസ്ഥകളിലൊന്ന്.
ഈ രംഗത്തു സവിശേഷമായി ഇടപെടുന്ന എൻ‌ജി‌ഒകൾ‌ക്കു ട്രസ്റ്റ് ഫണ്ടിൽനിന്നു ഗ്രാന്റ് ലഭ്യമാക്കുന്നുണ്ട്. കള്ളക്കടത്തിന്റെ ഇരകൾക്കു ഫലപ്രദവും അടിസ്ഥാനപരവുമായ സഹായവും സംരക്ഷണവും ഇതുവഴി നല്കുന്നു. വരും വർഷങ്ങളിൽ, സായുധ സംഘട്ടനത്തിന്റെ പശ്ചാത്തലത്തിൽ നിന്നുള്ള ഇരകൾക്കും വലിയ അഭയാർഥികൾക്കും കുടിയേറ്റ പ്രവാഹങ്ങൾക്കും ഇടയിൽ തിരിച്ചറിഞ്ഞവർക്ക് മുൻഗണന നല്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ലൈംഗിക ചൂഷണം, അവയവം നീക്കംചെയ്യൽ, നിർബന്ധിത ഭിക്ഷാടനം, നിർബന്ധിത കുറ്റകൃത്യം, ഓൺലൈൻ അശ്ലീലചിത്ര നിർമ്മാണം മുതലായ ഉയർന്നുവരുന്ന ചൂഷണാവശ്യങ്ങൾ എന്നിവക്കായി കടത്തപ്പെടുന്ന ഇരകൾക്കുള്ള സഹായത്തിലും ഇതു ശ്രദ്ധ കേന്ദ്രീകരിക്കും.

2015 സെപ്റ്റംബറിൽ ലോകം 2030 സുസ്ഥിര വികസന അജണ്ട അംഗീകരിച്ചു; മനുഷ്യക്കടത്തു തടയുന്നതിനുള്ള നിശ്ചിത ലക്ഷ്യങ്ങളും സ്വീകരിച്ചു. കുട്ടിക്കടത്തും അവരുടെ നേരേയുള്ള ആക്രമണവും അവസാനിപ്പിക്കാൻ ഈ ലക്ഷ്യങ്ങൾ ആവശ്യപ്പെടുന്നു. മനുഷ്യക്കടത്തിനെതിരായ നടപടികളുടെ ആവശ്യകതയും സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ എല്ലാത്തരം ആക്രമണങ്ങളും ഇല്ലാതാക്കുന്നതിനും അവ പരിശ്രമിക്കുന്നു. ഈ കുറ്റകൃത്യം തടയുന്നതിൽ നിർണ്ണായകമായ മറ്റൊരു സുപ്രധാന സംഭവവികാസമാണ് അഭയാർഥികൾക്കും കുടിയേറ്റക്കാർക്കുമായുള്ള യുഎൻ ഉച്ചകോടി (UN Summit for Refugees and Migrants). ഇതിന്റെ ഫലമായാണു ചരിത്രപ്രസിദ്ധമായ ‘ന്യൂയോർക്ക് പ്രഖ്യാപനം’ (New York Declaration) പുറപ്പെടുവിച്ചത്. പ്രഖ്യാപനത്തിൽ രാജ്യങ്ങൾ സ്വീകരിച്ച 19 പ്രതിബദ്ധതകളിൽ മൂന്നെണ്ണം മനുഷ്യക്കടത്ത്, കുടിയേറ്റ കള്ളക്കടത്ത് എന്നീ കുറ്റകൃത്യങ്ങൾക്കെതിരായി ശക്തമായ നടപടികൾ കൈക്കൊള്ളുന്നതു സംബന്ധിച്ചാണ്.
മനുഷ്യക്കടത്തു സംബന്ധിച്ച ആഗോള റിപ്പോട്ട് കാലാകാലങ്ങളിൽ യുഎന്നിന്റെ കീഴിലെ യു‌എൻ‌ഒഡി‌സി എന്ന വിഭാഗം പുറത്തിറക്കുന്നുണ്ട്. ‘മനുഷ്യക്കടത്തു സംബന്ധിച്ച ആഗോള റിപ്പോട്ട് 2020’ ഇത്തരം 5-ാം പ്രസിദ്ധീകരണമാണ്. യുഎൻഒഡിസി ഈ ആഗോള റിപ്പോർട്ട് പുറത്തിറക്കുന്നത് 2010 ലെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യക്കടത്തിനെതിരായ ആഗോള പദ്ധതിയിലൂടെ ലഭിച്ച അധികാരത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ വർഷം പുറത്തിറക്കയ റിപ്പോട്ട് 148 രാജ്യങ്ങളെ സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്നു, ആഗോള, മേഖല, ദേശീയ തലങ്ങളിലെ മനുഷ്യക്കടത്തിന്റെ അവലോകനം ഈ റിപ്പോട്ടു നല്കുന്നു, 2021 ഫെബ്രുവരി 2 നു പുറത്തിറക്കിയ പഠനം പ്രധാനമായി 2016 നും 2019 നും ഇടയിൽ കണ്ടെത്തിയ കടത്തു കേസുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. നിരവധി നയപരമായ നിർദ്ദേശങ്ങളും ഈ റിപ്പോട്ട് മുന്നോട്ടുവയ്ക്കുന്നു.

ഇരകളാക്കപ്പെടാനുള്ള സാമൂഹിക സമ്മർദ്ദം ശക്തമാകുന്ന സന്ദർഭങ്ങളാണു പൊതുവേ മനുഷ്യക്കടത്തുകാർ ചൂഷണം ചെയ്യുക. ഈ സമയത്ത് അവർ ഇരകളെ ലക്ഷ്യംവയ്ക്കും. കോവിഡ് അനുബന്ധ സാമ്പത്തികമാന്ദ്യം കൂടുതൽ പേരെ മനുഷ്യക്കടത്തിന്റെ ഭീഷണിയിലാക്കുകയും ചെയ്യും. മനുഷ്യക്കടത്തു സംഘങ്ങൾ പ്രത്യേകമായി ഉന്നമിടുന്നതു സ്ത്രീകളെയാണ്. 2018 ൽ ആഗോളതലത്തിൽ കണ്ടെത്തിയ ഓരോ 10 ഇരകളിൽ അഞ്ചോളം മുതിർന്ന സ്ത്രീകളും 2 പെൺകുട്ടികളും ഉണ്ടായിരുന്നു. ആകെ കണ്ടെത്തിയവരിൽ മൂന്നിലൊന്നു കുട്ടികളും– പെൺകുട്ടികൾ19%, ആൺകുട്ടികൾ 15%–20% മുതിർന്ന പുരുഷന്മാരുമാണ്.

പാർശ്വവത്കരിക്കപ്പെട്ടവരോ ബുദ്ധിമുട്ടുള്ള സാമൂഹിക സാഹചര്യങ്ങളിൽ ഉള്ളവരോ ആയ ഇരകളെയാണു കടത്തുകാർ മുഖ്യമായി നോട്ടമിടുക. ഔദ്യോഗികമായി രേഖപ്പെടുത്താത്ത കുടിയേറ്റക്കാരും തൊഴിൽ ആവശ്യമുള്ളവരും വർദ്ധിച്ച തോതിൽ ഈ അപകടസാധ്യത നേരിടുന്നു. അവർ നിർബന്ധിത തൊഴിലിനായി കടത്തപ്പെടാൻ സാധ്യതയേറെയാണ്. കുട്ടികളെ കടത്തുന്ന കുറ്റവാളികൾ അതിദരിദ്രവീടുകൾ, തകർന്ന കുടുംബങ്ങൾ, രക്ഷാകർതൃ പരിചരണമില്ലാതെ ഉപേക്ഷിക്കപ്പെട്ടവർ തുടങ്ങിയവരിൽനിന്ന് ഇരകളെ ലക്ഷ്യമിടുന്നു. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ, കണ്ടെത്തിയ ഇരകളിൽ പകുതിയും കുട്ടികളാണ്; പ്രധാനമായി നിർബന്ധിത തൊഴിലാളികളായാണ് ഇവർ (46%) കടത്തപ്പെടുന്നത്.

ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ, കുട്ടികളെ പ്രധാനമായും ലൈംഗികചൂഷണം, നിർബന്ധിത കുറ്റകൃത്യം അല്ലെങ്കിൽ ഭിക്ഷാടനം എന്നിവയ്ക്കായി കടത്തുന്നു. മുമ്പത്തെ സാമ്പത്തിക പ്രതിസന്ധികളെപ്പോലെ, കോവിഡ് 19 മഹാമാരി സൃഷ്ടിച്ച തൊഴിലില്ലായ്മയുടെ കുത്തനെയുള്ള വർദ്ധനവു മനുഷ്യക്കടത്തു വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്, പ്രത്യേകിച്ചു തൊഴിൽരംഗത്തു വേഗവും സ്ഥിരവുമായ ഇടിവ് അനുഭവിക്കുന്ന രാജ്യങ്ങളിൽനിന്ന്. ഈ പ്രദേശങ്ങളിൽനിന്നുള്ള തൊഴിലന്വേഷകർ അവരുടെ അവസരങ്ങൾ മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിൽ ഉയർന്ന റിസ്ക് എടുക്കാൻ കൂടുതൽ സന്നദ്ധരാകാൻ സാധ്യതയുണ്ട്. മഹാമാരിയുടെ മാന്ദ്യകാലത്ത് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതു സമ്പന്നരാജ്യങ്ങളിൽ നിന്നുള്ളതടക്കം ഏറ്റവും ദുർബലസമൂഹങ്ങളാണ്. തൊഴിലില്ലായ്മയുടെ വർദ്ധനവു കുറഞ്ഞ വരുമാനക്കാരെയാണു ഏറ്റവും കൂടുതലായി ബാധിച്ചത് എന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്. തൊഴിലില്ലായ്മ നിരക്കു കൂടുന്നതിനനുസരിച്ച്, ദരിദ്രസമുദായങ്ങളിൽനിന്നു കൂടുതലാളുകൾ മെച്ചപ്പെട്ട രീതിയിൽ സാമ്പത്തിക വളർച്ച തിരിച്ചുപിടിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കൂടുതലായി കടത്തപ്പെടാൻ സാധ്യതയുണ്ടെന്നാണു മനുഷ്യക്കടത്തിനെ സംബന്ധിച്ച ആഗോള റിപ്പോട്ട് 2020 സൂചിപ്പിക്കുന്നത്.

അതിദാരിദ്ര്യമുള്ള സമൂഹങ്ങളിൽ നിന്നാണ് കുട്ടികളുടെ കടത്ത് കൂടുതൽ നടക്കുന്നുത് എന്നാണു യുഎൻഒഡിസി പഠനം വ്യക്തമാക്കുന്നത്. മനുഷ്യക്കടത്തിന്റെ ഇരകളിൽ മൂന്നിലൊന്നു കുട്ടികളാണ്. എന്നിരുന്നാലും, കുട്ടികളുടെ കടത്ത് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളെ അനുപാതികമായി വർദ്ധിച്ചതോതിൽ ബാധിക്കുന്നു, അവിടങ്ങളിൽ ഇതു ബാലവേലയുമായി ബന്ധപ്പെട്ടിരിക്കുന്നു. സബ്-സഹാറൻ ആഫ്രിക്കയിൽ, തോട്ടങ്ങൾ, ഖനികൾ, ക്വാറികൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ തൊഴിലാളികളായും ചന്തകളിലും തെരുവുകളിലും വില്പനക്കാരായും ഉപയോഗിക്കാൻ കുട്ടികളെ കടത്തുന്നു. ദക്ഷിണേഷ്യയിൽ, 12 വയസ്സിനു താഴെയുള്ള കുട്ടികളെ ഇഷ്ടികച്ചൂളകൾ, ഹോട്ടലുകൾ, വസ്ത്ര വ്യവസായം, കൃഷി എന്നിവയിൽ ജോലിക്കായി കടത്തിയിട്ടുണ്ട്. നിർബന്ധിത തൊഴിലിനായി കടത്തപ്പെട്ട കുട്ടികളെ തെക്കേ അമേരിക്കൻ തോട്ടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

ബാലവേലയ്ക്കു വിശാലമായ സ്വീകാര്യതയുള്ള സാമൂഹിക പരിസരം കടത്തുകാർക്കു ഫലഭൂയിഷ്ഠമായ മണ്ണൊരുക്കും. കുട്ടികളെ വീട്ടിൽനിന്നു ജോലിക്കായി ദൂരദേശങ്ങളിൽ അയയ്‌ക്കുന്നതു പൊതുശീലമാകുമ്പോൾ ചെറുപ്പക്കാരെ ചൂഷണംചെയ്യാൻ എളുപ്പമാണ്. അത്തരം സന്ദർഭങ്ങളിൽ, കുട്ടികളായ ഇരകൾ വ്യക്തമായ കാഴ്ചയിൽ നിന്നു മറഞ്ഞിരിക്കാനുള്ള സാധ്യതയും അധികമാണ്.
ലൈംഗികചൂഷണത്തിനായി കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നതു പ്രധാനമായും മധ്യ അമേരിക്കയിലും കരീബിയൻ, കിഴക്കൻ ഏഷ്യ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ്. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ, കുട്ടികളെ കടത്തുന്നതു പൊതുവേ കുറവാണ്. അവിടങ്ങളിൽ ലൈംഗിക ചൂഷണത്തിനാണു കുട്ടികളെ കൂടുതലായും കടത്തുന്നത്. യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ, നിർബന്ധിത തൊഴിലിനായി കടത്തപ്പെടുന്ന കുട്ടികൾ മൊത്തം ഇരകളിൽ 1% മാത്രമാണ്. ആഗോളതലത്തിൽ മിക്ക കുട്ടികളും ലൈംഗിക ചൂഷണത്തിനായാണു കടത്തപ്പെടുന്നത്.

ലൈംഗികചൂഷണത്തിനും (പെൺകുട്ടികളായ ഇരകളിൽ 72%), നിർബന്ധിത തൊഴിലിനും (66% ആൺകുട്ടികൾ) പുറമേ കടത്തിക്കൊണ്ടുവന്ന കുട്ടികളെ ഭിക്ഷാടനത്തിനും മയക്കുമരുന്നു കടത്തുപോലുള്ള നിർബന്ധിത ക്രിമിനൽ പ്രവർത്തനങ്ങൾക്കും ഉപയോഗപ്പെടുത്തുന്നു. ഈ കേസുകളിലെ കടത്തുകാർ മിക്കപ്പോഴും പലവിധ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബങ്ങളെ സ്വാധീനിക്കുകയും ഇരകളുടെ രക്ഷകരാണു തങ്ങളെന്ന മിധ്യാബോധം അവരിൽ സൃഷ്ടിക്കുകയും ചെയ്യും. പലപ്പോഴും, കുട്ടികളെ കടത്തുന്നതിൽ മാതാപിതാക്കളും സഹോദരങ്ങളും നേരിട്ടു പങ്കാളികളാകുന്നവെന്നു കേസ് സംഗ്രഹങ്ങളും മറ്റു രേഖകളും വ്യക്തമാക്കുന്നു.
മനുഷ്യക്കടത്തിനെ സംബന്ധിച്ച ആഗോള റിപ്പോട്ട് 2020 വ്യക്തമാക്കുന്ന മറ്റൊരു പ്രധാന കാര്യം ഇരകൾക്കെതിരേ കുടിയേറ്റനില ഉപയോഗിക്കാം എന്നതാണ്. ചൂഷണംനടക്കുന്ന രാജ്യത്തു ജോലിചെയ്യാനോ താമസിക്കാനോ അനുമതിയില്ലാത്ത ഇരകളെ കടത്തുസംഘങ്ങൾ കൂടുതലായി ലക്ഷ്യമിടും. നിയമവിരുദ്ധമായ കുടിയേറ്റക്കാരനായി തുറന്നുകാട്ടപ്പെടുമെന്ന ഭയം കടത്തുകാർക്കു ശക്തമായൊരു ആയുധമാണ്. അധികാരികളെ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി ഇരകളെ വളരെയെളുപ്പം ചൂഷണ സാഹചര്യങ്ങളിൽ നിലനിറുത്തുക എന്ന തന്ത്രം കുറ്റവാളികൾ പ്രയോഗിക്കും. ആഗോളമായി മിക്ക മേഖലകളിലും കണ്ടെത്തിയ ഇരകളിൽ ഗണ്യമായ പങ്കു കുടിയേറ്റക്കാരാണ്: പടിഞ്ഞാറൻ-തെക്കൻ യൂറോപ്പിൽ 65%, മിഡിൽ ഈസ്റ്റിൽ 60%, കിഴക്കൻ ഏഷ്യ-പസഫിക്കിൽ 55%, മധ്യതെക്കു-കിഴക്കൻ യൂറോപ്പിൽ 50%, വടക്കേ അമേരിക്കയിൽ 25% എന്നിങ്ങനെമാണ് അവരുടെ അനുപാതം. ജോലിക്ക് അവകാശമുള്ള തൊഴിൽ കുടിയേറ്റക്കാർ പോലും ചൂഷണത്തിന് ഇരകളാകും. പലപ്പോഴും, അവർക്കു തൊഴിൽ അവകാശങ്ങളെക്കുറിച്ച് അറിവുണ്ടാകുകയില്ല.

