Sun. Sep 20th, 2026

ചാരിറ്റി- നന്മമര തട്ടിപ്പുകൾക്കെതിരെ പ്രവർത്തിക്കുന്ന സോഷ്യൽമീഡിയ കൂട്ടായ്‌മയായ “ചാരിറ്റി ഇൻവെസ്റ്റിഗേഷൻ ഗ്രൂപ്പ് CAG ” എന്ന ഫെയ്‌സ്‌ബുക്ക്‌ ഗ്രൂപ്പിൽ റിഷ ശ്രീജിത്ത് എന്ന പ്രവാസി യുവതി ബിന്ദുതങ്കം കല്യാണിക്കെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഇട്ട പോസ്റ്റ് വ്യാപകമായി പ്രചരിക്കുകയും ചില ഓൺലൈൻമാധ്യമങ്ങളും ജന്മഭൂമി പത്രവും ജനം ടിവിയും ഇത് വാർത്തയാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് മറുപടിയുമായി ഇപ്പോൾ ബിന്ദു തങ്കം കല്യാണി രംഗത്ത് വന്നിട്ടുണ്ട്. ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലൂടെയാണ് ബിന്ദു തങ്കം കല്യാണി വിശദീകരണം നൽകിയിരിക്കുന്നത്.താൻ ഒരു ചാരിറ്റി പ്രവർത്തകയല്ല എന്നും റിഷ ശ്രീജിത്തിനെ താൻ ഒരു ചാരിറ്റി ഗ്രൂപ്പിലും പരിചയപ്പെട്ടതല്ല എന്നും, അവർ മെസഞ്ചറിൽ ഇങ്ങോട്ട് വന്ന് സംസാരിച്ചതാണ് എന്നും.പിന്നീട് സൗഹൃദത്തിലായപ്പോൾ 50,000 രൂപ കടമായി വാങ്ങിയിരുന്നു എന്നും അത് തിരികെ കൊടുത്തിരുന്നു എന്നും ആണ് ബിന്ദു തങ്കം കല്യാണിയുടെ വിശദീകരണം. ആരോപണങ്ങൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ഒരാൾക്കെതിരെയുള്ള ഇത്തരം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ആരോപണവിധേയരായ ആളിനോടും വിശദീകരണം ചോദിക്കുകയോ സത്യാവസ്ഥ പരിശോധിക്കുകയോ ചെയ്യാനുള്ള സാമാന്യമര്യാദ പോലും കാണിക്കാതെ ചില മാധ്യമങ്ങൾ വാർത്തയടിക്കുകയായിരുന്നു എന്ന് ബിന്ദു തങ്കം കല്യാണി ആരോപിച്ചു.

തന്റെ ഒരു മാസത്തെ ശമ്പളം അൻപതിനായിരത്തിനും മേലെയാണ്. പത്തു വർഷമായി ഗസറ്റഡ് പോസ്റ്റിൽ ജോലി ചെയ്യുന്ന അധ്യാപികയാണ് താൻ എന്നും ഇക്കഴിഞ്ഞ പത്ത് വർഷത്തെ ഔദ്യോഗികജീവിതം പൂർത്തിയാവുമ്പോഴും ഒരു സെന്റ് ഭൂമിയോ കയറിക്കിടക്കാൻ ഒരു വീടോ വാഹനമോ ഒന്നും വാങ്ങാൻ സാധിച്ചിട്ടില്ല എന്നും ഇപ്പോഴും വാടകക്കാണ് താമസമെന്നും ബിന്ദു തങ്കം കല്യാണി ഫെയ്‌സ് ബുക്കിൽ കുറിച്ചു. കുടുംബ പ്രാരാബ്ധങ്ങളും സൗഹൃദങ്ങളേയും ബന്ധങ്ങളേയും ആവശ്യഘട്ടത്തിൽ സഹായിക്കലും സാമൂഹിക ഉത്തരവാദിത്തങ്ങളും നേടിത്തന്നത് പത്തുലക്ഷം രൂപയുടെ കടമാണ്.ഒരു ബാങ്ക് അക്കൗണ്ടേയുള്ളൂ.അതിൽ ഇന്നത്തെ ബാലൻസ് രണ്ടായിരം രൂപയാണ്.താൻ പഠിപ്പിക്കുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമറിയാം താൻ എന്താ ചെയ്തുകൊണ്ടിരിക്കുന്നതെന്നും .ബിന്ദു തങ്കം കല്യാണി പറഞ്ഞു.

