Fri. Nov 13th, 2026

✍️ റെൻസൺ വി എം

കോവിഡ് മഹാമാരിയുടെ വ്യാപനം മാനവചരിത്രത്തെ രണ്ടായി വിഭജിക്കുന്ന ഒരു നിർണ്ണായക കാലമായി 2020 നെ മാറ്റി. മനുഷ്യസമൂഹത്തിന്റെ ലോകവീക്ഷണംതന്നെ ഈ പകർച്ചവ്യാധി മാറ്റിമറിച്ചു. ഈ പ്രതിസന്ധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന ബോധ്യം വന്നതു മുതൽ അതിനെ എങ്ങനെ തരണംചെയ്യുമെന്ന് ഓരോ വ്യക്തിയും ആലോചിക്കുന്നു; എല്ലാ സമൂഹങ്ങളും അതിനായി പ്രയത്നിക്കുകയും ചെയ്യുന്നു.

പകർച്ചവ്യാധികളും മറ്റും നേരിടുന്നതിൽ തലമുറകളുടെ അറിവും അനുഭവവും ഉള്ള ഗോത്രജനതയും മഹാമാരിയിൽ നിന്നു സംരക്ഷണത്തിനും പ്രതിരോധത്തിനുമായി പരമ്പരാഗതവും നൂതനവുമായ രീതികളിലൂടെ കോവിഡ് -19 നെതിരേ പ്രതികരിച്ചു. കാലങ്ങളായി അസന്തുലിതമായ വിവേചനവും പാർശ്വവത്കരണവും നേരിടുക, അടിയന്തര ദുരിതാശ്വാസ പരിപാടികളുടെ അഭാവം നിലനില്ക്കുക, അപര്യാപ്തമോ ദുർബ്ബലമോ ആയ നയങ്ങളുടെ യാതനകൾ അനുഭവിക്കുക, ഗവൺമെന്റുകളിൽ നിന്നു സാമൂഹികവും ആരോഗ്യപരവും സാമ്പത്തികവുമായ പിന്തുണ ശുഷ്കമായിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോഴും തദ്ദേശീയവാസികൾ സ്വയം പരിരക്ഷിക്കാനും പരസ്പരം പിന്തുണക്കാനും അന്യോന്യം കൈകോർത്തു. ഈ പകർച്ചവ്യാധി അവരുടെ പുനരുൽപാദനക്ഷമത വ്യക്തമാക്കുന്നുണ്ട്. എങ്കിലും, ഈ പ്രതിസന്ധിമൂലം ആഗോളതലത്തിൽ അവർ നേരിടുന്ന അസമത്വങ്ങൾ കൂടുതൽ വിപുലമായി.
കോവിഡ് മഹാമാരി പ്രാക്തനജനതയുടെ അധികാരങ്ങളിലും ക്ഷേമത്തിലും കഠിനമായ ആഘാതം സൃഷ്ടിച്ചു. തദ്ദേശീയവാസികളുടെ അവകാശങ്ങൾക്കായി പുതുതായി നിയമിതനായ യുഎൻ സ്പെഷ്യൽ റെപ്പൊത്വാർ ജോസ് ഫ്രാൻസിസ്കോ കാലെ സെ (Jose Francisco Calí Tzay) കോവിഡ് -19 മൂലം തദ്ദേശീയ ജനത അഭിമുഖീകരിക്കുന്ന സവിശേഷ പ്രതിസന്ധികളും അനുബന്ധമായ മറ്റ് ആഗോള വിഷയങ്ങളും സംബന്ധിച്ചാണു തന്റെ ആദ്യ തീമാറ്റിക് റിപ്പോട്ട് സമർപ്പിച്ചത്. കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള ‘അടിയന്തര പദ്ധതികളിൽ പ്രാക്തനജനതയുടെ ആവശ്യങ്ങൾ അപൂർവ്വമായി മാത്രമേ കണക്കിലെടുക്കുന്നുള്ളൂ’ എന്നാണ് അദ്ദേഹത്തിന്റെ റിപ്പോർട്ടിലെ കണ്ടെത്തൽ. ഭൂരിപക്ഷം രാജ്യങ്ങളും ആദിവാസികളുടെ പ്രാധാന്യവും പ്രത്യേകതയും വേണ്ടവിധം കണക്കിലെടുത്ത് കോവിഡ് -19 പുനരുജ്ജീവന പദ്ധതികളിൽ അവരെ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം അതിൽ കുറിച്ചു. തങ്ങളെ ബാധിക്കുന്ന തീരുമാനങ്ങൾ സംബന്ധിച്ച് അറിയാനും ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്രമായി സമ്മതം നല്കാനും ഉള്ള ഗോത്രജനതയുട അവകാശങ്ങൾ പരിഗണിക്കപ്പെടുന്നില്ലെന്നും പ്രസ്തുത റിപ്പോട്ട് വ്യക്തമാക്കുന്നു.

കോവിഡ് മഹാമാരിയുടെ പ്രതിരോധത്തിൽ ആദിമജനതയുടെ സാമൂഹിക സാംസ്കാരിക പ്രത്യേകതകൾ സവിശേഷമായി പരിഗണിക്കേണ്ടതുണ്ടെന്ന് ആഗോളസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. എങ്കിൽ മാത്രമേ, ഗോത്രവിഭാഗത്തിന്റെ അതിജീവനത്തിനുള്ള നടപടികൾ കാര്യക്ഷമമാകൂ. ഈ പശ്ചാത്തലത്തിലാണ് 2021 ലെ ലോക തദ്ദേശീയ ജനതയ്ക്കായുള്ള അന്താരാഷ്ട്ര ദിനമായ ആഗസ്റ്റ് 9 ന് ‘ഒരുവനെയും ഉപേക്ഷിക്കാതിരിക്കാം: ഗോത്രജനതയും നവ സാമൂഹിക കരാറിനുള്ള ആഹ്വാനവും’ (Leaving no one behind: Indigenous peoples and the call for a new social contract) എന്ന വിചിന്തന വിഷയം തെരഞ്ഞെടുത്തിരിക്കുന്നത് (1).

ലോകമെമ്പാടുമുള്ള 90 രാജ്യങ്ങളിൽ 476 ദശലക്ഷത്തിലധികം ഗോത്രജനത അധിവസിക്കുന്നു. ഇത് ആഗോള ജനസംഖ്യയുടെ 6.2% ആണ്. തനതായ സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും ഭാഷകളുടെയും വിജ്ഞാന സമ്പ്രദായങ്ങളുടെയും ഉടമകളാണു തദ്ദേശീയജനത. തങ്ങളുടെ ആവാസവ്യവസ്ഥയുമായി സവിശേഷമായൊരു ആത്മബന്ധം അവർ പുലർത്തുന്നു. ആദിവാസിജനതയുടെ തനതു ലോകവീക്ഷണങ്ങളെയും മുൻഗണനകളെയും ആധാരമാക്കിയുള്ള വികസനത്തിന്റെ വ്യത്യസ്ത ആശയങ്ങൾ അവർ മുന്നോട്ടുവയ്ക്കുന്നുണ്ട്.