ഇരകളെ വിവിധ രൂപങ്ങളിൽ ചൂഷണത്തിനു വിധേയരാക്കുകയും നിയമപരമായ സമ്പദ്‌വ്യവസ്ഥയിലെ പല സാമ്പത്തിക മേഖലകളിലേക്കും നുഴഞ്ഞുകയറുകയും ചെയ്യുന്നതും കുറ്റവാളികളുടെ ഒരു രീതിയാണ്. മൊത്തത്തിൽ, കണ്ടെത്തിയ ഇരകളിൽ 50% പേരെ ലൈംഗിക ചൂഷണത്തിനും 38% നിർബന്ധിത തൊഴിലിനുമാണു കടത്തിയത്. 6% പേർ നിർബന്ധിത ക്രിമിനൽ പ്രവർത്തനത്തിനും ഒരു ശതമാനത്തിൽ കൂടുതൽ ഭിക്ഷാടനത്തിനും ഉപയോഗിക്കപ്പെട്ടു. നിർബന്ധിത വിവാഹങ്ങൾ, അവയവങ്ങൾ നീക്കംചെയ്യൽ, മറ്റാവശ്യങ്ങൾ എന്നിവയ്ക്കായി ചെറിയ ശതമാനം ആളുകളെയൂം ഉപയോഗപ്പെടുത്തി. നിർബന്ധിത തൊഴിലിനായി കടത്തപ്പെട്ട ഇരകൾ കൃഷി, നിർമ്മാണം, മത്സ്യബന്ധന വ്യവസായം, ഖനനം, തെരുവുവ്യാപാരം, ഗാർഹികാടിമത്തം എന്നിവയുൾപ്പെടെ നിരവധി സാമ്പത്തിക മേഖലകളിൽ ചൂഷണം ചെയ്യപ്പെടുന്നു. നിർബന്ധിത തൊഴിലാളികളെ കടത്തുന്ന രീതി സാമ്പത്തിക മേഖലകളിലുടനീളം വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും ഈ രംഗങ്ങളിലെല്ലാം കുറഞ്ഞ ശമ്പളം, കൂടുതൽ ജോലിസമയം, കുറഞ്ഞ പരിരക്ഷകൾ, അനൗപചാരിക തൊഴിൽ എന്നിങ്ങനെയുള്ള തൊഴിൽ അവകാശങ്ങളുടെ തകർച്ച പൊതുവായിക്കാണാം. മറ്റൊരു പ്രത്യേകത, രാജ്യാതിർത്തികളെ അതിലംഘിക്കുന്ന പ്രതിഭാസമാണിത് എന്നതാണ്; പ്രത്യേകിച്ചും ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ. യു‌എൻ‌ഒഡി‌സി വിശകലനംചെയ്ത നിർബന്ധിത തൊഴിലിനായി കടത്തപ്പെട്ട നൂറുകണക്കിന് ഇരകളുടെ നിരവധി കോടതിക്കേസുകൾ വ്യക്തമാക്കുന്നതു മറ്റേതൊരു ആവശ്യത്തിനും ഉള്ളതിനെക്കാൾ കൂടിയ അനുപാതത്തിലാണ് ഇരകളെ അവരുടെ രാജ്യങ്ങളിൽനിന്ന് ഈ കാര്യത്തിനു കൊണ്ടുപോയത് എന്നാണ്.

നിർബന്ധിത തൊഴിലിനായി കടത്തപ്പെട്ട ഇരകളുടെ ലിംഗഭേദവും പ്രായവും വിതരണവും ഓരോ തൊഴിൽമേഖലയിലും വ്യത്യസ്തമാണ്. വലിയ നിർമ്മാണ സൈറ്റുകളിലോ മത്സ്യബന്ധന വ്യവസായത്തിലോ കൂടുതൽ മുതിർന്ന പുരുഷന്മാരെ കണ്ടെത്തി. നേരെമറിച്ച്, നിർബന്ധിത തൊഴിലെടുക്കുന്ന സ്ത്രീകളും പെൺകുട്ടികളും കൂടുതലായി കാണുന്നതു ഗാർഹികാടിമത്തത്തെ ചുറ്റിപ്പറ്റിയാണ്. ഈ രംഗത്തുള്ള സ്ത്രീകൾ അതിക്രൂരമായ ചൂഷണത്തിനു വിധേയമാക്കപ്പെടുന്നു എന്നാണു യുഎൻഒഡിസി റിപ്പോർട്ട് വ്യക്തമാക്കുന്നത്.

നിർബന്ധിത തൊഴിലിനായുള്ള മനുഷ്യകടത്തു മറയ്ക്കാൻ ചില മേഖലകളുടെ ‘അദൃശ്യത’ വളരെ സഹായകരമാണെന്നും പ്രസ്തുത റിപ്പോട്ട് ചൂണ്ടിക്കാട്ടുന്നു. നിർബന്ധിത തൊഴിലിനായുള്ള വിവിധതരം മനുഷ്യകടത്തലുകളിൽ, ഗാർഹിക അടിമത്തത്തിനായുള്ളതൊരു ആഗോള പ്രതിഭാസമാണ്. ഈ ചൂഷണം ലോകത്തിലെയെല്ലാ പ്രദേശത്തും കണ്ടെത്തിയിട്ടുണ്ട്. ഗാർഹിക അടിമത്തത്തിനായുള്ള കള്ളക്കടത്തിന്റെ ഇരകൾ ലൈംഗികപീഡനം, ശാരീരികവും മാനസ്സികവുമായ ഉപദ്രവങ്ങൾ എന്നിവ ഉൾപ്പെടെ പലവിധ ചൂഷണത്തിനും ആക്രമണത്തിനും വിധേയരാകുന്നു. ഇതു മറ്റുതരം കടത്തലുകളിൽ അപൂർവ്വമായേ കാണപ്പെടുന്നുള്ളൂ എന്നാണു കോടതി കേസ് സംഗ്രഹങ്ങളും പഠനങ്ങളും സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള കള്ളക്കടത്തിന്റെ ഇരകൾ സാധാരണയായി സ്ത്രീകളാണ്. ജോലിയുടെ സ്വഭാവം പലപ്പോഴും വിശാലമായ സമൂഹത്തിൽനിന്ന് അവരെ വേർതിരിക്കുന്നു. കൂടാതെ, പലപ്പോഴും ചൂഷകരോടൊത്തു പ്രവർത്തിക്കേണ്ടിയും ജീവിക്കേണ്ടിയും വരാറുണ്ട് അവർക്ക്. ഇതൊക്കെ അവരെ കൂടുതൽ ദുർബ്ബലരാക്കുന്നു.
ഗാർഹിക അടിമത്തത്തിനു പുറമെ, കടൽ മത്സ്യബന്ധനം, കൃഷി, ഖനനം എന്നീ മേഖലകളിലെ ചൂഷണവും മനുഷ്യകടത്തും വ്യാപകമായി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത രംഗങ്ങൾ തൊഴിലാളികളെ ഒറ്റപ്പെടുത്താൻ കഴിയുന്നവയാണ്. തൊഴിൽ പരിശോധനയോ നിയമ നിർവ്വഹണ നിയന്ത്രണമോ വളരെ ബുദ്ധിമുട്ടായ ഇത്തരം സാഹചര്യങ്ങളിൽ ദുരുപയോഗം കണ്ടെത്തലും ശിക്ഷയും അസാധ്യമാണ്. വളരെക്കാലം കടലിൽ കഴിയേണ്ടിവരുന്നതിനാൽ തൊഴിലാളികളെ വർഷങ്ങളോളം ഒറ്റപ്പെടുത്താം. കോടതി രേഖകൾ അനുസരിച്ച്, മത്സ്യബന്ധന വ്യവസായത്തിൽ കള്ളക്കടത്തിന്റെ നൂറുകണക്കിന് ഇരകളെ ഒരൊറ്റ സന്ദർഭത്തിൽ ചൂഷണംചെയ്യാം എന്നാണ്.

സംഘടിത ക്രിമിനൽ സംഘങ്ങൾ കൂടുതൽ ഇരകളെ കടത്തുകയും ചെറുകിട കുറ്റവാളികളെക്കാൽ കൂടുതൽ അതിക്രമം കാണിക്കുകയും ചെയ്യുന്നുവെന്നും മനുഷ്യക്കടത്തു സംബന്ധിച്ച ആഗോള റിപ്പോട്ടു വ്യക്തമാക്കുന്നുണ്ട്. മനുഷ്യക്കടത്തിൽ ഏർപ്പെട്ടിരിക്കുന്ന കുറ്റവാളികളിൽ ബിസിനസ്സ് സംരംഭങ്ങളായി പ്രവർത്തിക്കുന്നതും പ്രാദേശിക നിയന്ത്രണം കരസ്ഥമാക്കുന്നതും, നന്നായി ചിട്ടപ്പെടുത്തിയതുമായ സംഘടിത ക്രിമിനൽ സംഘങ്ങൾ മുതൽ സ്വന്തമായോ ചെറുസംഘങ്ങളായിനിന്ന് അവസരത്തിനൊത്തു പ്രവർത്തിക്കുന്നവരോ വരെയുണ്ട്.