“അൻപതിനായിരം രൂപ തിരിച്ച് കിട്ടാനാണോ റിഷ ഈ പെടാപ്പാടെല്ലാം പെടുന്നത് എന്ന് എനിക്ക് സംശയമുണ്ട്. കൃത്യമായ ഒരു ഗൂഢാലോചന അവരുടെ ബുദ്ധിക്കും ഭാവനക്കും അനുസരിച്ച് നടക്കുന്നുണ്ട്. അതിന് അവരുടെ കൂടെ ഒരു ഗൂഢാലോചന സംഘമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അവർ ഒറ്റക്ക് ഇതെല്ലാം ചെയ്യുന്നു എന്ന് കരുതാൻ വയ്യ. ഇന്നലെ പെരിന്തൽമണ്ണയിൽ നിന്നും ഒരാൾ വിളിച്ച് ഭീഷണിപ്പെടുത്തി. റിഷയുടെ സുഹൃത്താണെന്നാണ് പരിചയപ്പെടുത്തിയത്. നിയമപരമായി പരാതി നൽകി പരിഹരിക്കാനിരിക്കുന്ന ഒരു വിഷയത്തിൽ കുറേ ആളുകൾക്ക് ഫോൺ നമ്പർ നൽകി വിളിച്ചു ഭീഷണിപ്പെടുത്തി എന്ത് നേടാനാണ് ഇവർ ശ്രമിക്കുന്നത് എന്ന് മനസിലാവുന്നില്ല എന്നും ബിന്ദു തങ്കം കല്യാണി പറഞ്ഞു.

ഫെയ്‌സ് ബുക്ക് പോസ്റ്റിൻറെ പൂർണ്ണ രൂപം:

#ചാരിറ്റി തട്ടിപ്പ് നടത്തിയെന്നും ലക്ഷങ്ങൾ കൈക്കലാക്കി എന്നുമുള്ള ആരോപണങ്ങളുമായി Risha Sreejith വ്യാപക പ്രചരണങ്ങൾ Social media യിലും മാധ്യമങ്ങളെ ഉപയോഗിച്ചും നടത്തുന്നതായി അറിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തത് കൊണ്ട് സുഹൃത്തുക്കൾ പലരും വിളിച്ചതനുസരിച്ചാണ് വിവരങ്ങൾ അറിഞ്ഞത്. ഇന്നലെ #KarmaലുംNews #ജൻമഭൂമിയിലും ഇത് സംബന്ധിച്ച വാർത്ത വന്നതായി കണ്ടു.. ഏതെങ്കിലും മാധ്യമങ്ങൾ ഒരാൾ ക്കെതിരെയുള്ള ഇത്തരം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ആരോപണവിധേയരായ ആളിനോടും വിശദീകരണം ചോദിക്കുകയോ സത്യാവസ്ഥ പരിശോധിക്കുകയോ ചെയ്യുന്ന പതിവുണ്ട്.. ജൻമഭൂമിയുടെയുംകർമ്മ ന്യൂസിന്റെയും രാഷ്ട്രീയമറിയാവുന്നതു കൊണ്ട് അതിൽ അതിശയിക്കാനില്ല..

Risha Sreejith നെ ഞാൻ ഒരു ചാരിറ്റി ഗ്രൂപ്പിലും പരിചയപ്പെട്ടതല്ല, അവർ മെസഞ്ചറിൽ വന്ന് ഇങ്ങോട്ട് സംസാരിച്ചതാണ്. 2018 Mayയിൽ(Screenshot ഇതിനൊപ്പമുണ്ട്).

2018 February യിൽ മധു കൊലചെയ്യപ്പെടുമ്പോൾ ഞാനും ഭൂമിയും അമ്മയും അട്ടപ്പാടിയിലുണ്ട്. 2017ലെ ഹയർ സെക്കണ്ടറി ട്രാൻസ്ഫർ അപേക്ഷ അഗളി സ്കൂളിലേക്ക് കൊടുത്തശേഷം കോഴിക്കോടു നിന്ന് അട്ടപ്പാടിക്ക് വന്നതാണ്.. കുറച്ചു കാലം ഇവിടെ നിൽക്കണമെന്ന ആഗ്രഹത്തോടെയും PhD എഴുതി തീർക്കണമെന്ന തീരുമാനത്തോടെയും..