ലോകമെമ്പാടുമുള്ള നിരവധി തദ്ദേശീയ ജനമൂഹങ്ങൾ സ്വയം ഭരണത്തിന്റെ തനതുമാതൃകകൾ വികസിപ്പിച്ചിട്ടുണ്ട്. എങ്കിലും, പല ഗോത്രനിവാസികളുടെയും ആവാസവ്യവസ്ഥയും വിഭവങ്ങളും കേന്ദ്രീകൃത ഭരണകൂടങ്ങളുടെ ആത്യന്തിക അധികാരത്തിനു കീഴിലാണ്. ഇതാണു യാഥാർത്ഥ്യമെങ്കിലും, ആദിവാസികൾ സദ്ഭരണത്തിന്റെ നിരവധി മനോഹരമാതൃകകൾ വികസിപ്പിച്ചിട്ടുണ്ട്. ഹൗഡെനോഷോണി (Haudenosaunee) മുതൽ ഫസ്റ്റ് നാഷണൽ കോൺഗ്രസ് ഓഫ് ഓസ്‌ട്രേലിയാസ് ഫസ്റ്റ് പീപ്പിൾസ് വരെ ഇതിന് ഉദാഹരണങ്ങളാണ്.

കോവിഡ് മഹാമാരി നിലവിലുള്ള നിരവധി അസമത്വങ്ങൾ തുറന്നുകാട്ടുകയും വർദ്ധിപ്പിക്കുകയും ചെയ്തു. ദാരിദ്ര്യം, രോഗം, വിവേചനം, സ്ഥാപനപരമായ അസ്ഥിരത, സാമ്പത്തിക അരക്ഷിതാവസ്ഥ എന്നിവയാൽ ഇതിനകം തന്നെ ലോകജനതയെ രൂക്ഷമായ പ്രതിസന്ധികളിലേക്കു തള്ളിവിട്ടു. ഈ പ്രശ്നം മറികടക്കുന്നതിൽ ആദിവാസിജനതയുടെ വീക്ഷണം വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ, സാമ്പ്രദായിക യുക്തികൾക്കപ്പുറം മാനവികതയുടെയും സമത്വത്തിന്റെയും വിശ്വസാഹോദര്യത്തിന്റെയും അടിസ്ഥാനത്തിലുള്ള ഒരു നവ സമൂഹ സൃഷ്ടിക്കുതകും വിധമുള്ള പുതു സാമൂഹിക കരാറിനു മാനവസമൂഹം തയ്യാറാകണമെന്നും അതിൽ ഗോത്രജനത അടക്കമുള്ളവരുടെ സ്ഥാനം സ്പഷ്ടമായ് ഉറപ്പിക്കണമെന്നും ഈ വർഷത്തെ തദ്ദേശീയജനതയുടെ അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ദിനത്തിന്റെ വിചിന്തന വിഷയം നമ്മെ ഓർമ്മപ്പെടുത്തുന്നു.

സാമൂഹികവും സാസ്കാരികവുമായി വൈവിധ്യം പുലർത്തുന്ന അനേകം ഗോത്രവിഭാഗങ്ങൾ ഇന്ത്യയിൽ അധിവസിക്കുന്നു. നമ്മുടെ രാജ്യം തദ്ദേശീയ ജനതയെ ‘പട്ടിക വർഗ്ഗം’ എന്ന് ഔദ്യോഗികമായി സംബോധനം ചെയ്യുന്നു. അത്തരം 705 ഗോത്രവിഭാഗങ്ങൾ ഇവിടെയുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചു സാമൂഹികമായി പ്രാക്തനജനതയിൽ ഉൾപ്പെടുത്താവുന്ന നിരവധി ഗോത്രവംശങ്ങൾ വേറെയും ഇന്ത്യയിലുണ്ട്. നമ്മുടെ ജനസംഖ്യയിൽ 8.6% വരുന്ന 104 ദശലക്ഷം ആളുകൾ ഉൾകൊള്ളുന്നതാണ് ആദിവാസി ജനത. അവർ പ്രധാനമായി രാജസ്ഥാൻ മുതൽ പശ്ചിമബംഗാൾ വരെ മധ്യ ഇന്ത്യയിലൂടെ നീണ്ടുകിടക്കുന്ന ‘ആദിവാസി ബെൽറ്റിലും’ വടക്കൻ കിഴക്കൻ സംസ്ഥാനങ്ങളിലുമായി കേന്ദ്രീകരിക്കപ്പെടുന്നു.

ഇന്ത്യയിലെ പ്രാക്തനജനതയെ സംബന്ധിച്ചു സവിശേഷപ്രാധാന്യം അർഹിക്കുന്നതാണ് ഈ വർഷം ഗോത്രജനതയുടെ അന്താരാഷ്ട്ര ദിനവുമായി ബന്ധപ്പെട്ട പ്രമേയം മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട്. കോവിഡ് മഹാമാരിയെ ചെറുക്കാൻ ഇന്ത്യൻ ഭരണകൂടം കൈക്കൊണ്ട പ്രതിരോധ നടപടികൾ ഈ ജനതയുടെ സാമൂഹിക സാഹചര്യങ്ങൾ വേണ്ടരീതിയിൽ പരിഗണിക്കാതെയായിരുന്നു. നമ്മുടെ ഗവൺമെന്റ് പ്രഖ്യാപിച്ച ആദ്യ പ്രതിരോധ നടപടിതന്നെ മനുഷ്യാവകാശങ്ങളുടെ നേരെയുള്ള കടന്നുകയറ്റമായി പരിണമിച്ചു. ഈ പകർച്ചവ്യാധി തടയുന്നതിനായി 2020 മാർച്ച് 24 അർദ്ധരാത്രി മുതൽ ഇന്ത്യ രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപിച്ചു. ഗോത്രവിഭാഗത്തിലെ ഉൾപ്പെടെ ദശലക്ഷക്കണക്കിനു കുടിയേറ്റ തൊഴിലാളികളുടെ ജീവിതാവസ്ഥയെക്കുറിച്ചു യാതൊരു കരുതലോ ധാരണയോ ഇല്ലാതെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ പ്രഖ്യാപനം. പൗരജനത്തിന്റെ യാതനകളുടെ വേദനാജനകമായ ചിത്രങ്ങൾ മാനവികതാവാദികളെ ഒന്നാകെ ഞെട്ടിച്ചു.

ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ചതിനു കുടിയേറ്റ തൊഴിലാളികളെ പെലീസ് ഉദ്യോഗസ്ഥർ ബാറ്റൺ ഉപയോഗിച്ച് അടിക്കുന്നതിന്റെയും റോഡിൽവച്ച് അണുനാശിനി തളിക്കുന്നതിന്റെയുമൊക്കെ റിപ്പോർട്ടുകൾ പുറത്തുവന്നു. വാടകയ്‌ക്കോ ഭക്ഷണത്തിനോ പണം നല്കാത്തതിനാൽ അന്തർസംസ്ഥാന പൊതുഗതാഗതത്തിന്റെ അഭാവത്തിൽ, കുടിയേറ്റ തൊഴിലാളികൾ കടുത്ത വേനല്ക്കാലത്തു കാൽനടയായി ദീർഘവും ബുദ്ധിമുട്ടുള്ളതുമായ യാത്രകൾ നടത്താൻ നിർബന്ധിതരായി. 2020 മെയ് 11 ന് ഹൈദരാബാദിൽനിന്നു വീട്ടിലേക്കു നടക്കുമ്പോൾ മരിച്ചുവീണ 22 കാരനായ ഒഡീഷ സ്വദേശി കാസ മഡ്കാമി (Kasa Madkami) എന്ന ഗോത്രവർഗ്ഗ യുവാവിന്റെ ചിത്രം ഈ വിഭാഗമനുഭവിച്ച മനുഷ്യാവകാശധ്വംസനങ്ങളുടെ നേർക്കാഴ്ചയായി. “യാതനകൾ സഹിക്കുക: ‘കോവിഡ് -19 ന് എതിരായ സർക്കാർ പ്രതികരണങ്ങളുടെ ആഘാതം, ഇന്ത്യൻ ആദിവാസിജനതയിൽ” (Bearing the Brunt: The impact of government responses to Covid-19 on Indigenous Peoples in India) എന്ന റിപ്പോട്ട് ഈ വസ്തുത അടിവരയിടുന്നു. IWGIA എന്ന മനുഷ്യാവകാശ സംഘടന സെപ്റ്റംബർ 2020 ൽ ആണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
ലോക്ഡൗൺ സമയത്തു ഭക്ഷണം, ആരോഗ്യം, പാർപ്പിടം, ഉപജീവനമാർഗ്ഗം എന്നിവയെക്കുറിച്ചുള്ള ജനങ്ങളുടെ പ്രാഥമിക ആശങ്കകൾ പരിഹരിക്കുന്നതിനുപകരം, ഇന്ത്യൻ ഭരണകൂടം തദ്ദേശീയജനതയെ അവരുടെ തനത് ആവാസവ്യവസ്ഥയിൽനിന്നു പുറത്താക്കുന്നതിനുള്ള നയപരമായ തീരുമാനങ്ങൾ എടുക്കുകയായിരുന്നു. ഇവ, പരിസ്ഥിതിയെയും ജനങ്ങളുടെ ക്ഷേമത്തെയും സ്വാധീനിക്കുന്നവയാണ്. രാജ്യത്തെ തദ്ദേശീയജനതയെ ദീർഘകാലാടിസ്ഥാനത്തിൽ ബാധിക്കുന്ന ഈ നടപടികളിൽ കോവിഡ് -19 മഹാമാരിയിൽ നിന്നുള്ള പുനരുജ്ജീവനത്തിനുള്ള സർക്കാർ പദ്ധതിയും ഉൾപ്പെടുന്നു. മെയ് 12-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് -19 മഹാമാരി സൃഷ്ടിച്ച തകർച്ചയിൽനിന്നു രാജ്യത്തെ വിമോചിതമാകാൻ ‘ആത്മ നിർഭർ ഭാരത് അഭിയാൻ’ എന്ന പുനരുജ്ജീവന പാകേജ് പ്രഖ്യാപിച്ചു. ഈ പദ്ധതിയുടെ ഭാഗമായി, ജൂൺ 18 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശ്, ഝാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളിൽ 41 കല്ക്കരി ബ്ലോക്കുകളുടെ ഓൺലൈൻ ലേലം ആരംഭിച്ചു. ഈ കല്ക്കരി ഖനികൾ കൂടുതലും ഇടതൂർന്ന വനപ്രദേശങ്ങളിലായിരുന്നു. ഗോത്രജനതയുടെ ആവാസവ്യവസ്ഥയായ ഈ കാടുകളും വനവിഭവങ്ങളുമായിരുന്നു അവരുടെ ജീവസന്ധാരണത്തിനുള്ള മുഖ്യമാർഗ്ഗം എന്നതുകൊണ്ടുതന്നെ സർക്കാരിന്റെ ഈ നടപടി അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ഉടമ്പടികളുടെ അന്തസ്സതത്തക്കു വിരുദ്ധമായി. ഈ പുതിയ കല്ക്കരി നയം നിസ്സംശയമായും ആദിവാസികളുടെ വർദ്ധിച്ചതോതിലുള്ള കുടിയൊഴിപ്പിക്കലിനും അടിച്ചമർത്തലിനും വഴിവെക്കുമെന്നാണു വിദഗ്ദ്ധാഭിപ്രയം.

കല്ക്കരി ബ്ലോക്കുകൾ ലേലം ചെയ്യാനുള്ള സർക്കാർ തീരുമാനത്തിനെതിരേ പ്രദേശവാസികൾ, കല്ക്കരി തൊഴിലാളികൾ, പരിസ്ഥിതി പ്രവർത്തകർ എന്നിവരുടെ പ്രതിഷേധം ഉയർന്നു. ഝാർഖണ്ഡ് ജനധികാർ മഹാസഭ, ഛത്തീസ്‌ഗഢ് ബച്ചാവോ ആന്ദോളൻ, നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റ്സ് (NAPM) തുടങ്ങിയ തദ്ദേശീയ സമൂഹങ്ങൾക്കായി പ്രവർത്തിക്കുന്ന നിരവധി സംഘടനകളും കല്ക്കരി ഖനി ലേലത്തെ എതിർത്തു. ഛത്തീസ്ഗഢിലെ നിരവധി ഗ്രാമങ്ങളും ഈ നീക്കത്തെ ചോദ്യംചെയ്തു. ജൂൺ 15 ന് 25 ഗ്രാമങ്ങളെ പ്രതിനിധീകരിച്ചു 9 ഗ്രാമപഞ്ചായത്തുകൾ (ഗ്രാമത്തലവൻമാർ) സംസ്ഥാനത്തെ 5 കല്ക്കരി ബ്ലോക്കുകൾ ലേലപ്പട്ടികയിൽനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കെഴുതി. സംസ്ഥാനത്തെ 20 ഗ്രാമസഭകൾ 2015 ൽ ഹസ്ദിയോ-അരന്ദ് (Hasdeo-Arand) മേഖലയിലെ കല്ക്കരി ഖനികളുടെ ലേലത്തെ എതിർത്ത് 2015 ൽ തന്നെ പ്രമേയം പാസാക്കിയിരുന്നു. ഈ ലേലം വനാവകാശ നിയമം (FRA) 2006 ന്റെ ലംഘനമാണെന്നായിരുന്നു അവരുടെ വാദം. തങ്ങളുടെ കൈവശത്തിലിരിക്കുന്ന ഭൂമി സമ്മതമില്ലാതെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ഏതു നീക്കവും തടയാൻ ഗ്രാമസഭകൾക്കു പ്രസ്തുത നിയമം അധികാരം നല്കിയിട്ടുണ്ട്. 2020 ജൂൺ 20 ന് മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലും പ്രതിഷേധം റിപ്പോർട്ട് ചെയ്യപ്പെട്ടു. 2020 നവംബർ 6 ന്, സുപ്രീം കോടതി ഇടക്കാല ഉത്തരവിൽ ഝാർഖണ്ഡിലെ കല്ക്കരി ഖനികളുടെ ഇ-ലേലം നിർത്താൻ വിസമ്മതിച്ചെങ്കിലും, കേന്ദ്രത്തിന്റെ ഏതെങ്കിലും നടപടി കോടതിയുടെ അവസാന ഉത്തരവുകൾക്കു വിധേയമായിരിക്കുമെന്നു വ്യക്തമാക്കി.
കൂടാതെ, സമ്പൂർണ്ണ ലോക്ഡൗണിനിടയിൽ, 2020 ഏപ്രിൽ 11 ന്, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC) നിലവിലുള്ള 2006 ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ (EIA) വിജ്ഞാപനത്തിനു പകരം പരിസ്ഥിതി ആഘാത വിലയിരുത്തൽ (EIA) 2020 ന്റെ കരടു വിജ്ഞാപനം പുറപ്പെടുവിച്ചു. കരട് EIA നോട്ടിഫിക്കേഷൻ 2020 എക്‌സ് പോസ്റ്റ് ഫാക്‌ടോ ക്ലിയറൻസും നിർദ്ദേശിക്കുന്നു, പാരിസ്ഥിതിക അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന ഏതൊരു പ്രൊജക്ടിനും ഒരു പരിഹാര പദ്ധതി സമർപ്പിച്ചു നിർദ്ദിഷ്ട പിഴയൊടുക്കി നിയമവിധേയമായ യൂണിറ്റാകാനുള്ള അവസരം തുറക്കുമെന്നാണ് അതിനർത്ഥം. ഈ വിജ്ഞാപനം ആഗോളതലത്തിൽ നിലനില്ക്കുന്ന പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ കാഴ്ചപ്പാടുകൾക്കു വിരുദ്ധമാണെന്നാണു പരിസ്ഥിതിസംരക്ഷകരുടെ അഭിപ്രായം (2).