സംഘടിത ക്രിമിനൽ സംഘങ്ങൾ കൂടുതൽ ഇരകളെ കടത്തുന്നു, പലപ്പോഴും അധികകാലത്തേക്കും കൂടുതൽ ദൂരത്തേക്കും. വർദ്ധിച്ചതോതിൽ ആക്രമണങ്ങൾ ഉപയോഗിച്ചാകും സംഘടിത ഗ്രൂപ്പുകൾ ഇരകളെ കടത്തുക. എന്നിരുന്നാലും, സംഘടിത ക്രൈം ഗ്രൂപ്പുകൾ ഉൾപ്പെടുന്നതിനേക്കാൾ കൂടുതൽ കോടതി കേസുകൾ വ്യക്തികളായ കടത്തുകാരെക്കുറിച്ചു റിപ്പോട്ട് ചെയ്തിട്ടുണ്ട്. മധ്യ അമേരിക്കയ്ക്കും വടക്കേ അമേരിക്കയ്ക്കും ഇടയിൽ ലൈംഗികചൂഷണത്തിനു മനുഷ്യകടത്തു നടത്തുന്നതിൽ വിദഗ്ദ്ധമായൊരു സംഘത്തെ തകർക്കുന്നതിനുമുമ്പ് ഒരു ദശകത്തിലേറെ കാലമാണവർ പ്രവർത്തിച്ചത്. സംഘടിതരായ ഈ സംഘങ്ങൾ മറ്റു കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്നു. പശ്ചിമാഫ്രിക്കയിൽ നിന്ന് ഇരകളെ യൂറോപ്പിലേക്കു കടത്തുന്നൊരു സംഘം ആസൂത്രിതമായി മയക്കുമരുന്നു കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക തട്ടിപ്പ്, മറ്റ് അന്തർദേശീയ കുറ്റകൃത്യങ്ങൾ എന്നിവയിൽ ഏർപ്പെടുന്നു എന്നാണു ദേശീയ അധികാരികൾ റിപ്പോട്ട് ചെയ്തത്.

പല കടത്തുകാർക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്. അവർ നേരിട്ടുള്ള വരുമാന മാർഗ്ഗമായി കടത്തിനെ ഉപയോഗിക്കും. ബിസിനസ്സ് ഉടമകൾ, അടുപ്പമുള്ള പങ്കാളികൾ,മറ്റ് കുടുംബാംഗങ്ങൾ തുടങ്ങിയവരും മനുഷ്യക്കടത്തിൽ ഏർപ്പെട്ടിരിക്കുന്നവരുമായി കൈകോർക്കും. മാതാപിതാക്കൾ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന് ഒത്താശ ചെയ്തതോ തെരുവു ഭിക്ഷാടനത്തിനു നിർബന്ധിച്ചതോ ആയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ബിസിനസ്സ് ഉടമകൾ നിർബന്ധിത തൊഴിലിനായി ഇരകളെ ചൂഷണം ചെയ്യുന്നതും പഠനങ്ങളിലുണ്ട്.

വിശാലമായി പറഞ്ഞാൽ, 2018 ൽ മനുഷ്യക്കടത്തു കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരിൽ മൂന്നിൽ രണ്ടും പുരുഷന്മാരാണ്. എന്നാലും, മറ്റു കുറ്റകൃത്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകളുടെ പങ്കാളിത്തം കൂടുതലാണ് ഈ രംഗത്ത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. കിഴക്കൻ യൂറോപ്പിലും മധ്യേഷ്യയിലും പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ മനുഷ്യക്കടത്തിനു ശിക്ഷിക്കപ്പെടുന്നു.

ശിക്ഷിക്കപ്പെട്ട ഭൂരിഭാഗം കടത്തുകാരും ശിക്ഷിക്കപ്പെട്ട രാജ്യത്തെ പൗരന്മാരാണ്, ഏകദേശം നാലിലൊന്ന് വിദേശികളുമാണ്. മനുഷ്യക്കടത്തിന്റെ ഉത്ഭവ രാജ്യങ്ങൾ സ്വന്തം പൗരന്മാരെ (95%) ശിക്ഷിക്കുമ്പോൾ ലക്ഷ്യസ്ഥാന രാജ്യങ്ങൾ കൂടുതലായി വിദേശികളെ ശിക്ഷിക്കുന്നു (52%). മുൻ വർഷങ്ങളിലും ഈ പ്രവണതകൾ തന്നെയാണു കണ്ടത്.

പലപ്പോഴും മനുഷ്യക്കടത്തു സംഘങ്ങൾ റിക്രൂട്ട്‌മെന്റ് ഏജൻസികളെ ഒരു മറയായി ഉപയോഗിക്കുന്നുണ്ടെന്നും യുഎൻഒഡിസി പഠനം മുന്നറിയിപ്പു നല്കുന്നു. കോടതി കേസുകളും മറ്റും സൂചിപ്പിക്കുന്നതു പല കടത്തുസംഘങ്ങളും തൊഴിൽ റിക്രൂട്ടിംഗ് ഏജൻസികളെന്ന നാട്യത്തിൽ മനുഷ്യക്കടത്തു സംഘടിപ്പിച്ചിട്ടുണ്ടെന്നാണ്. വിദേശജോലി തേടുന്നവരെയാണു പലപ്പോഴും ഇത്തരക്കാർ ചൂഷണംചെയ്യുക. തൊഴിൽ തിരയൽ, ഔദ്യോഗിക രേഖകളും ഗതാഗതവും പാർപ്പിടവും മറ്റു സേവനങ്ങളും ഒരുക്കുക എന്നൊക്കെ പറഞ്ഞു തൊഴിലാളികളുടെ വേതനത്തിൽനിന്നു വൻതുക ഇത്തരക്കാർ പിടിച്ചെടുത്തു വഞ്ചിക്കുന്നു. ചില ഏജൻസികൾ 11 മാസത്തെ ശമ്പളംവരെ ഈടാക്കിയതായി റിപ്പോർട്ടുണ്ട്. നിർമ്മാണം, മത്സ്യബന്ധനം, കൃഷി, ഉൽപാദനം അല്ലെങ്കിൽ ശുചീകരണം എന്നിവ ഉൾപ്പെടെ നിരവധി സാമ്പത്തിക മേഖലകളിൽ ഈ ഏജൻസികളെ കാണാം. ചില സാഹചര്യങ്ങളിൽ, ഇവർ തൊഴിലാളികളെ ഭീഷണിപ്പെടുത്തും. മാത്രമല്ല, കമ്പനി നല്കുന്ന ശമ്പളം തടസ്സപ്പെടുത്താൻ വരെ അവർക്കു പലപ്പോഴും അധികാരമുണ്ടാകാറുണ്ട്.

ചെറുകിട റിക്രൂട്ടർമാർ ദരിദ്രരായ ഗ്രാമീണ സമൂഹങ്ങളിലും ഇതേ രീതികൾ പ്രയോഗിക്കുന്നു. ഈ മനുഷ്യക്കടത്തുകാർ കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബങ്ങളെ സമീപിച്ചു കുട്ടികളെ ജോലിക്ക് അയയ്ക്കാൻ പ്രേരിപ്പിക്കുന്നു, തൊഴിലു പകരണങ്ങളും മറ്റും വാങ്ങുന്നതിനുള്ള ഫണ്ട് മുൻകൂട്ടി നല്കുകയും ഇതിൽ കുടുങ്ങിയവരുടെ കുടുംബങ്ങളെ നിത്യമായ കടബാധ്യതയിലാക്കി കൂട്ടികളെ ചൂഷണത്തിന് ഇരകളാക്കുകയും ചെയ്യുന്നു. മിഡിൽ ഈസ്റ്റിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും സമ്പന്ന കുടുംബങ്ങൾക്കായി ഏഷ്യയിലെ വീട്ടുജോലിക്കാരെ നിയമിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ചില ഏജൻസികൾ പലപ്പോഴും തൊഴിലുടമകളോടു ഫീസ് ഈടാക്കുന്നു. തൊഴിലുടമകൾ തൊഴിലാളികളുടെ പക്കൽനിന്ന് ഈ ഫീസ് തിരിച്ചുപിടിക്കുന്നു. മിക്കപ്പോഴും അവർ തൊഴിലാളിയുടെ പാസ്പോർട്ട് പോലുള്ള രേഖകൾ തടഞ്ഞുവയ്ക്കുകയും ഫീസ് തിരികെ തരുന്നതുവരെ തൊഴിലാളിയെ വിടാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു.