2015 ൽ PhD ചെയ്യാൻ തീരുമാനിച്ചപ്പോഴാണ് ആദ്യമായി അട്ടപ്പാടി എത്തിയത്.. പിന്നീട് ഗവേഷണ പ്രവർത്തനങ്ങൾക്കായി 2007 മുതൽ 2010 അവസാനം വരെ ഞാൻ അട്ടപ്പാടിയിൽ സ്ഥിരമായി താമസിച്ചിരുന്നു. ഈ കാലയളവിലെ ഇവിടുത്തെ ബന്ധങ്ങളും സൗഹൃദങ്ങളുമാണ് ഇങ്ങോട്ടേക്ക് വീണ്ടും വരാൻ പ്രചോദനമായത്.കുട്ടികൾക്ക് നാടകക്കളരികൾ സംഘടിപ്പിച്ചും സിനിമയേയും അതിന്റെ സാങ്കേതികതകളെയും പരിചയപ്പെടുത്തിയും പുതിയൊരു അധ്യയന സംസ്കാരം വളർത്തിയെടുക്കണമെന്ന ആഗ്രഹവുമുണ്ടായിരുന്നു ഒപ്പം…

മധുവിന്റെ കൊലപാതകത്തെ തുടർന്ന് മീഡിയവൺ ചാനലിലടക്കം ചർച്ചകളിൽ പങ്കെടുക്കുകയും മാധ്യമ സുഹൃത്തുക്കൾക്ക് ശരിയായ വിവരങ്ങൾ കൈമാറുകയും ചെയ്യുന്നതിന്റെ ഭാഗമായി അന്ന് ഫേസ്ബുക്കും മെസഞ്ചറും വീണ്ടും സജീവമായി ഉപയോഗിച്ചിരുന്നു.. അങ്ങനെയാണ് Risha Sreejithന്റെ മെസേജ് മെസഞ്ചറിൽ കണ്ടതും അവർ എന്നോട് സൗഹൃദം സ്ഥാപിച്ചതും.. എന്റെ പ്രവർത്തനങ്ങളിൽ ഒരുപാട് ബഹുമാനവും ആദരവും തോന്നിയെന്നും അങ്ങനെയാണ് പരിചയപ്പെടാൻ വന്നതെന്നും പറഞ്ഞു…

വളരെ പെട്ടെന്ന് സൗഹൃദത്തിലായ അവർ വർഷങ്ങളുടെ സ്നേഹബന്ധമുള്ളവരെപ്പോലെയാണ് പിന്നീട് പെരുമാറിയത്.. 2017 ലെ ട്രാൻസ്ഫർ നടന്നില്ല.രണ്ടു മാസം ശമ്പളമില്ലാത്ത അവധിയെടുത്ത് വന്ന് ട്രാൻസ്ഫർ വരുമെന്ന പ്രതീക്ഷയിൽ വന്ന എനിക്ക് എട്ട് മാസത്തോളം ലീവ് നീട്ടിയെടുക്കേണ്ടി വന്നു.ഭൂമിയെ അഗളി സ്കൂളിൽ ചേർത്തത് കൊണ്ടും അമ്മയെയും കൂട്ടി കോഴിക്കോടെ വീട് പൂർണ്ണമായും ഷിഫ്റ്റ് ചെയ്തത് കൊണ്ടും കോഴിക്കോട്ടേക്ക് തിരിച്ച് പോയി ജോലിക്ക് കയറാനും സാധിച്ചില്ല. അങ്ങനെമാർച്ച് വരെ ശമ്പള രഹിത ലീവുമായി അട്ടപ്പാടിയിൽ നിൽക്കേണ്ടി വന്നു.2018 മാർച്ചിൽ ഭൂമി മോളുടെ പരീക്ഷ കൂടി കഴിഞ്ഞാണ് കോഴിക്കോട് പോയി ലീവ് ക്യാൻസൽ ചെയ്ത് ജോലിക്ക് കയറിയത്. എട്ടുമാസത്തെ ശമ്പളമില്ലാത്ത അവധി നല്ല സാമ്പത്തിക പ്രതിസന്ധിയിൽ എത്തിച്ചിരുന്നു.. അങ്ങനെയാണ് വിശ്വസ്ത സുഹൃത്തെന്ന രീതിയിൽ പെരുമാറിയ Rishaയോട് കടം വാങ്ങിയത്.. 2018 August വരെയുള്ള അവധിയിൽ കടം തരുമോയെന്ന് ചോദിച്ചു.. അന്നവർ കാനഡയിലാണ്. August ൽ നാട്ടിൽ വരുന്നുണ്ടെന്നും ബന്ധുക്കൾക്ക് ഓണത്തിന് ഡ്രസ്സെടുക്കാനുള്ള വകയിൽ സൂക്ഷിച്ചിരിക്കുന്ന പൈസ കൈയിലുണ്ടെന്നും പറഞ്ഞു. August ൽ തിരിച്ച് കൊടുക്കാമെന്ന വ്യവസ്ഥയിൽ അൻപതിനായിരം രൂപ കടം തന്നു..മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള ശമ്പളം മാറി ഓഗസ്റ്റിൽ തന്നെ Risha യുടെ പൈസ മുഴുവനും തിരിച്ച് കൊടുത്തു. അതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം ചേർക്കുന്നു…