പട്ടിക പ്രദേശങ്ങളിലെ സ്കൂളുകളിൽ അധ്യാപക തസ്തികയിൽ 100% സംവരണം അനുവദിച്ച പഴയ ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ 2000 ജനുവരിയിലെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. സംവരണം 50% കവിയരുതെന്ന 1992 ലെ ഇന്ദിരാ സാഹ്നി കേസിലെ വിധി ആവർത്തിച്ചുകൊണ്ടാണു കോടതി ഈ നിലപാടെടുത്തത്. അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി, 100% സംവരണം നല്കുന്ന സർക്കാർ ഉത്തരവ് ശരിവെച്ച ആന്ധ്രാപ്രദേശ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത ഹർജിയിലാണ്. പട്ടികവർഗ്ഗക്കാരുടെ 100% സംവരണം ആ ജനതയുടെ വിദ്യാഭ്യാസവികാസം പ്രോത്സാഹിപ്പിക്കുന്നത് ഉദ്ദേശിച്ചുള്ളതായിരുന്നു. പട്ടിക പ്രദേശങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആദിവാസികളല്ലാത്ത അധ്യാപകരുടെ മനഃപൂർവ്വമുള്ള ഹാജരാകാതിരിക്കലായിരുന്നു സർക്കാർ തീരുമാനത്തിനു പിന്നിൽ പ്രവർത്തിച്ച സാമൂഹിക ഘടകം. സുപ്രീം കോടതി ഉത്തരവു ഗോത്രജനതയുടെ വിദ്യാഭ്യാസ ഉന്നമനത്തിനു തിരിച്ചടിയാകുമെന്നാണു വിലയിരുത്തപ്പെടുന്നത്.
സുരക്ഷാസേനയുടെ നേതൃത്വത്തിൽ ഗോത്രജനതയ്ക്കു നേരേയുള്ള മനുഷ്യാവകാശലംഘനങ്ങൾ 2020 ലും ഉടനീളം തുടർന്നു. കസ്റ്റഡി മരണങ്ങളും പീഡനങ്ങളും ഉൾപ്പെടെ ഹീനമായ ക്രൂരതകൾ അവർക്കെതിരേ അരങ്ങേറി. ചെറിയ കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലായവർപോലും പെലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റു മരിച്ചു. 2020 സെപ്റ്റംബർ 5 ന് ഝാർഖണ്ഡിലെ ഗിരിദി (Giridih) ജില്ലയിലെ മധുബൻ പെലീസ് സ്റ്റേഷനിലും ഒക്ടോബർ 6 ന് കർണ്ണാടകയിലെ ദാവൻഗരെ ജില്ലയിലെ മായാകോണ്ട പെലീസ് സ്റ്റേഷനിലുമായി ഓരോ ആദിവാസി കൊല്ലപ്പെട്ടു.

മധ്യേന്ത്യയിലെ ആദിവാസികൾ സുരക്ഷാസേനകൾ നടത്തുന്ന മാവോയിസ്റ്റ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പീഡനങ്ങൾക്കും നിയമവിരുദ്ധമായ കൊലപാതകങ്ങൾക്കും ഇരയായി. മാർച്ച് 20 ന്, ഝാർഖണ്ഡിലെ കുന്തി (Khunti) ജില്ലയിലെ കുമഹർദിഹ് (Kumhardih) ഗ്രാമത്തിനു സമീപം ഗോത്രവർഗ്ഗത്തിൽ ഉൾപ്പെട്ട ഒരു വ്യക്തിയെ മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനത്തിനിടെ സെൻട്രൽ റിസർവ് പെലീസ് ഫോഴ്സ് (സിആർപിഎഫ്) വെടിവച്ചു കൊന്നു. ജൂൺ 15 ന് ജാർഖണ്ഡിലെ വെസ്റ്റ് സിംങ്ഭും (West Singhbhum) ജില്ലയിലെ അഞ്ജദ്ബേര (Anjadbera) ഗ്രാമത്തിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെ സിആർപിഎഫ് ഉദ്യോഗസ്ഥർ, 11 ആദിവാസി ഗ്രാമീണരെ പീഡിപ്പിച്ചതായി ഝാർഖണ്ഡ് ജനാധികാർ മഹാസഭ (ജെജെഎം) നിയോഗിച്ച വസ്തുതാന്വേഷണ സമിതി സ്ഥിരീകരിച്ചു.
മാവോയിസ്റ്റുകളെപ്പോലുള്ള സായുധ പ്രതിപക്ഷ ഗ്രൂപ്പുകൾ മനുഷ്യാവകാശ സംരക്ഷണത്തിന്റെ പേരിൽ നടത്തുന്ന അവകാശലംഘനങ്ങൾ തദ്ദേശീയ ജനതയുടെ നേർക്ക് ഈ വർഷവും തുടർന്നു. അന്തർദേശീയ മാനുഷിക നിയമങ്ങൾ കടുത്ത അവകാശലംഘനങ്ങളായി കരുതുന്ന തട്ടിക്കൊണ്ടുപോകലും കൊലപാതകവും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ 2020 ലും ഗോത്രവിഭാഗത്തിൽ ഉൾപ്പെട്ടവരുൾപ്പെടെയുള്ള സിവിലിയന്മാർക്കു നേരേ നിർബ്ബാധം തുടർന്നു. ‘പൊലീസ് ചാരന്മാർ’ എന്നാരോപിച്ചും തങ്ങളുടെ കല്പനകൾ അനുസരിക്കാത്തതിന്റെ പേരിലുമൊക്കെ പലരെയും മാവോയിസ്റ്റുകൾ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തു. 2020 ഒക്ടോബർ 8 ന് ഇറക്കിയൊരു പത്രക്കുറിപ്പിൽ, ചത്തീസ്ഗഢിലെ ബിജാപൂരിൽ പെലീസ് ഇൻഫോമർമാരായി ജോലി ചെയ്തതിന്റെ ശിക്ഷയായി, മുൻ മാസങ്ങളിൽ ജനകീയ കോടതിയിൽ (ജൻ അദാലത്ത്) ഒരു സംക്ഷിപ്ത വിചാരണയ്ക്കു ശേഷം 25 ആദിവാസികളെ കൊന്നതായി മാവോയിസ്റ്റുകൾ അവകാശപ്പെട്ടു. വധിക്കപ്പെട്ടവരിൽ 12 രഹസ്യ ഏജന്റുമാരും 5 രഹസ്യ പ്രവർത്തകരും 8 പെലീസ് ഇൻഫോമർമാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് മാവോയിസ്റ്റുകളുടെ വക്താവ് പറഞ്ഞു. ഈ കൊലപാതകങ്ങൾ എപ്പോൾ നടത്തിയെന്നു മാവോയിസ്റ്റുകളുടെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും, 2020 സെപ്റ്റംബർ അവസാന വാരത്തിൽ 16 ആദിവാസി ഗ്രാമീണരെ മാവോവാദികൾ കൊന്നതായി പെലീസ് വ്യക്തമാക്കി. ഏപ്രിൽ 19 നു ജാർഖണ്ഡിലെ പടിഞ്ഞാറൻ സിംങ്ഭൂം ജില്ലയിലെ ഗോയിൽക്കേര (Goilkera) പെലീസ് സ്റ്റേഷന് കീഴിലുള്ള സെർജാംബൂർ (Sarjamburu) വനത്തിൽ ആദിവാസികൾ കൊല്ലപ്പെട്ടു. 2020 ആഗസ്റ്റ് 3 ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ പെഡബയലു മണ്ഡലിലെ (Pedabayalu mandal) ചിന്താൽവീഥിക്ക് (Chintalaveedhi) സമീപം 2 ആദിവാസികളും ഒഡീഷയിലെ മൽകാൻഗിരി (Malkangiri) ജില്ലയിലെ ഖജുരിഗുഡ (Khajuriguda) ഗ്രാമത്തിൽ 2020 ഒക്ടോബർ 21 നു ഗോത്രവിഭാഗത്തിൽപ്പെട്ട ഒരു വ്യക്തിയും കൊല്ലപ്പെട്ടു.

