Fri. Mar 29th, 2024

കൊവിഡുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി ഹര്‍ഷ് വര്‍ധന്‍ നടത്തിയ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മന്ത്രിയുടെ പരാമര്‍ങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. കൊവിഡ് പ്രതിരോധത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ല. രാജ്യം ഒറ്റക്കെട്ടായി പോകേണ്ട സമയത്ത് ഇത്തരം വിമര്‍ശനം ഉയര്‍ത്തുന്നത് ശരിയല്ലെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ രാഹുല്‍ പറഞ്ഞു. വയനാട്ടിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ട്. കേരളത്തിലെ ജനങ്ങള്‍ കാണിക്കുന്ന സ്പിരിറ്റ് അഭിനന്ദനാര്‍ഹമാണ്. കൊവിഡ് അവലോകന യോഗങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് ആവശ്യവും രാഹുല്‍ മുന്നോട്ടുവച്ചു.

കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് നേതാവ് നടത്തിയത്. ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ ഭരണം രാജ്യത്തെ സമസ്ത മേഖലകളെയും തകര്‍ത്തിരിക്കുകയാണ്. ചൈന രാജ്യത്തിന്റെ അതിര്‍ത്തി കൈയേറുന്ന നിലയിലേക്കു പോയിട്ടും ചൈനക്കെതിരെ എന്തെങ്കിലും പറയാന്‍ പ്രധാന മന്ത്രി തയാറായിട്ടില്ല. ചൈന പിടിച്ചെടുത്ത 1200 കിലോമീറ്റര്‍ എപ്പോള്‍ തിരിച്ചുപിടിക്കുമെന്നെങ്കിലും പ്രധാനമന്ത്രി പറഞ്ഞാല്‍ മതിയായിരുന്നു. അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് പ്രധാന മന്ത്രിയുടെ വ്യക്തിതാത്പര്യങ്ങള്‍ക്ക് വേണ്ടിയാകരുതെന്നും രാഹുല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തിന് തന്നെ എതിരാണ്.

വയനാട്ടിലെ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഒഴിവാക്കിയതില്‍ പരാതിയില്ല. സ്വര്‍ണക്കടത്ത് കേസില്‍ എന്‍ ഐ എ അന്വേഷണം നടക്കട്ടെ. നീതിപൂര്‍വമായ അന്വേഷണത്തിലൂടെ സത്യം പുറത്തു വരട്ടെ. കേരള സര്‍ക്കാറുമായുള്ള അഭിപ്രായ വ്യത്യാസമുള്ളത് ആശയപരമായി മാത്രമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.