മധുവിന്റെ മരണശേഷം മുക്കാലി ഊരിൽ അനുസ്മരണ പരിപാടി നടത്തിയിരുന്നു.. ഇതിന് ക്ഷണിക്കാനും നോട്ടീസ് വിതരണത്തിനും ഊരുകളിൽ പോകാനും അന്ന് അട്ടപ്പാടിയിൽ നിൽക്കുന്ന ഒരാളെന്ന നിലയിൽ ഗീതാനന്ദൻ മാഷിന്റെ കൂടെ കുറേ ഉത്തരവാദിത്തങ്ങൾ സാമ്പത്തികമായും അല്ലാതെയും ഏറ്റെടുക്കേണ്ടി വന്നു..അതിനേ തുടർന്ന് വനാവകാശ നിയമത്തിന്റെ പ്രചരണത്തിന് അട്ടപ്പാടിയിലെ വിവിധ ഊരുകളിൽ വനാവകാശ കൺവൻഷനുകൾ സംഘടിപ്പിച്ചു…

അന്നത്തെ  മാഷിന്റെ സാമ്പത്തിക പ്രശ്നങ്ങളിൽ വലിയ ഒരു പരിധിവരെ സഹായിക്കേണ്ടി വന്നിട്ടുണ്ട്… കടം വാങ്ങിയും പലതിനും കൊടുക്കേണ്ടി വന്നു… അത്തരം ബാധ്യതകളൊന്നും ആരേയും അറിയിക്കാതെ സ്വയം ഏറ്റെടുക്കുകയാണ് ഞാൻ ചെയ്തത്.

2018 May യിലാണ് ഗീതാനന്ദൻ മാഷിന്റെ നേതൃത്വത്തിൽ എറണാകുളത്ത് ആ വർഷത്തെ ആദിശക്തി സമ്മർ സ്കൂൾ ക്യാമ്പ് നടന്നത്…

അട്ടപ്പാടിയിലെ ആനവായ് ഊരിൽ നിന്നടക്കം 15 കുട്ടികളെ ക്യാമ്പിൽ എത്തിക്കാൻ മാഷാണ് പറഞ്ഞത്… ഞാനും ഭൂമിയും അമ്മയും 15 കുട്ടികളുമായി ക്യാമ്പിലേക്ക് പോകാൻ നിൽക്കുമ്പോഴൊക്കെ Risha എന്നോട് സംസാരിക്കുന്നുണ്ടായിരുന്നു… അപ്പോൾ ക്യാമ്പിനെപ്പറ്റിയും സംസാരിച്ചിട്ടുണ്ട്…ക്യാമ്പിലെ കുട്ടികൾക്ക് എന്തെങ്കിലും ചെയ്തു കൊടുക്കാൻ പ്ലാനുണ്ടോയെന്ന് ചോദിച്ചത് സത്യമാണ്…