അന്യാധീനപ്പെട്ട ആദിവാസി ഭൂമി പുനഃസ്ഥാപിക്കുന്നതിലും ഭരണകൂടം കാര്യക്ഷമതയോടെ ഇടപെട്ടില്ല. ഗോത്രജനതയുടെ ഭൂമി തദ്ദേശീയരല്ലാത്ത വ്യക്തികൾക്കു വില്ക്കുന്നതോ കൈമാറ്റം ചെയ്യുന്നതോ തടയുന്നതിനും അന്യാധീനപ്പെട്ട ഭൂമി ആദിവാസി ഭൂവുടമകൾക്കു പുനഃസ്ഥാപിച്ചു നല്കുന്നതിനും നിരവധി നിയമങ്ങളുണ്ട്. എന്നിരുന്നാലും, അവ പലപ്പോഴും ഫലപ്രദമല്ല. അപൂർവ്വമായി മാത്രമാണു തദ്ദേശീയജനതയുടെ ഭൂമി സംരക്ഷിക്കുന്നതിനും അന്യാധീനമായ സ്ഥലങ്ങൾ പുനഃസ്ഥാപിക്കുന്നതിനും പ്രസ്തുത നിയമങ്ങൾ പ്രയോജനപ്പെടുന്നത്.

തദ്ദേശവാസികളുടെ ഭൂമി വഞ്ചനയിലുടെയും ബലപ്രയോഗത്തിലൂടെയും മറ്റും അന്യവത്കരിക്കുന്നത് 2020 ലും തുടർന്നു. 2020 ന്റെ തുടക്കത്തിൽ കേരളത്തിലെ 420 തദ്ദേശീയ കുടുംബങ്ങൾ ഏകദേശം 2,730 ഏക്കറുള്ള തങ്ങളുടെ സ്ഥലങ്ങൾ, അട്ടപ്പാടി കോഓപറേറ്റീവ് ഫാർമിംഗ് സൊസൈറ്റി (ACFS) തൃശൂർ ആസ്ഥാനമായുള്ള നിർമ്മാണ കമ്പനിയായ എൽഎ ഹോംസിന് 2019 ഫെബ്രുവരി 8 ന് പാട്ടത്തിനു നല്കിയതായി കണ്ടെത്തി. പാലക്കാട് ജില്ലയിലെ അട്ടപ്പാടി ഗ്രാമത്തിൽ 420 തദ്ദേശീയ കുടുംബങ്ങൾക്ക് ഭൂമി നല്കുന്നതിനായി 1975 ൽ സ്ഥാപിതമായ ഒരു പദ്ധതിയാണ് എസിഎഫ്എസ്. കൈമാറ്റം ചെയ്യപ്പെട്ട ഭൂമിയുടെ പട്ടയങ്ങൾ, പ്രസ്തുത 420 ആദിവാസി കുടുംബങ്ങളുടെ പേരുകളിലാണെങ്കിലും, 25 വർഷക്കാലത്തേക്കു ഭൂമി അനധികൃതമായി കൈമാറ്റം ചെയ്തതിനെക്കുറിച്ച് അവർ മനസ്സിലാക്കിയത്, ബിസിനസ്സുകാർ ഈ പ്രദേശത്തു പര്യടനം ആരംഭിച്ചപ്പോൾ മാത്രമാണ്. സെപ്റ്റംബർ 18 ന് അട്ടപ്പാടിയിലെ വിവിധ ഗോത്രങ്ങളിൽ നിന്നുള്ള 50 ആദിവാസി പ്രവർത്തകർ കേരള ഹൈക്കോടതിയിൽ എസിഎഫ്എസ് ബോഡിന്റെ തീരുമാനത്തിനെതിരേ ഒരു ഹർജി നല്കി. സെപ്റ്റംബർ 22 ന് കോടതി 2 മാസത്തേക്കു കരാർ സ്റ്റേ ചെയ്തു. നവംബർ 20 -ന് മറ്റൊരു 3 മാസത്തേക്ക് കൂടി ഈ സ്റ്റേ നീട്ടി.

വടക്കുകിഴക്കൻ മേഖലയിലെ തദ്ദേശീയജനത അവരുടെ ഭൂമി സംരക്ഷിക്കാൻ ശ്രമിച്ചപ്പോൾ ആക്രമണങ്ങൾ നേരിട്ടു. 2020 ഒക്ടോബർ 22 ന്, ത്രിപുരയിലെ കാഞ്ചൻപൂരിലെ (Kanjanpur) ലാൽജുരിയിൽ (Laljuri) തന്റെ ഭൂമി തട്ടിയെടുക്കാൻ ആഗ്രഹിച്ച ആദിവാസി വിഭാഗത്തിൽ ഉൾപ്പെടാത്തവരുടെ ആക്രമണത്തിൽ ഗോത്രവിഭാഗത്തിലെ ഒരു വ്യക്തിക്കു കാര്യമായ പരിക്കേറ്റു. ഇയാൾ പിന്നീട് ആശുപത്രിയിൽ മരിച്ചു. ഭൂമിയുടെ അന്യവത്കരണത്തെ എതിർക്കുന്ന തദ്ദേശവാസികളെ തടവിലാക്കുകയും പീഡിപ്പിക്കുകയും കള്ളക്കേസുകളിൽ കുടുക്കുകയും ചെയ്യുന്നതും തുടർന്നു. 2020 നവംബർ 2 ന് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ ഒരു സ്വകാര്യ കമ്പനി കർഷകരുടെ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയതിന് എതിരേ പ്രതിഷേധിച്ചതിനെ തുടർന്ന് ഒരു ആദിവാസിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും പിന്നീട് കള്ളക്കേസിൽ ഉൾപ്പെടുത്തുകയും ചെയ്തു.