മനുഷ്യക്കടത്തിൽ നിന്നുള്ള നിയമവിരുദ്ധമായ ലാഭം വ്യത്യാസപ്പെടാമെന്നും യുഎൻഒഡിസി റിപ്പോട്ട് സൂചിപ്പിക്കുന്നു. വലിയ ക്രിമിനൽ ഓർഗനൈസേഷനുകൾ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുമ്പോൾ ചെറുകിട കള്ളക്കടത്തുകാർക്കു ശരാശരി വേതനത്തേക്കാൾ അല്പം കൂടുതൽ വരുമാനം മാത്രമേ നേടാനാകുന്നുള്ളൂ. മനുഷ്യകടത്തുകാർക്കു ഗണ്യമായ തോതിൽ അനധികൃത വരുമാനം ലഭിക്കുന്ന നിരവധി സാഹചര്യങ്ങളുണ്ട്. വർഷങ്ങളായി ഡസൻ കണക്കിന് ഇരകളെ ചൂഷണംചെയ്യുന്ന വലിയ ക്രിമിനൽ സംഘങ്ങളാണ് ഇത്തരം കേസുകളുമായി ബന്ധപ്പെട്ടിരിക്കുന്നത്. യു‌എൻ‌ഒഡി‌സി വിശകലനം ചെയ്ത ഏറ്റവും ഉയർന്ന വരുമാനം ലഭ്യമായതായി കണ്ടൊരു കേസിൽ, ഒരു ക്രിമിനൽ സംഘം ലൈംഗികചൂഷണത്തിനായി തെക്ക്-കിഴക്കൻ ഏഷ്യയിൽനിന്നു വടക്കേ അമേരിക്കയിലേക്കു നൂറുകണക്കിനു സ്ത്രീകളെ കടത്തി. അഞ്ചുവർഷത്തെ പ്രവർത്തനത്തിനിടെ ക്രിമിനൽ സംഘം ദശലക്ഷക്കണക്കിന് യുഎസ് ഡോളർ സമ്പാദിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മനസ്സിലാക്കി. എന്നാൽ, മനുഷ്യക്കടത്തിൽ നിന്നുള്ള വരുമാനം പ്രവർത്തനരീതികളെയും സംഘത്തിന്റെ ഘടനയെയും ആശ്രയിച്ചു വ്യത്യാസപ്പെടാം. യു‌എൻ‌ഒഡി‌സി വിശകലനംചെയ്ത ഡസൻകണക്കിനു കേസ് സംഗ്രഹങ്ങൾ വ്യക്തമാക്കുന്നതു താരതമ്യേന കുറഞ്ഞതോതിൽമാത്രം പണം ലഭിച്ച നിരവധി സംഭവങ്ങളും ഉണ്ടെന്നാണ്. സ്ത്രീകളെയും പെൺകുട്ടികളെയും അവരുടെ ഭാവി ചൂഷകർക്കു 5,000 യുഎസ് ഡോളറിൽ താഴെ വിലയ്ക്കു വിറ്റ സാഹചര്യങ്ങൾവരെ കാണാം. ഇടനിലക്കാർക്ക് 2,000 യുഎസ് ഡോളറിൽ താഴെ മാത്രമേ പലപ്പോഴും ലഭിക്കുന്നുള്ളൂ. രാജ്യാതിർത്തിക്കുള്ളിലെ മനുഷ്യക്കടത്തിന്റെ ഇരകളെ 250 യുഎസ് ഡോളറെന്ന തുച്ഛമായ വിലക്കുവരെ കച്ചവടംചെയ്തതായാണു റിപ്പോട്ട്. ഈ കണക്കുകൾ വ്യക്തമാക്കുന്നതു ഇരകളെ കടത്തുന്നത് ഒരു നിയമാനുസൃത ബിസിനസ്സിലെ വാർഷിക ശരാശരി വരുമാനത്തെക്കാൾ ലാഭകരമല്ല എന്നാണ്. ഇരകൾ ചൂഷണത്തിനുള്ള ഘട്ടത്തിലെത്തിയരാണെങ്കിൽ വിപണി മൂല്യം കൂടുതലാകും. ഇരകളുടെ ചൂഷണം നടക്കുന്ന രാജ്യങ്ങളിൽ 25,000 യുഎസ് ഡോളർ വരെ വിലയ്ക്ക് അവരെ വിറ്റതിനു തെളിവുകളുണ്ട്. മനുഷ്യക്കടത്തുകാർ നേടുന്ന ലാഭം കണക്കാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. പഠനങ്ങൾ വ്യക്തമാക്കുന്നത് ഈ ബിസിനസ്സിലെ വരുമാനം വ്യത്യാസപ്പെടുന്നു എന്നാണ്. ഇതൊരു നിയമവിരുദ്ധ പ്രവർത്തനമായതിനാൽ ഈ വിപണിയുടെ വലുപ്പം കണക്കാക്കുന്നതു വെല്ലുവിളിയാണ്. ആഗോളതലത്തിൽ ഇരകളുടെ എണ്ണത്തെക്കുറിച്ചു വിശ്വസനീയമായ കണക്കെടുപ്പിന്റെ അഭാവമാണ് ഇതിനൊരു കാരണം.

കള്ളക്കടത്തിന്റെ അനധികൃത വിപണിയിൽ ഇരകൾ എത്രമാത്രം വിലമതിക്കുന്നുവെന്നു വിശകലനം കാണിക്കുന്നു. കടത്തുകാർ ഇരകളെ ചരക്കുകളായി കച്ചവടം ചെയ്യുന്നു. അവർക്കിടയിൽ വാങ്ങുകയും വില്ക്കുകയും ചെയ്യുമ്പോൾ ഇരകൾക്കു “വില” ഉണ്ടെന്നു കേസുകൾ വെളിപ്പെടുത്തുന്നു. ഇരകൾക്കു നല്കുന്ന വില ഏതാനും ഗ്രാം മെത്താംഫെറ്റമിന്റെതിനു തുല്യമായ കുറച്ചു ഡോളറുകൾവരെ കുറവാകാം.

ഇരകളെ റിക്രൂട്ട് ചെയ്യുന്ന സമയത്തു കൂടുതൽ സൂക്ഷ്മമായ മാർഗ്ഗങ്ങൾ പ്രയോഗിക്കുന്ന മനുഷ്യക്കടത്തുകാർ അവരെ ചൂഷണംചെയ്യുമ്പോൾ വർദ്ധിച്ചതോതിൽ അക്രമാസക്തരാകുന്നുവെന്ന് ഈ പഠനം സൂചിപ്പിക്കുന്നു. കൃത്യമായ ‘ഭരണസംവിധാനമുള്ള’ സംഘടിത ക്രിമിനൽ സംഘങ്ങളുടെ ഭാഗമായവർ വ്യക്തിപരമായോ അവസരമൊക്കുമ്പോൾ മാത്രമോ കടത്തു നടത്തുന്നവരെക്കാൾ കൂടുതൽ ആക്രമണത്തെ ഉപയോഗിക്കുന്നു. എന്നിരുന്നാലും, കടത്തുകാർ പിന്തുടരുന്ന ഏറ്റവും സാധാരണമായ രീതി, വഞ്ചനാപരമായ അല്ലെങ്കിൽ കൃത്രിമമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുക എന്നതാണ്–കുറഞ്ഞത് ഇരകളെ റിക്രൂട്ട് ചെയ്യുന്ന ഘട്ടത്തിലെങ്കിലും. യു‌എൻ‌ഒഡി‌സി വിശകലനം ചെയ്ത ചുരുക്കം ചില കേസുകളിൽ മാത്രമേ ഇരകളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഒരു മാർഗ്ഗമായി ശാരീരിക അതിക്രമങ്ങൾ കാണാനായുള്ളൂ. മിക്കപ്പോഴും റിക്രൂട്ട്‌മെന്റ് ഘട്ടത്തിൽ, കള്ളക്കടത്തുകാർ വ്യാജ തൊഴിൽ പരസ്യങ്ങളിലൂടെയോ സൗഹൃദം നടിച്ച് ഇരകളുമായി നേരിട്ടു ബന്ധപ്പെടുന്നതിലൂടെയോ വഞ്ചന നടത്തുന്നു. പിന്നീട്, ഇരകളെ ചൂഷണം ചെയ്യപ്പെടുമ്പോൾ കൂടുതൽ നിർബന്ധിതവും അക്രമണപരവുമായ സാഹചര്യങ്ങൾക്കു വിധേയരാകുന്നു.

ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ നടക്കുന്ന മിക്ക കേസുകളിലും പെൺകുട്ടികളെയോ യുവതികളെയോ ലൈംഗികമായി ചൂഷണം ചെയ്യുന്നത് ഉൾപ്പെടുന്നു. അവരെ റിക്രൂട്ട് ചെയ്യുന്നതിന്, ഇരകളുടെ സാമൂഹിക-സാമ്പത്തിക പരിധീനതകൾ, ലഹരിവസ്തുക്കളുടെ ദുരുപയോഗം, അപകടകരമായ കുടുംബസാഹചര്യങ്ങൾ തുടങ്ങിയ ദുർബല സാഹചര്യങ്ങളെ കടത്തുകാർ ചൂഷണം ചെയ്തേക്കാം. ഇരകളോടു പ്രണയം നടിക്കുന്നതുപോലുള്ള കൃത്രിമരീതികൾ പലപ്പോഴും കടത്തുകാർ ഉപയോഗിക്കുന്നു, മാത്രമല്ല, ഇത്തരം സാഹചര്യത്തിൽ ആക്രമണം മുതലായവ ഒഴിവാക്കി നിറുത്തും.