എന്താണ് വേണ്ടതെന്ന് Risha തിരിച്ച് ചോദിച്ചു… ഒരു ദിവസത്തെ food Sponser ചെയ്യാൻ ഞാൻ പറഞ്ഞതിന് Rusha തയ്യാറാണെന്ന് അറിയിച്ചു… അതിന് മുൻപേ തന്നെ അട്ടപ്പാടിയിലെ കാറിത്തുമ്പി കുട പ്രോജക്ടിൽ അവർ അംഗമാണെന്നും കുട എത്തിച്ച് തന്നാൽ കുട്ടികൾക്ക് കൊടുക്കാമോ എന്നും ചോദിച്ചിരുന്നു. എന്നാൽ അട്ടപ്പാടിയിലെ വിവിധ ഊരുകളിലെ, പ്രത്യേകിച്ചും , ഉൾപ്രദേശങ്ങളിലെ ഊരുകളിലുള്ളവർ പൂർണമായും കേരളത്തിലെ വിവിധയിടങ്ങളിലെ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലാണ് പഠിക്കുന്നത്…

മറ്റ് എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നവരും ഹോസ്റ്റലുകളിലാണ് നിൽക്കുന്നത്.. അവർക്ക് കുടയെക്കാൾ പ്രയോജനം ചെയ്യുക മറ്റ് പഠന സാമഗ്രികളാണെന്ന് Risha യോട് സംഭാഷണങ്ങളിൽ സൂചിപ്പിച്ചിരുന്നു… അങ്ങനെയാണ് പഠന സാമഗ്രികൾ വാങ്ങാനും ആദിശക്തി ക്യാമ്പിൽ കൊടുക്കാനുമായി Risha 50000 രൂപ മനോജിന്റെ അക്കൗണ്ടിൽ അയച്ചത്.

എന്റെ അക്കൗണ്ടിന് എന്തോ സാങ്കേതികപ്രശ്നം പറഞ്ഞപ്പോഴാണ് എറണാകുളത്ത് ഒരു സുഹൃത്തിന്റെ അക്കൗണ്ട് നമ്പർ Risha ചോദിച്ചത്.. അങ്ങനെയാണ് മനോജിന്റെ അക്കൗണ്ട് details കൊടുത്തത്.. May 31 നാണ് Risha ആ അക്കൗണ്ടിൽ അൻപതിനായിരം രൂപ ഇട്ടത്. പിറ്റേ ദിവസം രാവിലെ, ജൂൺ ഒന്നാം തീയതി, മനോജ് കാക്കനാടുള്ള ക്യാമ്പിലെത്തി 15,000 രൂപ എന്നെ ഏൽപിച്ചു. അത് അപ്പോൾത്തന്നെ ഗീതാനന്ദൻ മാഷിന് കൊടുക്കുകയും ചെയ്തു…

ബാക്കി 35000 രൂപ എന്റെ അക്കൗണ്ടിലേക്ക് transfer ചെയ്തു തന്നു.., ആ പൈസയും എന്റെ കൈയ്യിലുള്ളതും ചേർത്ത് ഏകദേശം അൻപതിനായിരം രൂപയുടെ പഠനോപകരണങ്ങൾ അട്ടപ്പാടിയിലെ കുറുമ്പ മേഖലയിലുള്ള വിവിധ ഊരുകളിലെ കുട്ടികൾക്കായി വാങ്ങി നൽകി…

ഞാൻ ഒരു ചാരിറ്റി പ്രവർത്തകയല്ല. എന്നിട്ടും Risha യോട് സാധനങ്ങൾ വാങ്ങും മുൻപും മാഷിന് പൈസ കൊടുക്കും മുൻപും ബിൽ, ഫോട്ടോസ് ഒക്കെ വേണോ എന്ന് ചോദിച്ചിരുന്നു… അതിന്റെ ആവശ്യമില്ലെന്നും എന്നെ വിശ്വാസമാണെന്നും ഞാൻ വേണ്ട പോലെ എല്ലാം ചെയ്താൽ മതിയെന്നുമായിരുന്നു Risha യുടെ മറുപടി… അതുകൊണ്ടാണ് അന്ന് ഗീതാനന്ദൻ മാഷിന്റെ കൈയ്യീന്ന് പോലും Receipt വാങ്ങാതെ പോന്നത്…

എല്ലാവർഷവും സ്വന്തം കൈയ്യീന്ന് പൈസയെടുത്ത് കുട്ടികൾക്ക് സാധനങ്ങൾ വാങ്ങിക്കൊടുക്കുകയോ അല്ലെങ്കിൽ അത് ചെയ്യുന്ന സുഹൃത്തുക്കളെ ഏൽപ്പിക്കുകയോ ആണ് ഞാൻ ചെയ്യാറ്… ആദ്യമായിട്ടും അവസാനമായിട്ടുമാണ് ഒരാളെ വിശ്വസിച്ച് ഇത്തരം ഒരു കാര്യത്തിന് മുതിർന്നത്…