സാമൂഹിക സംഘട്ടനങ്ങളും മറ്റും മൂലം തദ്ദേശീയജനത അനുഭവിക്കുന്ന ദുരവസ്ഥയും തുടർന്നു. വിവിധ നിർമ്മാണ/വികസന പദ്ധതികൾ അല്ലെങ്കിൽ സംഘർഷങ്ങളുടെ ഫലമായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ചു യാതൊരു വിവരവും ഇന്ത്യൻ സർക്കാരിന്റെ പക്കലില്ല. കാലങ്ങളായുള്ള സംഘർഷങ്ങളും വികസന പദ്ധതികളും കാരണം കുടിയിറക്കപ്പെട്ട ഗോത്രജനതയെ പുനരധിവസിപ്പിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു. ആയിരക്കണക്കിന് ബ്രൂ (റിയാങ്) ആദിവാസികൾ 1997 ലെ വംശീയ സംഘർഷങ്ങൾ കാരണം മിസോറാമിൽ നിന്നു പലായനം ചെയ്യേണ്ടിവന്നതിനു ശേഷം ത്രിപുരയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ മനുഷ്യാന്തസ്സിനു യോജിക്കാത്ത വിധം ഇന്നും ജീവിക്കുന്നു.

2020 ജനുവരി 16 നു യൂണിയൻ സർക്കാരും ത്രിപുരയിലെയും മിസോറാമിലെയും ഭരണകൂടങ്ങളും ബ്രൂ സമുദായ നേതാക്കളും ഒരു കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. ഇതനുസരിച്ചു ത്രിപുര സംസ്ഥാനത്ത് 34,000 ബ്രൂ സമുദായത്തിലെ അഭ്യന്തര അഭയാർത്ഥികളെ സ്ഥിരമായി പുനരധിവസിപ്പിക്കും. കരാർ അനുസരിച്ച്, കുടിയൊഴിപ്പിക്കപ്പെട്ട ഓരോ ബ്രൂ കുടുംബത്തിനും സ്ഥിരനിക്ഷേപമായി 4,00,000 രൂപ, 40*30 അടി സ്ഥലം, വീടു നിർമ്മിക്കാൻ 1,50,000 രൂപ, 2 കൊല്ലത്തേക്കു പ്രതിമാസം 5,000 രൂപ ധനസഹായം, സെറ്റിൽമെന്റ് തീയതി മുതൽ അടുത്ത 2 വർഷത്തേക്കു സൗജന്യ റേഷൻ എന്നിവ ലഭിക്കും. പുനരധിവാസ പാക്കേജായി ഇന്ത്യൻ സർക്കാർ ഏകദേശം 600 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇന്ത്യൻ സർക്കാർ “ചരിത്രപരം” എന്ന് വിശേഷിപ്പിച്ച ഈ കരാർ യൂണിയൻ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലാണ് ഒപ്പുവച്ചതെങ്കിലും പ്രാദേശികമായ കടുത്ത എതിർപ്പു കാരണം ബ്രൂ വംശജരെ 2020 അവസാനത്തോടെയും പുനരധിവസിപ്പിക്കാനായില്ല. കാഞ്ചൻപുർ സബ്ഡിവിഷനിലെ 6 സ്ഥലങ്ങളിലായി 5,000 ബ്രൂ കുടുംബങ്ങളെ കുടിയിരുത്താനുള്ള ത്രിപുര സംസ്ഥാന സർക്കാരിന്റെ പദ്ധതിക്കു പ്രാദേശിക ബംഗാളികളും മിസോ വംശജരുമാണു തടസ്സം നില്ക്കുന്നത്. നവംബർ 21-ന് ബംഗാളികളും പ്രാദേശിക മിസോകളും അടങ്ങുന്ന സംയുക്ത സമിതി (Joint Movement Committee – JMC) അസം-അഗർത്തല ദേശീയപാത – 8 ഉപരോധിച്ചു. ഈ നടപടി അക്രമാസക്തമായി. ഒരു പ്രതിഷേധക്കാരനെ ത്രിപുര സ്റ്റേറ്റ് റൈഫിൾസ് (ടിഎസ്ആർ) വെടിവച്ചു കൊല്ലുകയും അഗ്നിശമനസേനാ ഉദ്യോഗസ്ഥനായ ഒരു ആദിവാസിയെ വടക്കൻ ത്രിപുര ജില്ലയിലെ പാനിസാഗറിൽ (Panisagar) പ്രതിഷേധക്കാർ തല്ലിക്കൊല്ലുകയും ചെയ്തു.
വനനിയമങ്ങൾ അനുവദിക്കുന്ന സംരക്ഷണവും ആദിവാസിജനതക്കു നിഷേധിക്കപ്പെടുകയാണ്. വനവാസികളായ ധാരാളം ഗോത്രവിഭാഗക്കാരുടെ അവകാശങ്ങൾ നല്കാതിരിക്കുന്ന നടപടികൾ 2020 ലും തുടർന്നു. ആദിവാസി കാര്യ മന്ത്രാലയത്തിൽ നിന്നു ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, 2020 മാർച്ച് 31 വരെ, 4,251,545 അവകാശവാദങ്ങൾ വനാവകാശ നിയമം (FRA) പ്രകാരം ഫയൽ ചെയ്തിട്ടുണ്ട് അതിൽ 41.22% നിരസിക്കപ്പെട്ടു. ഈ നിയമത്തിന്റെ സെക്ഷൻ 4 (5) പ്രത്യേകമായി പറയുന്നത്, വനവാസികളായ പട്ടികവർഗ്ഗത്തിലോ മറ്റു പരമ്പരാഗത വനവാസി വിഭാഗത്തിലോപെട്ട ആരെയും അവരുടെ അധീനതയിലുള്ള വനഭൂമിയിൽ നിന്നു കുടിയൊഴിപ്പിക്കുകയോ ഇറക്കിവിടുകയോ ചെയ്യരുത് എന്നാണ്. പഞ്ചായത്ത് (എക്സ്റ്റെൻഷൻ ടു ഷെഡ്യൂൾഡ് ഏറിയാസ്) ആക്ട് 1996, പട്ടിക പ്രദേശങ്ങളിൽ ഭൂമി ഏറ്റെടുക്കുക, വികസനപദ്ധതികൾ നടപ്പാക്കുക, അത്തരം പദ്ധതികൾ ബാധിക്കുന്ന വ്യക്തികളെ പുനരധിവസിപ്പിക്കുകയോ മാറ്റിപ്പാർപ്പിക്കുകയോ ചെയ്യുക തുടങ്ങിയ കാര്യങ്ങൾക്കു മുമ്പു ഗ്രാമസഭയോ പഞ്ചായത്തോ പോലുള്ള ഉചിതമായ തലത്തിൽ ആലോചിക്കണം എന്നും വ്യക്തമാക്കുന്നു. എന്നിരുന്നാലും, എഫ്‌ആർ‌എയുടെ കീഴിലുള്ള അവകാശവാദങ്ങൾ പരിഗണനയിൽ ഇരിക്കുന്ന അവസരങ്ങളിൽപ്പോലും ആദിവാസികളെ വാസസ്ഥലങ്ങളിൽനിന്നു പുറത്താക്കി.

