✍️ ലിബി.സി.എസ്
ഇടതുപക്ഷ ഭരണകൂടമെന്നവകാശപ്പെടുന്ന എൽഡിഎഫ് സർക്കാർ സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണങ്ങളെ ചെറുക്കാനെന്ന പേരിൽ വിമർശനങ്ങളുടെ വായടപ്പിക്കുന്ന കരിനിയമങ്ങൾ ഉണ്ടാകുന്നതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കേണ്ടിയിരിക്കുന്നു. പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകാൻ ശ്രമിച്ച പ്രത്യേകതരം ഇടതുപക്ഷമായതിനാൽ ഇതിലൊന്നും അതിശയിക്കേണ്ടതില്ല! അതോ ഇപ്പോഴത്തെ ഒരു രീതിശാസ്ത്രമനുസരിച്ച് ആർക്കും ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായി തോന്നുന്നില്ലേ? 2015ൽ സുപ്രിം കോടതി ഭരണഘടനാവിരുദ്ധമെന്നു വിധിച്ച് റദ്ദാക്കിയ വകുപ്പാണ് പുതിയ ഓർഡിനൻസായി അവതരിപ്പിക്കാൻ 21.10.2020 നു ചേർന്ന LDF മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്.
2011 യുഡിഎഫ് സർക്കാർ പാസാക്കിയ പിന്നീട് ഭരണഘടനാവിരുദ്ധമായിക്കണ്ട് സുപ്രീംകോടതി റദ്ദുചെയ്ത കേരള പോലീസ് ആക്ട്, സെക്ഷൻ 118(d). ഏതെങ്കിലുമൊരാൾ സാമൂഹ്യമാധ്യമങ്ങളിലൂടെ മോശമായരീതിയിൽ മറ്റൊരാളെ അധിക്ഷേപിച്ചെന്ന് തോന്നിയാൽ അയാൾക്കെതിരെ കേസെടുക്കാനും 3 വർഷവും 10000 രൂപ പിഴയും വരെ ശിക്ഷ ലഭിക്കാനും പോലീസിന് അധികാരം നൽകുന്ന വകുപ്പ് അഞ്ചുവർഷവും 10000 രൂപയുമായി ഭേദഗതിചെയ്ത് ഓർഡിനൻസ് ഇറക്കാൻ മുതിരുമ്പോൾ ഈ ഇടതും വലതും വേർതിരിയുന്നത് എവിടെയാണ്?
Invalidated Section 118(d) says “any person who cause annoyance to any person in an indecent manner by statements or verbal or comments or telephone calls or calls of any type or by chasing or sending messages or mails by any means shall, on conviction be punishable with imprisonment for a term which may extend to three years or with fine not exceeding ten thousand rupees or with both”
Proposed Section 118 (A) in Kerala Police Act, says, “anyone who produces content, publishes or propagates it through any means of communication with an intention to threaten, insult or harm the reputation of an individual will be punished with an imprisonment of five years or a fine of Rs 10,000 or with both”.
118(d). ഇന്ത്യൻ ഭരണഘടനയുടെ മൗലികാവകാശമായ വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്രത്തിന് (Article 19 (1) (a) വിരുദ്ധമായതിനാൽ 2015 മാർച്ച് 24 ന് സുപ്രിം കോടതിയുടെ ഡിവിഷൻ ബഞ്ച് ഈ വകുപ്പ് റദ്ദുചെയ്യുകയായിരുന്നു.

