Sun. Sep 20th, 2026

ഒന്നര വർഷം മുമ്പ് പിടികൂടിയ പെരുമ്പാമ്പിൻറെ വയറിൽനിന്നു മരപ്പട്ടിയെ ഞെക്കിപ്പിഴിഞ്ഞു പുറത്തെടുത്ത് പ്രദർശിപ്പിച്ച കേസിൽ വാവ സുരേഷിനെതിരെ നടപടിയെടുക്കുമെന്ന് വനം വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. സംഭവത്തിൽ പരാതി നൽകിയെങ്കിലും വനം വകുപ്പ് നടപടി എടുക്കത്തതിനാൽ അനിമൽ ലീഗൽ ഫോഴ്സ് ജനറൽ സെക്രട്ടറി ഏംഗൽസ് നായർ ഹൈക്കോടതിയിൽ നൽകിയ ഹർജിപരിഗണിക്കവെയാണ് വാവ സുരേഷിനെതിരെ നടപടിയെടുക്കുമെന്ന് വനം വകുപ്പ് വിശദീകരണം നൽകിയത്. ജസ്റ്റീസ് വി ജി അരുണിൻറെ ബഞ്ചാണ് ഹർജിയിൽ വാദം കേട്ടത്.

വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ടിട്ടുള്ള രണ്ടു പാമ്പുകളിൽ ഒന്നാണ് മലപാമ്പ് എന്നും പെരുമ്പാമ്പ് എന്നും വിളിക്കപ്പെടുന്ന python. ഇവയെ പിടിക്കുകയോ ദ്രോഹിക്കുകയോ കൊല്ലുകയോ ചെയ്താൽ 7 വർഷം വരെ ജാമ്യം ഇല്ലാ വകുപ്പുകൾ പ്രകാരം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

2019 ഒക്ടോബറിൽ കൊല്ലം ആയൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മരപ്പട്ടിയെ വിഴുങ്ങിയ ഒരു പെരുമ്പാമ്പിനെ വാവ സുരേഷ് പിടികൂടുകയായിരുന്നു. ഇതിൻറെ വയറ്റിൽനിന്നു മരപ്പട്ടിയെ ഞെക്കിപ്പിഴിഞ്ഞു പുറത്തെടുത്ത് അത് വീഡിയോ പിടിച്ച് സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.വാവ സുരേഷ് ഇത്തരത്തിൽ നിരവധി പാമ്പുകളെ പീഡിപ്പിക്കുന്ന വീഡിയോകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. അവയെല്ലാം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

വാവ സുരേഷിന് പാമ്പു പിടിക്കാനും പ്രദർശനം നടത്താനും വനംവകുപ്പ് അനുവാദം നൽകിയിട്ടില്ല. ഇയ്യാൾ നടത്തുന്ന ക്രൂരതകൾക്കെതിരെ നടപടി എടുക്കാത്തതാണ് കോഴിക്കോട് വേളൂരിൽ വീണ്ടും പെരുമ്പാമ്പിനെ ഞെക്കി പിഴിഞ്ഞു ഒരു കുറുക്കനെ പുറത്തു ചാടിക്കാൻ കാരണം ആയതെന്നും ഏംഗൽസ് നായർ കോടതിയിൽ പറഞ്ഞു.

പരിണാമ പ്രക്രിയയിൽ നടന്ന ഒരു ചെറിയ പിഴവാണ് പെരുമ്പാമ്പ് വംശനാശഭീഷണി നേരിടാനുള്ള പ്രധാന കാരണം എന്ന് ഏംഗൽസ് കോടതിയെ അറിയിച്ചു. അവക്ക് വിഷമില്ല എന്നു മാത്രമല്ല വേഗത്തിൽ ഇഴഞ്ഞു നീങ്ങാനോ മനുഷ്യനെ പെട്ടെന്ന് ആക്രമിക്കണോ കഴിയില്ല. അതുകൊണ്ടുതന്നെ പെരുമ്പാമ്പിനെ കണ്ടാൽ ചവിട്ടിയും ഞെക്കിപിഴിഞ്ഞും അത് വിഴുങ്ങിയിരിക്കുന്ന ഇരയെ പുറത്തെടുക്കുന്ന ക്രൂരവിനോദം ധീരത കാണിക്കാനും കയ്യടി വാങ്ങാനും അശാസ്ത്രീയമായി പാമ്പുകളെ കൈകാര്യം ചെയ്യുന്നവർ പ്രദര്ശിപ്പിക്കാറുണ്ട് എന്ന് ഏംഗൽസ് കോടതിയെ ധരിപ്പിച്ചു. കേസ് അഭിഭാഷകരില്ലാതെ ഏംഗൽസ് നായർ തനിയെ വാദിക്കുകയായിരുന്നു.


ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913