മനുഷ്യകടത്തുകാർ സാങ്കേതികവിദ്യയുടെ സാധ്യതകൾ വേഗം തിരിച്ചറിഞ്ഞ് അതിനൊപ്പം സഞ്ചരിക്കുന്നു. തങ്ങളുടെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കുന്നതിൽ വിദഗ്ധരാണവർ. വെബ് ലോകത്തിന്റെ ശൈശവത്തിൽത്തന്നെസ്വന്തം സൈറ്റുകൾ ആരംഭിച്ച അവർ തുടർന്ന് ക്ലാസിഫൈഡ് പരസ്യസൈറ്റുകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിലേക്കും അതിനുശ്ശേഷം സോഷ്യൽ മീഡിയയിലേക്കും ദ്രുതഗതിയിൽ നീങ്ങി. ഇരകളെ ശാരീരികമായി ചൂഷണം ചെയ്യുന്നതിൽ ഒരു പ്രദേശത്തുമാതം കേന്ദ്രീകരിക്കേണ്ടിവരുമ്പോഴും വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കാൻ ഇന്റർനെറ്റ്, കടത്തുകാരെ സഹായിക്കുന്നു. 2000-കളുടെ തുടക്കത്തിൽ യുഎൻഒഡിസി റെക്കോർഡുചെയ്‌ത ഓൺലൈൻ സൗകര്യങ്ങളുടെ സഹായത്തോടെയുള്ള മനുഷ്യക്കടത്തിന്റെ ആദ്യ കേസ് രേഖപ്പെടുത്തി. ഇരകളെ വാങ്ങുന്നവരെ പ്രാദേശിക ഏജന്റുമാരുമായി ബന്ധിപ്പിക്കുന്നതിന് ഒരു സ്വതന്ത്ര വെബ്‌പേജ് പ്രയോജനപ്പെടുത്തിയ സംഭവമായിരുന്നു അത്. ഇപ്പോൾ, ഇൻറർനെറ്റ് അധിഷ്ഠിത മനുഷ്യക്കടത്ത് ഇരകളെക്കുറിച്ചു പരസ്യം ചെയ്യുന്നതു മുതൽ ഇരകളെ റിക്രൂട്ട് ചെയ്യുന്നതിനും ലാഭം കൈമാറുന്നതിനും ഒക്കെയായി വിവിധതലങ്ങളിൽ പ്രയോജനപ്പെടുത്തുന്നതിൽവരെ നീളുന്നു. അതിനായി തങ്ങളുടെ സംയോജിത ബിസിനസ്സ് മോഡലുകളിലേക്കു സ്മാർട്ട്ഫോൺ ആപ്ലിക്കേഷനുകളുടെ സമഗ്രമായ സംയോജനം വരെ കുറ്റവാളികൾ ഇന്നു സാധ്യമാക്കിയിട്ടുണ്ട്.

ലൈംഗികചൂഷണത്തിനായും നിർബന്ധിത കുറ്റകൃത്യങ്ങളിലേക്കും തൊഴിലിലേക്കും നയിക്കാനും ഇരകളിൽ നിന്നു സംഘടിപ്പിച്ച വൃക്കകളും മറ്റവയവങ്ങളും വില്ക്കാനും മറ്റുമുള്ള പരസ്യത്തിനുമൊക്കെ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

മനുഷ്യക്കടത്തിന്റ ഓരോ ഘട്ടത്തിലും ഉപയോഗപ്പെടുത്താവുന്ന വിധത്തിലേക്കു കടത്തുകാരുടെ ബിസിനസ്സ് മോഡലുകളിലേക്ക് ഇന്റർനെറ്റ് സാങ്കേതികവിദ്യ സംയോജിപ്പിച്ചിരിക്കുന്നു. റിക്രൂട്ട്‌മെന്റ് ഘട്ടത്തിൽ, യു‌എൻ‌ഡി‌സി അവലോകനം ചെയ്ത കോടതി കേസ് സംഗ്രഹങ്ങളിൽ നിന്ന് പ്രധാനമായി 2 തരം തന്ത്രങ്ങൾ തിരിച്ചറിയാം; “വേട്ട”യും (Hunting) “മീൻ‌പിടുത്ത”വും (Fishing). ‘വേട്ടയാടലിൽ’ ഇരയെ സോഷ്യൽ മീഡിയപോലുള്ള മാധ്യമങ്ങളിൽ സജീവമായി പിന്തുടരുന്നു. വെറുമൊരു സൗഹൃദമായി തുടങ്ങുന്ന ബന്ധം വികസിക്കുമ്പോൾ കൂടുതൽ ആക്രമണാത്മകമാകും. ‘മീൻപിടുത്ത’ തന്ത്രങ്ങളിൽ ഒരു പരസ്യം പോസ്റ്റുചെയ്ത് ഇരകൾ പ്രതികരിക്കുന്നതിനായി കാത്തിരിക്കുന്നു. പലപ്പോഴും ഉയർന്ന വേതനം നല്കുമെന്നോ ഉന്നത ജോലിയാണെന്നോ ഒക്കെ പരസ്യങ്ങൾ നല്കും. മിക്കപ്പോഴും സ്ത്രീകളോടു നഗ്നചിത്രങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെടും. തുടർന്ന് അവയുപയോഗിച്ചു ബ്ലാക്ക് മേൽ ചെയ്തു ലൈംഗിക ചൂഷണത്തിനായി ഉപയോഗപ്പെടുത്തും. ചൂഷണ സാധ്യതയുള്ളതും എന്നാൽ ആകർഷണീയ സേവനങ്ങൾക്കുള്ള പരസ്യങ്ങളിലൂടെ സാധ്യതയുള്ള ക്ലയന്റുകളെ ആകർഷിക്കാനും ഫിഷിംഗ് തന്ത്രങ്ങൾ ഉപയോഗിക്കാം. കുട്ടികളെ കടത്തുന്നതിൽ സോഷ്യൽ മീഡിയ പോലുള്ള രഹസ്യാത്മകത നിറഞ്ഞ പ്ലാറ്റ്ഫോമുകൾ വലിയതോതിൽ ഉൾപ്പെടുന്നു. പ്രായപൂർത്തിയായവർ ഉൾക്കൊള്ളുന്ന കേസുകളിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന വെബ്‌പേജുകളും ഓപ്പൺ പരസ്യങ്ങൾ ഉൾപ്പെടുന്ന മറ്റ് പ്ലാറ്റ്ഫോമുകളും ഉപയോഗിക്കാറുണ്ട്.

മനുഷ്യക്കടത്തിന്റെ രംഗത്തുള്ള ദീർഘകാല പ്രവണതകളെക്കുറിച്ചും പ്രസ്തുത റിപ്പോട്ട് സൂചിപ്പിക്കുന്നു. നിർബന്ധിത തൊഴിലിൽ കുടുങ്ങിയവർ വർദ്ധിക്കുകയും പ്രായപൂർത്തിയായ സ്ത്രീകളുടെ അനുപാതം കുറയുകയും ചെയ്യുന്നതാണ് ഒരു പ്രവണത. കഴിഞ്ഞ 15 വർഷത്തിനിടയിൽ, കണ്ടെത്തിയ സ്ത്രീകളും പുരുഷന്മാരുമായ ഇരകളുടെ എണ്ണം വർദ്ധിച്ചു. പക്ഷേ, അതിൽ പുരുഷന്മാരുടെയും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം സ്ത്രീകളെക്കാൾ കൂടി. അതിനാൽ, കണ്ടെത്തിയ ഇരകളുടെ അനുപാതം വ്യത്യസ്തമായി. മുതിർന്ന സ്ത്രീകളുടെ പങ്ക് 15 വർഷം മുമ്പുള്ള 70 ൽ നിന്ന് 2018 ൽ 50 ശതമാനത്തിൽ താഴെയായി. അതേ കാലയളവിൽ, ഇരകളായ പെൺകുട്ടികളെയും പുരുഷന്മാരെയും കണ്ടെത്തുന്നതിലും ക്രമാനുഗതമായ വർദ്ധനവു രേഖപ്പെടുത്തിയിട്ടുണ്ട്.

ലൈംഗികചൂഷണം കള്ളക്കടത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷ്യമായി തുടരുന്നു. എന്നാൽ, കണ്ടെത്തിയ ഇരകളിൽ നിർബന്ധിത തൊഴിലിനായി കടത്തപ്പെടുന്നവരുടെ അനുപാതം 18 ൽ നിന്ന് 38% ആയി വളർന്നു. അടുത്തകാലത്തായി കുറ്റകൃത്യങ്ങൾക്കു നിർബന്ധിതമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ കടത്തപ്പെട്ട ഇരകളെയും കൂടുതൽ കണ്ടെത്തി.