സാധാരണക്കാർ പാർപ്പിടം, ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കായി കഷ്ടപ്പെടുന്ന കോവിഡ് -19 ലോക്ഡൗൺ സമയത്തുപോലും ഗോത്രജനതയെ തനത് ആവാസവ്യവസ്ഥയിൽ നിന്നു പുറന്തള്ളുന്നതു സർക്കാർ തുടർന്നു. ഇതുമൂലം, കടുത്ത ദാരിദ്ര്യത്തിലേക്കും, രൂക്ഷമായ തൊഴിൽരാഹിത്യത്തിലേക്കും വർദ്ധിച്ചതോതിലുള്ള കോവിഡ് -19 അണുബാധകളിലേക്കും അവർ തള്ളിയിടപ്പെട്ടു. 2020 ഏപ്രിൽ 13 ന് ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ ചിന്ദൂർ (Chintooru) മണ്ഡലിലെ കോത്ത കോട്ടൂർ ഗ്രാമത്തിൽ ഗട്ടി കോയ ഗോത്രത്തിൽ ഉൾപ്പെട്ട 3 കുടുംബങ്ങളെ ലോക്ഡൗൺ കാലയളവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നിർബന്ധിതമായി കുടിയൊഴിപ്പിച്ചു. കൂടാതെ, ഒഡീഷയിലെ കലഹണ്ടി (Kalahandi) ജില്ലയിലെ ഖണ്ഡ്വൽമാലി (Khandualmali) വനമേഖലയോടു ചേർന്നുള്ള സാഗ ദാ ഗ്രാമത്തിൽ 90 പേർ അടങ്ങുന്ന 32 ആദിവാസി കുടുംബങ്ങളെ ഏപ്രിൽ 24 നും തെലങ്കാനയിലെ ഭദ്രാദ്രി-കോതഗുഡം (Bhadradri-Kothagudem) ജില്ലയിലെ സത്യനാരായണപുരം ഗ്രാമത്തിൽ കോയ ഗോത്രത്തിൽപ്പെട്ട 81 കുടുംബങ്ങളെ ജൂണിലും 20 പ്രാക്തന കുടുംബങ്ങളെ ഛത്തീസ്ഗഢിലെ ധംതാരി ജില്ലയിലെ ദുഗ്ലി ഗ്രാമത്തിൽ നിന്നു ഒക്ടോബർ 13 നും കുടിയിറക്കി. പല കേസുകളിലും, അധികാരികൾ വീടുകൾ കത്തിക്കുകയും വിളകൾ നശിപ്പിക്കുകയും ഭക്ഷ്യധാന്യങ്ങൾക്കു തീയിടുകയും ചെയ്തു. ഇത്, ഇറക്കിവിടപ്പെട്ട കുടുംബങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്കു തള്ളിയിട്ടു.
ഇന്ത്യയിലെ ആദിവാസി സ്ത്രീകളും നിരവധി ദുരവസ്ഥകളിലൂടെ കടന്നുപോകുകയാണ്. ഈ രാജ്യത്തെ ഗോത്രവർഗ്ഗങ്ങളിൽ ഉൾപ്പെട്ട സ്ത്രീകൾക്കും പെൺകുട്ടികൾക്കും പല അധികാരങ്ങളും നിഷേധിക്കപ്പെട്ടിരിക്കുന്നു. സ്വകാര്യസ്ഥലങ്ങളിലും പൊതുഇടങ്ങളിൽ വച്ച് അവരുടെ സാമൂഹികവും വ്യക്തിപരവുമായ പല അവകാശങ്ങളും ലംഘിക്കപ്പെടുന്നു. ലൈംഗികാതിക്രമം, മനുഷ്യക്കടത്ത്, ദുർമന്ത്രവാദിനിയായി കരുതി കൊല്ലൽ/ചിത്രീകരിക്കൽ, സിവിലിയൻ ജീവിതത്തിന്റെ പട്ടാളവത്കരണം, ഭരണകൂട അതിക്രമം, വികസനത്തിന്റെ പേരിലുള്ള കുടിയൊഴിപ്പിക്കൽ തുടങ്ങിയവയാണ് അവർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. 2020 ഒക്ടോബർ 1 ന് നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ (NCRB ) പ്രസിദ്ധീകരിച്ച “ക്രൈം ഇൻ ഇന്ത്യ 2019” എന്ന ഏറ്റവും പുതിയ റിപ്പോട്ടു വ്യക്തമാക്കുന്നത് 2019 ൽ 1,133 ആദിവാസി വനിതകൾ ബലാത്സംഗത്തിന് ഇരകളാക്കപ്പെട്ടു എന്നാണ്.

സുരക്ഷാസേനാംഗങ്ങളും സിവിലിയന്മാരും അവരെ ലൈംഗികാതിക്രമണത്തിനു വിധേയരാക്കി. 2020 ലും ഈ പ്രവണത തുടർന്നു എന്നും റിപ്പോട്ടുകളുണ്ട്. 27 ജൂലൈ 2020 ന് ഛത്തീസ്ഗഢിലെ സുക്മ (Sukma) ജില്ലയിൽപ്പെട്ട ദുബ്ബാക്കോട്ട (Dubbakota) പ്രദേശത്തെ സിആർപിഎഫ് ക്യാമ്പിന് സമീപം കന്നുകാലികളെ മേയ്ക്കാൻ പോയ 21 കാരിയായ ഗോത്രവനിതയെ ഒരു സിആർപിഎഫ് കോൺസ്റ്റബിൾ ബലാത്സംഗം ചെയ്തു. പീഡനത്തിന്റെ ഇര പോലീസിൽ പരാതി നല്കിയതിനാൽ കുറ്റവാളിയെ അറസ്റ്റു ചെയ്തു. 2020 ജൂലൈ 1 ന്, ഒഡീഷയിലെ സുന്ദർഗഢ് (Sundargarh) ജില്ലയിലെ ബിരാമിത്രാപൂർ (Biramitrapur) പെലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ-ഇൻ-ചാർജ്, 13 വയസ്സുള്ള ഒരു ആദിവാസി പെൺകുട്ടിയെ പെലീസ് സ്റ്റേഷനുള്ളിൽവച്ചു പലവട്ടം ബലാത്സംഗത്തിന് ഇരയാക്കിയതിന് അറസ്റ്റു ചെയ്തു ജോലിയിൽ നിന്നു പിരിച്ചുവിട്ടു.