Rishaയും ടീച്ചറാണെന്നും നാട്ടുകാരിയാണെന്നും പറഞ്ഞപ്പോൾ ഇതിത്രമേൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നായി തീരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല…
നമുക്ക് മനുഷ്യരിലാണെല്ലോ വിശ്വാസം, അന്നും ഇന്നും…

ശബരിമല കോടതി വിധി വന്ന് മലക്ക് പോയി വന്ന ശേഷമാണ് Risha എന്നോട് ആദ്യമായി അഭിപ്രായ വ്യത്യാസം പറഞ്ഞത്.. അതുവരെ ബില്ലുകളോ രസീതോ വേണ്ടെന്ന് പറഞ്ഞവർ അതെല്ലാം വേണമെന്നും അല്ലെങ്കിൽ പൈസ അൻപതിനായിരം തിരിച്ച് കൊടുക്കണമെന്നുമായി…

അവർ പൈസ തന്നത് അവരുടെ സഹോദരൻമാർ അറിഞ്ഞെന്നും അത് ഞാനാണെന്നറിഞ്ഞപ്പോൾ അവർക്ക് ആകെ പ്രശ്നമായെന്നും അല്ലാതെ Risha ക്ക് എന്നെ അവിശ്വാസമില്ലെന്നും അവർ ഇക്കാര്യത്തിൽ നിസഹായയാണെന്നും പറഞ്ഞു. കാനഡയിൽ Rishaയുടെ സഹോദരൻമാർ , അവരുടെ നാട്ടിലെ സുഹൃത്തുക്കൾ എന്നൊക്കെ പറഞ്ഞ് കുറേ പുരുഷൻമാർ വിളിച്ചു…

ഏറ്റവും മോശമായ ഭാഷയും വാക്കുകളും മാനസികപീഢനങ്ങളും ഭീഷണികളുമായിരുന്നു അതൊക്കെ.. അങ്ങനെയാണ് അവരോട് സംസാരിക്കാൻ താല്പര്യമില്ലെന്നും നിയമപരമായി ഇത് പരിഹരിഹരിക്കാമെന്നും ഞാൻ Risha യോട് ആവശ്യപ്പെട്ടത്…

അതിനിടയിൽ Risha പലപ്പോഴും ഭീഷണിപ്പെടുത്തിയത് ഐജി ശ്രീജിത് അവരുടെ അടുത്ത ബന്ധുവാണെന്നും ക്രൈംബ്രാഞ്ച് വഴി പരാതി കൊടുത്ത് എന്റെ ജോലി തെറിപ്പിക്കുമെന്നും ജയിലിൽ ഇടുമെന്നും ഒക്കെ പറഞ്ഞാണ്…

ഒരു തവണ കേസ് അഗളി പോലീസ് സ്‌റ്റേഷനിലെത്തി…
പക്ഷേ പരാതി തീർപ്പാവും മുൻപേ Risha കാനഡക്ക് തിരിച്ച് പോയി..
വീണ്ടും ഇപ്പോൾ തിരിച്ച് വന്ന് എറണാകുളത്ത് പരാതി കൊടുത്തിട്ടുണ്ട്… അപ്പോൾ ഞാൻ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ആലപ്പുഴയിൽ അഡ്മിറ്റായി ചികിത്സയിയിലുമായി…പോലീസ് സ്റ്റേഷനിൽ പരാതി നിലനിൽക്കുന്നുണ്ട്… അത് പരിഹരിക്കാൻ എനിക്കും Risha ക്കും സൗകര്യപ്രദമായ ഒരു date ഞാൻ എസ് ഐ യോട് ചോദിച്ചിരുന്നു… April അല്ലെങ്കിൽ Mayയിൽ ഒരു date തീരുമാനിക്കാൻ പറഞ്ഞിരിക്കുന്നതിനിടയിലാണ് Risha സോഷ്യൽ മീഡിയയിൽ ഇതെല്ലാം ചെയ്തു കൂട്ടിയത്…