മനുഷ്യക്കടത്തു സാർവ്വത്രികമായ കുറ്റകൃതമാക്കുന്നതിലേക്കു ലോകം പോകുകയാണെങ്കിലും വ്യത്യസ്ത രാജ്യങ്ങളിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥകൾ ഈ വിഷയത്തിൽ പുലർത്തുന്ന നിലപാടുകൾ ഇപ്പോഴും വ്യത്യസ്തമാണ്. 2003 മുതൽ ഓരോ വർഷവും കൂടുതൽ മനുഷ്യക്കടത്തുകാർ ശിക്ഷിക്കപ്പെടുന്നുണ്ട്. മനുഷ്യക്കടത്തു–പ്രത്യേകിച്ചു സ്ത്രീകൾ കുട്ടികൾ–തടയുന്നതിനും അടിച്ചമർത്തുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള പ്രോട്ടോക്കോൾ, (യുഎൻ ട്രാഫിക്കിംഗ് ഇൻ പേഴ്‌സൺസ് പ്രോട്ടോക്കോൾ) പ്രാബല്യത്തിൽ വന്നപ്പോൾ, കൂടുതൽ മെച്ചപ്പെട്ട ക്രിമിനൽ നീതിവ്യവസ്ഥ സൃഷ്ടിക്കപ്പെടുന്നുണ്ട്.

നിലവിൽ, വിവരങ്ങൾ ലഭ്യമാകുന്ന 90 ശതമാനത്തിലധികം രാജ്യങ്ങളും യുഎൻ ട്രാഫിക്കിങ് ഇൻ പേഴ്‌സൺസ് പ്രോട്ടോക്കോളിന് അനുസൃതമായി കടത്തലിനെ കുറ്റകരമാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ, ഒരു ലക്ഷം ജനസംഖ്യ പരിഗണിച്ചാൽ മനുഷ്യക്കടത്തിനു ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം 2003 മുതൽ ഏതാണ്ട് മൂന്നിരട്ടിയായി വർദ്ധിച്ചു. 2003 ന് മുമ്പ് മനുഷ്യക്കടത്തിനെതിരായ നിയമങ്ങൾ കൊണ്ടുവന്ന രാജ്യങ്ങളിലാണ് ഇപ്പോഴും ഏറ്റവുമധികം പേർ ശിക്ഷിക്കപ്പെടുന്നത്. എന്നാൽ, പിന്നീടു നിയമപരമായ നടപടികൾ സ്വീകരിച്ച രാജ്യങ്ങളിലും ശിക്ഷാനിരക്കു വർദ്ധിക്കുകയാണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു യൂറോപ്യൻ രാജ്യങ്ങളിൽ ഉയർന്ന ശിക്ഷാനിരക്കു രേഖപ്പെടുത്തുന്നു. എന്നിരുന്നാലും, കഴിഞ്ഞ കുറച്ചു വർഷങ്ങളായി ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വ്യത്യാസപ്പെടാതാകുകയോ കുറയുകയോ ചെയ്യുന്നു. യുഎൻ ട്രാഫിക്കിംഗ് ഇൻ പേഴ്‌സൺസ് പ്രോട്ടോക്കോൾ പ്രാബല്യത്തിൽ വന്നതിനുശേഷം അമേരിക്ക, ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ രാജ്യങ്ങളിൽ മനുഷ്യക്കടത്തു വർദ്ധിക്കുന്നതായാണു കാണുന്നത്.

യുഎൻഒഡിസിയുടെ മനുഷ്യക്കടത്തു സംബന്ധിച്ച റിപ്പോട്ട് ഈ ക്രിമിനൽ പ്രവൃത്തി തടയുന്നതിനായി നയപരമായ പല നിർദ്ദേശങ്ങളും ആഗോളസമൂഹത്തിനു മുമ്പാകെവയ്ക്കുന്നു. ബഹുതല വൈദഗ്ധ്യമുള്ള പ്രത്യേക ദേശീയ മനുഷ്യക്കടത്തു വിരുദ്ധ ഏജൻസികൾ സ്ഥാപിക്കുന്നത് ഈ അവകാശലംഘനം തടയുന്നതിൽ വളരെ പ്രധാനമാണ്. മനുഷ്യക്കടത്തു തടയുന്നതിനും പ്രതിരോധിക്കുന്നതിനും, ഇരകളെ സഹായിക്കുന്നതിനുമായുള്ള പ്രത്യേക ഏജൻസികളുടെ സ്ഥാപനം വിവിധ മേഖലകൾ തമ്മിലുള്ള സഹകരണം സുഗമമാക്കുകയും ഏകോപിത പ്രതിരോധ നടപടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത്തരം ബഹുമുഖ സമീപനത്തിലൂടെ ഇരകളെ ഫലപ്രദമായി തിരിച്ചറിയുന്നതിനും പരിരക്ഷിക്കുന്നതിനും സാധിക്കും. സംഘടിതശക്തിയായിനിന്നു കൃത്യമായ പദ്ധതികളോടെ സംഘാടന മികവിൽ പ്രവർത്തിക്കുന്ന കടത്തുസംഘങ്ങളെ ഇല്ലാതാക്കാൻ ഈ നടപടി അത്യാവശ്യമാണ്. ഉൽപാദന വിതരണ ശൃംഖലയിൽ മനുഷ്യക്കടത്തിന്റെ ഇരകളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിന് എതിരായ ജാഗ്രത എല്ലാ ഭാഗത്തു നിന്നുമുണ്ടാകുന്നതും വളരെ പ്രധാനമാണ്. മത്സ്യബന്ധനം, കൃഷി, ഗൃഹജോലി തുടങ്ങിയ അധികൃതരുടെ കണ്ണെത്താത്ത മേഖലകളിൽ പ്രത്യേകശ്രദ്ധ പതിപ്പിക്കണം. മാത്രമല്ല, ഇരകളെ ഉപയോഗപ്പെടുത്തുന്ന കമ്പനികൾക്കും മറ്റുമെതിരേ ഉപരോധം പോലുള്ള നടപടികൾ വേണമെന്നും റിപ്പോട്ട് ആവശ്യപ്പെടുന്നു.

നയപരമായി പ്രത്യേകശ്രദ്ധ പതിപ്പിക്കേണ്ട മറ്റൊരു മേഖലയാണു ഇൻറർനെറ്റ് ഉപയോഗിച്ചുള്ള മനുഷ്യക്കടത്ത്. ഡിജിറ്റൽ ലോകത്തു കൃത്യമായ നിരീക്ഷണം നടത്തി കടത്തുസംഘങ്ങളെ പ്രതിരോധിക്കണം. നയപരമായി ഇടപെടേണ്ട മറ്റൊരു രംഗമാണ് ദുർബ്ബലവിഭാഗങ്ങളുടെ സംരക്ഷണം. ഈ സമൂഹങ്ങൾ മനുഷ്യക്കടത്തിന് ഇരകളാകാനുള്ള സാധ്യത വളരെയധികമാണ്. കോവിഡ് മഹാമാരി പോലുള്ളവ സൃഷ്ടിക്കുന്ന സാമ്പത്തികമാന്ദ്യം കടത്തിനുള്ള അപകടസാധ്യത വർദ്ധിപ്പിക്കും. ഈ സാഹചര്യത്തിൽ അത്തരം സമൂഹങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനു പ്രത്യേക ശ്രദ്ധവേണം.

മനുഷ്യക്കടത്തിനെ പ്രതിരോധിക്കുന്നതിനായി അനുയോജ്യമായ തന്ത്രങ്ങൾ രൂപവത്കരിക്കേണ്ടതും പ്രധാനമാണ്. മനുഷ്യക്കടത്തുകാരുടെ കുതന്ത്രങ്ങളെക്കുറിച്ചു പൊതുസമൂഹത്തെ ധരിപ്പിക്കുക, പ്രചാരണം നടത്തുക, ദുർബ്ബല സമൂഹങ്ങൾക്ക് ഇതര ജീവസന്താരണ മാർഗ്ഗങ്ങൾ ഒരുക്കുക തുടങ്ങിയവ ഇതിൽ പ്രധാനമാണ്. ഈ റിപ്പോട്ട് മുന്നോട്ടുവയ്ക്കുന്ന മറ്റൊരു നയപരമായ കാഴ്ചപ്പാടാണു മനുഷ്യക്കടത്ത് സംഘങ്ങളുടെ ഭീഷണിയാൽ ഇരകൾ ചെയ്ത കുറ്റകൃത്യങ്ങൾക്ക് അവരെ ശിക്ഷിക്കാതിരിക്കുക എന്നത്. ഇത്തരം നടപടിയിലൂടെ മനുഷ്യക്കടത്തു സംഘങ്ങളെ കുറിച്ചുള്ള വിവരം നല്കുന്നതിൽ ഇരകളുടെ സഹായം കൂടുതലായി അധികാരികൾക്കു ലഭ്യമാകും. മനുഷ്യക്കടത്തിന് എതിരായ യുഎൻ പ്രോട്ടോകോൾ വ്യവസ്ഥകൾ കൃത്യമായി നയപരിപാടികളിൽ ഉൾപ്പെടുത്തണമെന്നും യുഎൻഒഡിസി റിപ്പോർട്ട് രാജ്യങ്ങളോട് ആവശ്യപ്പെടുന്നു. ഇരകൾക്കു താമസത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണത്തിനും തൊഴിലിനുമുള്ള സൗകര്യങ്ങൾ നല്കുക, നിയമപരമായ സഹായങ്ങൾ ലഭ്യമാക്കുക തുടങ്ങിയവ പ്രത്യേകം പരിഗണിക്കണം.