പൊലീസ് ആക്ടിലെ 118-ാം വകുപ്പിൽ പുതുതായി ഉൾക്കൊള്ളിക്കാൻ പോകുന്ന ഉപവകുപ്പ് പ്രത്യക്ഷത്തിൽ സൈബർ ആക്രമണങ്ങളെ കൈകാര്യം ചെയ്യാനുദ്ദേശിച്ചുകൊണ്ടുള്ളതാണെന്നാണ് സർക്കാർ ഭാഷ്യമെങ്കിലും യാഥാർഥ്യം അതല്ലെന്ന് വ്യക്തം. ഏതു മാദ്ധ്യമവും മാധ്യമപ്രവർത്തകനും നിയമത്തിന് ഇരയാകാം. ഒരുവിധപ്പെട്ട ഒരു വാർത്തയും പ്രസിദ്ധീകരിക്കാനാവാത്ത സ്ഥിതിവിശേഷം ഉണ്ടാകും. പത്രമാസികകളും ടെലിവിഷനുമൊക്കെ അവയിലെ വിവാദ ഉള്ളടക്കത്തിന്റെ പേരിൽ ശിക്ഷിക്കപ്പെടാം. ഏതെങ്കിലുമൊരാൾ പൊലീസിൽ നൽ കുന്ന ഒരു പരാതി മാത്രം മതിയാകും കേസെടുക്കാൻ. പരാതിയില്ലെങ്കിലും പൊലീസിന് suo motu ആയി കേസെടുക്കാം.
സൈബർ ലോകം മാത്രമല്ല പത്രങ്ങളും ടിവി ചാനലുകളും ഉൾപ്പെടെ ഏതു മാദ്ധ്യമവും കേസിൽ കുടുങ്ങാം . അവയിലെ ഉള്ളടക്കങ്ങളുടെ പേരിൽ ആർക്കും കേസിനു പോകാമെന്നു വന്നാൽ പത്രഉടമകൾക്ക് കോടതിയിൽ നിന്നിറങ്ങാൻ നേരം കാണില്ല. വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയുക എന്നതു മാത്രമാണു ലക്ഷ്യമെങ്കിൽ നിയമത്തിൽ അക്കാര്യം വ്യക്തവും സ്പഷ്ടവുമായി വ്യവച്ഛേദിക്കാമായിരുന്നു. എന്നിരിക്കെ ’ഏതെങ്കിലും ഉപാധികളിലൂടെ” എന്ന വിവക്ഷയിലൂടെ കേരളത്തിലെ എല്ലാത്തരം മാദ്ധ്യമങ്ങൾക്കും നിയമം ബാധകമാകാൻ പോവുകയാണ്. അത് യാദൃശ്ചീകമല്ല.

രാഷ്ട്രീയ രംഗത്തും സർക്കാർ തലത്തിലും നടക്കുന്ന അഴിമതികളും ആരോപണ പ്രത്യാരോപണങ്ങളും വാർത്തയാക്കിയാലും നേതാക്കന്മാരെ അപകീർത്തിപ്പെടുത്തി എന്നപേരിൽ പുതിയ നിയമത്തിന്റെ പരിധിയിൽ പെടുത്തി കേസെടുക്കാം. ഒരു വ്യക്തിയുടെ യശസ്സിനെയും അന്തസിനെയും സ്വഭാവത്തെയും കളങ്കപ്പെടുത്തുന്ന ഏതു ഉള്ളടക്കവും ശിക്ഷാർഹമായ കുറ്റമായി കണ്ട് കേസെടുത്ത് ശിക്ഷിക്കാനാകും.
അപകീർത്തി കേസുകൾക്ക് പരാതിക്കാർ നിർബന്ധമായും വേണമെന്നുള്ളപ്പോൾ പുതിയ പൊലീസ് ആക്റ്റ് പ്രകാരം ആരു നൽകുന്ന പരാതി വച്ചും കേസെടുക്കാനാകും. മാദ്ധ്യമങ്ങളിലെ വിവാദ ഉള്ളടക്കങ്ങളുടെ വിവര ശേഖരണത്തിന് നേരത്തെ പൊലീസിൽ പ്രത്യേക വിഭാഗം രൂപീകരിക്കാൻ ശ്രമം നടന്നതാണ് ഈ നീക്കത്തിനെതിരെ മാദ്ധ്യമങ്ങളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും വലിയ പ്രതിഷേധവും ഉയർന്നു വന്നിരുന്നു. സൈബർ ആക്രമണങ്ങളുടെ പേരിൽ പരോക്ഷമായി മാദ്ധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന ഏതു നടപടിയും പൊതുജങ്ങൾക്കോ സൈബർ ആക്രമങ്ങൾക്ക് ഇരകളായിക്കൊണ്ടിരിക്കുന്ന സ്ത്രീകൾക്ക് പോലുമോ വിപരീതഫലമേ സൃഷ്ടിക്കൂ.

സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നവരെ നിലയ്ക്കുനിറുത്താൻ നിയമില്ല എന്നത് വെറും ഉഡായിപ്പാണ്. ഇപ്പോൾ തന്നെ ഐടി ആക്ടിൽ ശക്തമായ നിയമമുണ്ട്. കേരളത്തിൽ മാത്രം ബാധകമായ ഒരു നിയമം നിർമ്മിച്ച് സൈബർ ആക്രമങ്ങൾക്ക് തടയിടാം എന്ന് വിചാരിക്കുന്നതിലെ ഉദ്ദേശശുദ്ധി ഊഹിച്ചുകൂടെ? ഇത് ഒരിക്കലും സൈബർ ആക്രമങ്ങളെ നേരിടാനല്ല. കേരളത്തിലെ മാധ്യമങ്ങളുടെ വായടപ്പിക്കാനാണ് എന്ന് സ്പഷ്ടം.
സൈബർ ആക്രമണവുമായി ബന്ധപ്പെട്ടു ലഭിക്കുന്ന പരാതികളിൽ പലതിലും യഥാസമയം നടപടി ഉണ്ടാകുന്നില്ലെന്നതാണ് പ്രശ്നം. സൈബർ നിയമങ്ങൾ ദുര്ബലമായതുകൊണ്ടാണെന്ന് പോലീസ് പ്രചരിപ്പിക്കുന്ന കള്ളം ജനങ്ങൾ വിശ്വസിക്കുന്നതിന്റെ പ്രധാന കാരണം പരാതി നൽകിയവർക്കുണ്ടാകുന്ന അനുഭവങ്ങളാണ്. കമ്പികഥ വിജയൻ നായരെ പോലും സ്ത്രീകൾ നേരിട്ട് കൈകാര്യം ചെയ്യേണ്ടിവന്നത് പൊലീസിന്റെ നിഷ്ക്രിയതയിൽ സഹികെട്ടാണ്.സ്ത്രീകൾ നിയമം കയ്യിലെടുക്കുകയും വർത്തയാകുകയും ചെയ്തപ്പോൾ പ്രതി ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റിലായതും അകത്തുകിടന്നതും നിയമമില്ലാഞ്ഞിട്ടായിരുന്നോ? അതോ അപ്പോൾ പെട്ടന്നു വിജയൻ നായർക്ക് വേണ്ടിമാത്രം ചുട്ടെടുത്ത നിയമമാണോ അത് ?

സൈബർ പൊലീസിൽ സാങ്കേതികപരിജ്ഞാനമുള്ളവരെ ഉൾപ്പെടുത്തി കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് പകരം വേണ്ട കാര്യങ്ങളൊന്നും ചെയ്യാതെ എല്ലാ അർത്ഥത്തിലും വീഴ്ചപറ്റൽ വകുപ്പായി മാറിക്കഴിഞ്ഞ പോലീസിനെ ഇത്തരത്തിൽത്തന്നെ നിലനിർത്തിക്കൊണ്ട് നിയമം മാത്രം കൊണ്ടുവന്നാൽ സൈബർ അതിക്രമങ്ങൾ ഫലപ്രദമായി നിയന്ത്രിക്കാനാവുമോ? ആരാണാവോ ഇതിൻറെയൊക്കെ ഉപദേശി? നാലു മണിക്കൂറിനുള്ളിൽ UAPA വരെ ചുട്ടെടുത്ത ശ്രീവാസ്തവയോ ബെഹ്റയോ?
നിയമ പാലനത്തിൻറെ പേരിൽ പാവപ്പെട്ട ആളുക ളെ ഉപദ്രവിക്കാൻ യാതോരു മടിയുമില്ലാത്ത പൊലീസിന് അധികമായി ലഭിക്കുന്ന അധികാരം എത്തരത്തിലായിരിക്കും പ്രയോഗിക്കുക എന്ന് വ്യക്തമല്ലേ.മാറിമാറി വരുന്ന ഭരണകാലത്ത് യജമാന പ്രീതിക്കായി നിയമത്തിനതീതമായി എന്തു ചെയ്യാനും മടികാട്ടാത്ത പോലീസ് ഇനി 118 (എ) എന്ന ചന്ദ്രഹാസം പണ്ടേ തങ്ങൾക്ക് ഇഷ്ടമല്ലാത്ത മാധ്യമ പ്രവർത്തകർക്കുനേരെയും ഇളക്കുന്ന നമ്പർ വൺ കേരളത്തിനായി നമുക്ക് കാത്തിരിക്കാം.

സൈബർ ലോകത്തെ അതിക്രമങ്ങളെ നേരിടാൻ നിലവിലുള്ള നിയമം തന്നെ പര്യാപ്തമാണെന്നിരിക്കെ കേരളത്തിലെ മാദ്ധ്യമങ്ങളെ ഒന്നടങ്കം ടാർജറ്റ് ചെയ്തുകൊണ്ടുള്ള പുതിയ ഭേദഗതിയുടെ ഉദ്ദേശത്തെ സംശയത്തോടെയല്ലാതെ കാണാനാവില്ല.
ഇത് സുപ്രീംകോടതി റദ്ദ് ചെയ്ത IT Act 66A യേക്കാൾ ഭീകരമായ കേരളത്തിലുള്ളവർക്ക് മാത്രം ബാധകമായ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ പോലീസിൻറെ അധികാര ദുർവിനിയോഗത്തിനുള്ള അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഒരു നിയമം മാത്രമാണ്.