ഇന്നലെയും തേവര പോലീസ് സ്റ്റേഷനിൽ നിന്ന് ഇതിനുള്ള date തീരുമാനിക്കാൻ ഒരു വനിതാ പോലീസ് ഓഫീസർ വിളിച്ചിരുന്നു…അൻപതിനായിരം രൂപ തിരിച്ച് കിട്ടാനാണോ Risha ഈ പെടാപ്പാടെല്ലാം പെടുന്നത് എന്ന് എനിക്ക് സംശയമുണ്ട്…

കൃത്യമായ ഒരു ഗൂഢാലോചന അവരുടെ ബുദ്ധിക്കും ഭാവനക്കും അനുസരിച്ച്  നടക്കുന്നുണ്ട്.. അതിന് അവരുടെ കൂടെ ഒരു ഗൂഢാലോചന സംഘമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.. അവർ ഒറ്റക്ക് ഇതെല്ലാം ചെയ്യുന്നു എന്ന് കരുതാൻ വയ്യ…

ഇന്നലെ പെരിന്തൽമണ്ണയിൽ നിന്നും ഒരാൾ വിളിച്ച് ഭീഷണിപ്പെടുത്തി. Risha യുടെ സുഹൃത്താണെന്നാണ് പരിചയപ്പെടുത്തിയത്…

നിയമപരമായി പരാതി നൽകി പരിഹരിക്കാനിരിക്കുന്ന ഒരു വിഷയത്തിൽ കുറേ ആളുകൾക്ക് ഫോൺ നമ്പർ നൽകി വിളിച്ചു ഭീഷണിപ്പെടുത്തി എന്ത് നേടാനാണ് ഇവർ ശ്രമിക്കുന്നത് എന്ന് മനസിലാവുന്നില്ല.

ഇതിലേക്ക് രഹനയുടെ പേര് വരെ കൊണ്ടുവന്ന് വെക്കുന്നത് വെറുതേയല്ല.. രഹന ഇതൊന്നും അറിഞ്ഞിട്ടു കൂടിയുണ്ടാവില്ല.. Rishaക്ക് പൈസയിടാൻ മനോജിന്റെ അക്കൗണ്ട് ഉപയോഗിച്ചു എന്നതിനപ്പുറം അവർക്കിതിൽ ഒരു പങ്കുമില്ല.. എന്നാൽ വാർത്തക്കും പ്രചരണത്തിനും രഹനയുടെ പേരിന് ഒരു പടി കൂടി reach കിട്ടുന്നത് കൊണ്ടാവാം…

ഇതിനിടയിൽ ഗീതാനന്ദൻ മാഷ് 15000 രൂപയുടെ രസീത് അയച്ചു തന്നു… പക്ഷേ അതിലെ തീയതി ക്യാമ്പ് തുടങ്ങിയ ദിവസങ്ങളിലേതായിരുന്നു…

ക്യാമ്പ് കഴിഞ്ഞ് നാല് മാസങ്ങൾക്ക് ശേഷം Risha രസീത് ആവശ്യപ്പെട്ടപ്പോഴാണ് ഞാനത് ചോദിച്ചതും മാഷ് അയച്ചു തന്നതും…

പൈസ കൊടുത്ത ഒന്നാം തീയതി എന്നത് മാഷിന് തെറ്റിപ്പോയതാണ്. അല്ലാതെ Risha യുടെ പതിനയ്യായിരം പറ്റിച്ചെടുക്കാൻ ഞാൻ മറ്റാരുടേയും കൈയ്യിന്ന് പൈസ വാങ്ങി കൊടുത്തതല്ല…

അട്ടപ്പാടിയിൽ കുട്ടികളേയും കൂട്ടി പോയിട്ടാണ് സാധനങ്ങൾ വാങ്ങി കൊടുത്തത്… അതിന്റെ പതിനായിരത്തിന്റെ ഒരു ബില്ലും Risha ക്ക് കൊടുത്തിരുന്നു.., ബാക്കി ബില്ലൊന്നും സൂക്ഷിക്കാൻ പറ്റിയിരുന്നില്ല…

സ്കൂൾ തുറന്നപ്പോൾ അട്ടപ്പാടിയിലെ വാടക വീട് ഒഴിവാക്കിയപ്പോഴോ വീണ്ടും വീടെടുത്ത് സാധനങ്ങളുമായി കോഴിക്കോട്ടേക്ക് പോയപ്പോഴോ ഒക്കെ അത് നഷ്ടപ്പെട്ടിട്ടുണ്ട്…