മനുഷ്യക്കടത്തിനു വിധേയരായവർക്കു നീതി ലഭ്യമാക്കാനുള്ള പ്രത്യേക ഇടപെടലും നയരൂപവത്കരണത്തിൽ പ്രത്യേകം പരിഗണിക്കണം. ഇതിൻ്റെ ഭാഗമായി അവർക്ക് നഷ്ടപരിഹാരമുൾപ്പെടെ ലഭ്യമാക്കണം. ശാസ്ത്രീയ പഠനങ്ങളുടെയും വിവരസഞ്ചയത്തിന്റെയും അടിസ്ഥാനത്തിലാകണം മനുഷ്യക്കടത്തിനെതിരായ നയങ്ങളുടെ രൂപപ്പെടുത്തൽ എന്നതും നിർണ്ണായകമാണ്. മനുഷ്യക്കടത്തിനെതിരായ യുഎൻ പ്രോട്ടോകോളിന്റെ പശ്ചാത്തലത്തിൽ എല്ലാ രാഷ്ട്രങ്ങളും വിവരസഞ്ചയം ഉണ്ടാക്കുന്നുണ്ടെങ്കിലും പലതിനും നിശ്ചിത ഗുണനിലവാരമില്ല. ഓരോ രാജ്യത്തെയും പ്രത്യേകതകൾ പരിഗണിച്ചുള്ള പഠനറിപ്പോർട്ടുകൾ ഈ മനുഷ്യാവകാശധ്വംസനം തടയുന്നതിൽ വളരെ പ്രധാനമാണെന്നും ഈ റിപ്പോട്ട് വ്യക്തമാക്കുന്നു (3).

ഈ റിപ്പോട്ടിനോട് അനുബന്ധമായി മനുഷ്യക്കടത്തു സംബന്ധിച്ചു രാജ്യങ്ങളുടെ അവസ്ഥയും റിപ്പോട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയെക്കുറിച്ചും ഇതു വിവരിക്കുന്നുണ്ട്. നമ്മുടെ രാജ്യത്തു ലൈംഗികചൂഷണത്തിനായി മനുഷ്യക്കടത്തു നടത്തുന്നതുമായി ബന്ധപ്പെട്ട കുറ്റവാളികളെ 1956 ലെ ഇംമോറൽ ട്രാഫിക് പ്രിവൻഷൻ ആക്റ്റ് (ഐടിപി‌എ) പ്രകാരമാണ് വിചാരണ ചെയ്യുന്നത്. ഇന്ത്യൻ പീനൽ കോഡിലെ 372, 373 വകുപ്പുകൾ ലൈംഗികചൂഷണത്തിനായി കുട്ടികളെ കടത്തുന്നതു കുറ്റകരമാക്കുന്നു. കുട്ടികളയും സ്ത്രീകളെയും കടത്തുന്നതുമായി ബന്ധപ്പെട്ട പ്രത്യേക വ്യവസ്ഥകൾ 1976 ലെ ബോണ്ടഡ് ലേബർ സിസ്റ്റം (എബൊളിഷൻ) ആക്ടിലും 1986 ലെ ബാലവേല (നിരോധനവും നിയന്ത്രണവും) ആക്ടിലും 1994 ലെ ട്രാൻസ്പ്ലാൻറേഷൻ ഓഫ് ഹ്യൂമൻ ഓർഗൺസ് ആക്റ്റിലും 2006 ലെ ബാലവിവാഹ നിരോധനം നിയമത്തിലും കാണാം.

നാഷണൽ ക്രൈ റെക്കോഡ്സ് ബ്യൂറോ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 2017ൽ 2854 ഉം 2018 ൽ 2465 മനുഷ്യക്കടത്തു കേസുകൾ ഉണ്ടായി. 2017 ൽ 4209 ഉം 2018 ൽ 3922 ഉം പേർ വിചാരണക്കു വിധേയരായി അതിൽ യഥാക്രമം 242, 439 പേർ ശിക്ഷിക്കപ്പെട്ടു. ഇരകളുടെ സെക്സ്, പ്രായം എന്നിവ പരിഗണിച്ചാൽ 2017 ൽ 2037 ആൺകുട്ടികളും, 1498 പെൺകുട്ടികളും 2040 സ്ത്രീകളും 325 പുരുഷന്മാരും കടത്തിനു വിധേയരായി. 2018 ൽ ഇവരുടെ സംഖ്യ യഥാക്രമം 1587, 1247, 2472, 482 എന്നിങ്ങനെയാണ്. 2017 ൽ 2003 ആൺകുട്ടികളെയും, 1291 പെൺകുട്ടികളെയും 2211 സ്ത്രീകളെയും 284 പുരുഷന്മാരെയും ഈ ചൂഷണത്തിൽനിന്നു രക്ഷപ്പെടുത്തി. 2018 ൽ ഇവരുടെ സംഖ്യ യഥാക്രമം 1456, 902, 2493, 413 എന്നിങ്ങനെയാണ്. 2017 ൽ ലൈംഗികചൂഷണത്തിൽനിന്ന് 1275 പേരെയും നിർബന്ധിത തൊഴിലിൽനിന്ന് 1657 ഉം നിർബന്ധിതവിവാഹത്തിൽനിന്ന് 240 ഉം ഗാർഹിക അടിയാളത്തത്തിൽനിന്ന് 113 ഉം നിർബന്ധിത ഭിക്ഷാടനത്തിൽനിന്ന് 358 ഉം കുട്ടികളുടെ നീലചിത്രനിർമ്മാണത്തിൽനിന്ന് 0 ഉം മറ്റു മേഖലകളിൽനിന്ന് 2146 ഉം പേരെ രക്ഷിച്ചപ്പോൾ 2018 ൽ ഇതു യഥാക്രമം1922, 1046, 220, 143, 21, 154, 1758 എന്നിങ്ങനെയാണ്. 2017–2018 കാലയളവിൽ ഇന്ത്യയിൽ മനുഷ്യക്കടത്തിൽനിന്നു തദ്ദേശീയരായ 10711 ഉം (97%), നേപ്പാളിലെ 214 ഉം (2%), ബംഗ്ളാദേശിലെ 42 ഉം ((0%), മറ്റു രാജ്യങ്ങളിലെ 86 ഉം (1%) ആളുകളെ രക്ഷിച്ചിട്ടുണ്ട് (3).

മനുഷ്യക്കടത്തു തടയുന്നതിനും ഇരകളുടെ സംരക്ഷണത്തിനും സമഗ്രമായൊരു നിയമചട്ടക്കൂട് ഇന്ത്യയിൽ നിലവിലില്ല. ഈ മനുഷ്യാവകാശധ്വംസനം സംബന്ധിച്ച കൃത്യമായ വിവരസഞ്ചയവും നമ്മുടെ പക്കലില്ല. മനുഷ്യക്കടത്തിനെതിരായ ഒരു കരടു ബിൽ യൂണിയൻ സർക്കാർ ഇപ്പോൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ കരടിൽ വധശിക്ഷ പോലുള്ള അശാസ്ത്രീയ ശിക്ഷാരീതികൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും നിരവധി പുരോഗമനപരമായ വശങ്ങൾ ഈ ബില്ലിലുണ്ട്. ആഗോള മനുഷ്യാവകാശ കാഴ്ചപ്പാടുകൾക്കനുസൃതമായ പരിഷ്കാരങ്ങൾ വരുത്തി ശക്തവും പുരോഗമനപരവുമായൊരു നിയമം നിർമ്മിക്കുകയും ഇരകൾക്ക് ആവശ്യമായ സാമൂഹികസുരക്ഷ ഉറപ്പാക്കുകയുംചെയ്തു മനുഷ്യക്കടത്തെന്ന സംഘടിത കുറ്റകൃത്യം ഈ രാജ്യത്തുനിന്നു പിഴുതെറിയാം.

റെഫറൻസ്
1.https://www.un.org/en/observances/end-human-trafficking-day
2.https://www.unodc.org/unodc/en/endht/index.html
3.Global Report on Trafficking in Persons 2020
4.Global Report on Trafficking in Persons 2020: Country profile, South Asia, pages 5-7.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.