Sat. Nov 14th, 2026

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് തന്റെ രാജ്യമായ കൈലാസത്തേക്കുള്ള യാത്രാനുമതി നിഷേധിച്ച് ആൾദൈവം നിത്യാനന്ദ. ഇന്ത്യയിലെ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. വാർത്താകുറിപ്പിലൂടെയാണ് നിത്യാനന്ദ ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കൊപ്പം ബ്രസീൽ, യൂറോപ്യൻ യൂണിയൻ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും വിലക്കുണ്ട്.

ബലാത്സംഗ കേസിൽ അറസ്റ്റ് ഉറപ്പായ സാഹചര്യത്തിലാണ് പാസ്‌പോർട്ടിന്റെ കാലാവധി തീർന്ന സാഹചര്യത്തിൽ നിത്യാനന്ദ രാജ്യം വിട്ടത്. തുടർന്ന് ഇക്വഡോറിൽ ഒരു ദ്വീപ് വാങ്ങി അതിന് കൈലാസം എന്ന് പേരിടുകയും സ്വന്തമായി രാജ്യം നിർമിക്കുകയും ചെയ്തു. പാസ്പോർട്ട്, മന്ത്രിസഭ, പതാക തുടങ്ങി ഒരു രാജ്യത്തിനു വേണ്ട സകലതും ഇവിടെ ഉണ്ട്.

പെൺകുട്ടികളെ തടവിൽവച്ച് പീഡിപ്പിച്ച കേസിൽ ഉൾപ്പെട്ടതിന് പിന്നാലെയാണ് നിത്യാനന്ദ ഇന്ത്യയിൽനിന്ന് മുങ്ങുന്നത്. ഇത് തൻറെ മൂന്നാമത്തെ അവതാരമാണെന്നും യദാ…യദാഹി… ധർമസ്യ… താൻ ഇനിയും അവതരിക്കുമെന്നും, ആരോപണങ്ങള്‍ നേരിടുന്നത് തൻറെ പഴയ അവതാരമായ പരമഹംസ നിത്യാനന്ദയാണെന്നും ഇപ്പോൾ പുതിയ അവതാരം, നിത്യാനന്ദ പരമശിവം ആണെന്നുമാണ് ഇയാൾ ഇപ്പോൾ അവകാശപ്പെടുന്നത്.
ഭഗവൻ പരമേശ്വരൻ രാജശേഖരനായും പരമഹംസ നിത്യാനന്ദയായും നിത്യാനന്ദ പരമശിവമായും അവതരിച്ചുകഴിഞ്ഞെന്നും അവതാരപ്പിറവിയെടുത്ത തൻറെ രണ്ടാം അവതാരമായ പരമഹംസ നിത്യാനന്ദയാണ് ആരോപണങ്ങള്‍ നേരിടുന്നതും കുറ്റങ്ങള്‍ ചെയ്തതുമെല്ലാം. എന്നാല്‍ ഇപ്പോള്‍ നിങ്ങളോട് സംസാരിക്കുന്നത് പുതിയ അവതാരമാണ്. പേര് നിത്യാനന്ദ പരമശിവം. എന്നിങ്ങനെ അതിവിചിത്ര വാദമാണ് ഇയാൾ മുൻപ് ഇറക്കിയ വീഡിയോയിൽ പറയുന്നത്.

നിത്യാനന്ദയുടെ ആശ്രമത്തില്‍ നിന്ന് കാണാതായ രണ്ട് സഹോദരിമാരും അദ്ദേഹത്തിന്റെ സ്വന്തം രാജ്യമായ കൈലാസത്തിലുണ്ടെന്ന് ഗുജറാത്ത് പൊലീസ് തന്നെ മുൻപ് വ്യക്തമാക്കിയിരുന്നു. കൈലാസത്തിലെ കലാ-സാംസ്‌കാരിക പരിപാടികളില്‍ ഇവര്‍ സജീവമാണെന്നും ചട്ണി മ്യൂസിക്കില്‍ അടക്കം ഇവര്‍ പ്രാവീണ്യം നേടിയതായും ഗുജറാത്ത് പൊലീസിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

കാണാതായ സഹോദരിമാരില്‍ മൂത്തയാള്‍ കൈലാസത്തിലെ ഭരണപരമായ കാര്യങ്ങളിലടക്കം പ്രധാന പങ്കുവഹിക്കുന്നതായാണ് വിവരം. അതേസമയം, പെണ്‍കുട്ടികള്‍ പറയുന്നതും അവരുടെ പിതാവ് നല്‍കിയ പരാതിയും തമ്മില്‍ ഏറെ പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, നിത്യാനന്ദയ്‌ക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കം ഇതുവരെ ഫലംകണ്ടിട്ടില്ല. പെണ്‍കുട്ടികളെ ഇനി ഇന്ത്യയിലേക്ക് കൊണ്ടുവരാനും തടസങ്ങളുണ്ട്. ഏത് രാജ്യത്തിന്റെ ഉടമ്പടി പ്രകാരമാണ് പെണ്‍കുട്ടികളെ ഇന്ത്യയിലേക്ക് കൈമാറേണ്ടതെന്ന് സംബന്ധിച്ച് വ്യക്തതയില്ലെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2015 മുതല്‍ നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തിലുള്ള രണ്ട് പെണ്‍മക്കളെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയെന്നും ആരോപിച്ചാണ് ഇവരുടെ പിതാവ് പരാതി നല്‍കിയത്. 2019 നവംബറില്‍ പിതാവ് ഗുജറാത്ത് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ പിതാവിനെതിരേ പ്രതികരിക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോ നിത്യാനന്ദയുടെ ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടുകളിലൂടെ പിന്നീട് പുറത്തുവന്നിരുന്നു.

2019-ന്റെ അവസാനമാണ് ഇന്ത്യയില്‍നിന്ന് കടന്നുകളഞ്ഞ നിത്യാനന്ദ കൈലാസം എന്ന പേരില്‍ സ്വന്തം രാജ്യം സ്ഥാപിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയ്ക്ക് സമീപമുള്ള ഒരു ദ്വീപാണ് കൈലാസമായി പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.