ഇതൊക്കെ അങ്ങനെ കൃത്യമായും സൂഷ്മമായും ചെയ്ത് പരിചയമില്ലാത്തത് കൊണ്ടും ആൾക്കാരെ പറ്റിക്കൽ നമ്മുടെ പണിയല്ലാത്തത് കൊണ്ടും പറ്റിയ വീഴ്ചകളാണ് ഇതൊക്കെ…

അല്ലെങ്കിൽ ഗീതാനന്ദൻ മാഷിന് കൊടുത്ത 15000 കഴിച്ച് 35000 രൂപയുടെ കള്ള ബില്ല് സംഘടിപ്പിക്കാൻ എന്തേലും പാടുണ്ടോ ഇവിടെ ആർക്കെങ്കിലും!

എന്റെ ഒരു മാസത്തെ ശമ്പളം അൻപതിനായിരത്തിനും മേലെയാണ്. പത്തു വർഷമായി ഗസറ്റഡ് പോസ്റ്റിൽ ജോലി ചെയ്യുന്ന അധ്യാപികയാണ്..എന്റെ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമറിയാം ഞാനെന്താ ചെയ്തുകൊണ്ടിരിക്കുന്നതെന്ന്…

അറിയാത്ത ഒരുപാട് കുഞ്ഞുങ്ങളെ പരസ്പരം കാണാതെ പഠിക്കാൻ സഹായിക്കുന്നുണ്ട്,എന്റെ ശമ്പളത്തീന്ന് പറ്റുന്ന പോലെ…

ഇക്കഴിഞ്ഞ പത്ത് വർഷത്തെ ഔദ്യോഗികജീവിതം പൂർത്തിയാവുമ്പോഴും ഒരു സെന്റ് ഭൂമിയോ കയറിക്കിടക്കാൻ ഒരു വീടോ വാഹനമോ ഒന്നും വാങ്ങാൻ സാധിച്ചിട്ടില്ല…

ഇപ്പോഴും വാടകക്കാണ് താമസം.. കുടുംബ പ്രാരാബ്ധങ്ങളും സൗഹൃദങ്ങളേയും ബന്ധങ്ങളേയും ആവശ്യഘട്ടത്തിൽ സഹായിക്കലും സാമൂഹിക ഉത്തരവാദിത്തങ്ങളും നേടിത്തന്നത് പത്തുലക്ഷം രൂപയുടെ കടമാണ്..ഒരു ബാങ്ക് അക്കൗ ണ്ടേയുള്ളൂ…

അതിൽ ഇന്നത്തെ ബാലൻസ് രണ്ടായിരം രൂപയാണ്…

Risha യുടെ പരാതി പരിഹരിക്കാൻ എറണാകുളം തേവര സ്റ്റേഷനിലെ എസ് ഐ യുടെ വിളിക്കായി കാത്തിരിക്കുകയാണ്… അല്ലാതെ ആരേയും പറ്റിച്ച് ജീവിച്ച് പരിചയം ഇല്ല.. ആത്മാഭിമാനം പണയം വെച്ച ജീവിതവും വേണ്ട… Risha Sreejith ജീവിതത്തിലെ ആദ്യത്തേയും അവസാനത്തേയും പാഠമായിരിക്കും…

Rishaക്ക് ബാങ്ക് ട്രാൻസ്ഫർ ചെയ്ത statement ഉം അയച്ചു കൊടുത്ത ബില്ലുകളും ഇതോടൊപ്പം ചേർത്തിട്ടുണ്ട്.. ഇരുപത്തിഅയ്യായിരം രൂപയുടെ കണക്കിനാണ് ലക്ഷങ്ങളുടെ തട്ടിപ്പ് എന്നൊക്കെ ജൻമഭൂമിയിൽ വാർത്ത കൊടുത്തിരിക്കുന്നത്..ഇനി അൻപതിനായിരം മുഴുവൻ തിരികെ വേണം എന്ന് പറഞ്ഞാലും അത് ലക്ഷങ്ങളാകുന്നതെങ്ങനെയെന്ന് മനസിലാകുന്നില്ല…

https://www.facebook.com/bindu.vasudev.5/posts/4357738937593433


ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913