മന്ത്രവാദം നടത്തിയെന്ന ആരോപണത്തിന്റെ പേരിൽ തദ്ദേശീയ ജനതയിൽ ഉൾപ്പെടെയുള്ള പുരുഷന്മാരെയും സ്ത്രീകളെയും അപമാനിക്കുകയും ക്രൂരമായി ആക്രമിച്ചവശരാക്കുകയും കൊല്ലുകയും ചെയ്യുന്നതും ഇന്ത്യയിൽ കാണാം. എൻ‌സി‌ആർ‌ബിയുടെ ഏറ്റവും പുതിയ റിപ്പോട്ട് അനുസരിച്ച്, ‘മന്ത്രവാദം’ നടത്തിയെന്ന ആരോപണങ്ങളോട് അനുബന്ധമായ കൊലപാതക കേസുകൾ 2018 ൽ 63 ൽ നിന്ന് 2019 ൽ 104 ആയി വർദ്ധിച്ചു, 65% വർദ്ധനവാണ് ഈ വിഭാഗത്തിൽ കാണിക്കുന്നത്. എന്നിട്ടും, മന്ത്രവാദത്തിന്റെ പേരിൽ ആളുകളെ വേട്ടയാടുന്നത് അവസാനിപ്പിക്കുന്നതിനുള്ള ഒരു ദേശീയ നിയമവും നമുക്കില്ല. 2020 ലും ദുർമന്ത്രവാദം നടത്തിയവരെ വേട്ടയാടുന്ന സംഭവങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെട്ടു. 2020 ജൂൺ 26 ന്, ഒഡീഷയിലെ മൽകാൻഗിരി (Malkangiri) ജില്ലയിലെ പെൻഡാൽഗുഡ (Pendalguda) ഗ്രാമത്തിൽ മന്ത്രവാദം നടത്തുന്നുവെന്ന് ആരോപിച്ച് 2 പേർ കോയ വിഭാഗത്തിലെ ഗോത്രദമ്പതികളെ തല്ലിക്കൊന്നു. ജൂലൈ 24 ന് ഗുജറാത്തിലെ തപി (Tapi) ജില്ലയിലെ വലോദ് (Valod) പട്ടണത്തിനടുത്തു ദുർമന്ത്രവാദിനിയെന്ന സംശയത്തിൽ 36 കാരിയായ ആദിവാസി വിധവയെ ഗ്രാമവാസികളായ ചിലർ തൂണിൽ കെട്ടിയിട്ടു പീഡിപ്പിച്ചു. മറ്റൊരു ആദിവാസി സ്ത്രീയെ നവംബർ 18 ന് ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിൽ ബന്ധുക്കൾ പീഡിപ്പിക്കുകയും തീയിടുകയും ചെയ്തു. ഒക്ടോബറിൽ ജാർഖണ്ഡിലെ കുന്തി (Khunti) ജില്ലയിലെ കുട (Kuda) ഗ്രാമത്തിൽ മുണ്ട (Munda) ഗോത്രവിഭാഗത്തിൽ ഉൾപ്പെട്ട ഒരു കുടുംബത്തിലെ 3 അംഗങ്ങളെ–ഭർത്താവ് ഭാര്യ, മകൾ–”ആഭിചാരം ചെയ്തു” എന്നാരോപിച്ചു ഗ്രാമവാസികൾ കഴുത്തറുത്തു കൊന്നു. ബിർസ മുണ്ട, ഭാര്യ സുകൃ പൂർത്തി, മകൾ സോംവാരി പൂർത്തി എന്നിവരാണു മരിച്ചത്. സെപ്റ്റംബർ 30 ന് അസമിലെ കർബി ആങ്ലോംങ് ജില്ലയിലെ റഹിമാപൂർ ഗ്രാമത്തിൽ ആഭിചാരം നടത്തിയെന്ന സംശയത്തിന്റെ പേരിൽ രോഷാകുലരായ ജനക്കൂട്ടം ഒരു സ്ത്രീ ഉൾപ്പെടെ 2 ആദിവാസികളെ അടിക്കുകയും ശിരഛേദം ചെയ്യുകയും തീയിടുകയും ചെയ്തു.

ആദിവാസി സ്ത്രീകൾക്കു നേരേ നടക്കുന്ന സർവ്വസാധാരണമായ അതിക്രമങ്ങളിൽ ഒന്നാണു ‘ദുർമന്ത്രവാദിനികളെ വേട്ടയാടൽ’. ഇരകളിൽ ഭൂരിഭാഗവും സ്ത്രീകളായതിനാലാണിത്. അന്ധവിശ്വാസങ്ങൾ, മതാചാരങ്ങൾ, പുരുഷാധിപത്യ മാനദണ്ഡങ്ങൾ തുടങ്ങിയ ഈ ആക്രമണങ്ങൾക്കു പ്രേരണയാകും. ദുർമന്ത്രവാദിനിയെന്ന മുദ്ര ചാർത്തപ്പെട്ടു വേട്ടയാടപ്പെടുന്നവർ പലപ്പോഴും തങ്ങളുടെ സമുദായത്തിലെ പുരുഷാധിപത്യ നിയമങ്ങളെയും അന്ധവിശ്വാസങ്ങളെയും വെല്ലുവിളിക്കാൻ ധൈര്യപ്പെടുന്നവരാണ് (3).

ഝാർഖണ്ഡ് സംസ്ഥാന സർക്കാർ, ലോക തദ്ദേശീയ ജനതയ്ക്കായുള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കുന്ന ആഗസ്റ്റ് 9 നു സംസ്ഥാനമൊട്ടാകെ അവധി പ്രഖ്യാപിച്ചതുപോലുള്ള പ്രാക്തനജനതയുടെ ആത്മാഭിമാനം ഉയർത്തുന്ന നടപടികൾ കൈക്കൊള്ളുന്നുണ്ടെങ്കിലും ഇന്ത്യയിലെ ആദിവാസികളും അവരുടെ അവകാശങ്ങൾക്കായി പോരാടുന്ന മനുഷ്യാവകാശ പ്രവർത്തകരും നേരിടുന്ന ഭീഷണികൾ അനവധിയാണ്. ഇവ ഇപ്പോൾ ആഗോളതലത്തിൽ വ്യാപക ചർച്ചയായിട്ടുണ്ട്. ഇന്ത്യൻ ഭരണകൂടം ജയിലടച്ചു പീഡിപ്പിച്ചതുമൂലം 84 വയസ്സുള്ള വന്ദ്യവയോധികൻ ഫാ. സ്റ്റാൻ സ്വാമി മരണമടഞ്ഞതാണ് ഇതിനു കാരണം. ഝാർഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളിൽ ആദിവാസിജനതക്കു നേരേ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ പൊതുസമക്ഷം കൊണ്ടുവന്നതാണ് അദ്ദേഹം ചെയ്ത ‘കുറ്റം’. പ്രസ്തുത സ്ഥലങ്ങളിൽ തദ്ദേശവാസികളുമായി ആലോചിക്കാതെ നടത്തിയ പ്രവർത്തനങ്ങളെ അവർ എതിർത്തതാണു ഭരണകൂട ഭീകരതക്കു വഴിവച്ചത്. ഈ സാമൂഹിക സാഹചര്യത്തിൽ, ഈ വർഷത്തെ തദ്ദേശീയ ജനതയ്ക്കായുള്ള അന്താരാഷ്ട്ര ദിനം മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട് എത്രയും വേഗം നാം സ്വാംശീകരിക്കേണ്ടതുണ്ട്. അതനുസരിച്ചുള്ള നവീനമായ ഒരു വികസന മാതൃക രൂപവത്കരിച്ചു പ്രാക്തനജനതയോടു നീതി കാണിച്ചില്ലെങ്കിൽ ‘സ്റ്റാൻ സ്വാമിമാർക്കു’ നിരന്തരം ജന്മമേകുന്ന ഒരു കപടജനാധിപത്യമായി ഇന്ത്യ അധഃപതിക്കും.

റെഫറൻസ്
1.https://www.un.org/en/observances/indigenous-day
2.https://www.google.com/amp/s/www.downtoearth.org.in/blog/environment/amp/draft-eia-notification-2020-is-it-contra-legem-to-international-conventions-judicial-verdicts-73858
3.The Indeginous World 2021.